Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്റര്‍നാഷനല്‍...

ഇന്റര്‍നാഷനല്‍ അത്‌ലറ്റിക് ഫെഡറേഷൻ ഫോട്ടോഗ്രഫി പുരസ്കാരം; അന്തിമ പട്ടികയിൽ മലയാളിയുടെ ചിത്രവും

text_fields
bookmark_border
International Athletic Federation Photography Award
cancel
camera_alt

ഐ.​എ.​എ.​എ​ഫ് 2022ലെ ​വേ​ള്‍ഡ് അ​ത്‌​ല​റ്റി​ക്‌​സ് ഫോ​ട്ടോ​ഗ്രാ​ഫ് ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ന്റെ അ​ന്തി​മ ഷോ​ർ​ട്‍ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യ ചി​ത്രം

ദോഹ: 2022 ൽ ലോകത്തെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച അത്‍ലറ്റിക് ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മലയാളി ഫോട്ടോഗ്രാഫറുടെ ഫോട്ടോയും. ഖത്തറിലെ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫറായ കൊല്ലം പട്ടാഴി സ്വദേശി വിനോദ് ദിവാകരന്‍ എടുത്ത ചിത്രമാണ് ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) 2022ലെ വേള്‍ഡ് അത്‌ലറ്റിക്‌സ് ഫോട്ടോഗ്രാഫ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള മത്സരത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഉൾപ്പെട്ടത്. പട്ടികയില്‍ ഇടം നേടിയവരിൽ ഏക ഇന്ത്യന്‍ ഫോട്ടോഗ്രാഫറാണ് വിനോദ്.

ആറു വൻകരകളിൽനിന്നായി 33 രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ 110 ചിത്രങ്ങളില്‍നിന്നായിരുന്നു തിരഞ്ഞെടുപ്പ്. വിനോദ് എടുത്ത ചിത്രമുള്‍പ്പെടെ 26 എണ്ണമാണ് അന്തിമ ഷോർട്‍ലിസ്റ്റിൽ ഇടം നേടിയത്. ഇതിൽനിന്ന് മൂന്നു ഫോട്ടോകൾ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവസാന ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 26 ചിത്രങ്ങളുടെ ഡിജിറ്റല്‍ പ്രദര്‍ശനത്തില്‍ അഞ്ചാമതായാണ് വിനോദ് എടുത്ത ചിത്രം ഐ.എ.എ.എഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദോഹയില്‍ നടന്ന ദോഹ ഡയമണ്ട് ലീഗ് അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ എടുത്ത ഫോട്ടോയാണ് ലിസ്റ്റിൽ ഇടംപിടിച്ചത്. ഹൈജംപില്‍ സ്വര്‍ണം നേടിയ കൊറിയയുടെ വൂ സങ് ഹയാക്കിന്റെ ആഹ്ലാദപ്രകടനത്തിന്റെ ചിത്രമായിരുന്നു ഇത്. സുവർണനേട്ടത്തിലേക്കുള്ള ഫിനിഷിങ്ങിന്റെ ആഹ്ലാദം വൂ സങ് ഹയാക്ക് അന്തരീക്ഷത്തിൽ മലക്കം മറിഞ്ഞ് പ്രകടിപ്പിച്ചപ്പോൾ വിനോദിന്റെ കാമറ തൽക്ഷണം ആ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

വി​നോ​ദ് ദി​വാ​ക​ര​ന്‍

രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷന്റെ കീഴില്‍ ഒരു വര്‍ഷത്തിൽ നടക്കുന്ന കായിക മത്സരങ്ങൾക്കിടെ പകർത്തിയ ഒരു ചിത്രം മാത്രമാണ് ലോക അത്‌ലറ്റിക്‌സ് ഫോട്ടോഗ്രാഫ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള മത്സരത്തിലേക്ക് അയക്കാന്‍ കഴിയുക. രാജ്യാന്തര അത്‍ലറ്റിക് മേളകളിൽ പിറ്റിനരികെയെത്തി ചിത്രം പകർത്താൻ വളരെ കുറഞ്ഞ സമയം മാത്രമാണ് ഊഴമിട്ട് അനുവദിക്കാറ്. അത്തരമൊരു നിമിഷത്തിലാണ് ഹയാക്ക് നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ചിത്രം ലഭിച്ചത്. ലോക അത്‍ലറ്റിക് സംഘടനയുടെ അന്തിമ ചുരുക്കപ്പട്ടികയില്‍ തന്റെ ചിത്രവും ഉൾപ്പെട്ടത് അഭിമാനകരമായ നേട്ടമായി കരുതുന്നുവെന്ന് വിനോദ് പറഞ്ഞു.

രണ്ടു പതിറ്റാണ്ടായി ഫോട്ടോ ജേണലിസ്റ്റായി പ്രവര്‍ത്തിക്കുന്ന വിനോദ് 10 വര്‍ഷമായി ഖത്തറിൽ പ്രവാസിയാണ്. ദോഹയിലെ ആദ്യ സ്‌പോര്‍ട്‌സ് മാഗസിനായിരുന്ന ദോഹ സ്‌റ്റേഡിയം പ്ലസില്‍ ഫോട്ടോഗ്രാഫറായാണ് ഖത്തറിലെത്തിയത്. പിന്നീട് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ കീഴിൽ വിശ്വമേളയുമായി ബന്ധപ്പെട്ട വാർത്തകളുടെ കവറേജിനായുള്ള സമൂഹമാധ്യമ ചാനലായ ഇന്‍സൈഡ് ഖത്തറിന്റെ ഫോട്ടോഗ്രാഫറായിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പിൽ നിരവധി മത്സരങ്ങളാണ് വിനോദ് കവർ ചെയ്തത്. ഖത്തറിലെ പ്രധാന കായിക ഇവന്റുകൾ മുഴുവൻ കഴിഞ്ഞ പത്തുവർഷത്തിനിടെ കാമറയിൽ പകർത്തി.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ വാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ വിനോദിന്റെ ചിത്രങ്ങള്‍ക്ക് രണ്ടുതവണ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കത്താണ് താമസം. ഭാര്യ: ലക്‌സി. മക്കളായ വിഹാനും വിപഞ്ചികയും വെള്ളൂര്‍ ഭാവന്‍സ് ന്യൂസ്പ്രിന്റ് സ്കൂളിലെ വിദ്യാർഥികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - International Athletic Federation Photography Award; Malayalee's photo in the final list
Next Story