അന്താരാഷ്ട്ര അറബിക് കാലിഗ്രഫി മത്സരം; അഖ്ലാഖ് അവാർഡിന്റെ ഫൈനൽ സെപ്റ്റംബർ ഒന്നുമുതൽ
text_fieldsദോഹ: അന്താരാഷ്ട്ര അറബിക് കാലിഗ്രഫി മത്സരം- അഖ്ലാഖ് അവാർഡിന്റെ ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ നടക്കുമെന്ന് സാംസ്കാരിക മന്ത്രാലയം. കലകളിലൂടെ ഉദാത്തമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക സ്വത്വത്തിന്റെയും പൈതൃകത്തിന്റെയും പ്രധാന ഘടകങ്ങളിലൊന്നായി അറബിക് കാലിഗ്രഫിയെ ഉയർത്തിക്കാട്ടാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സെപ്റ്റംബർ ഒമ്പതിന് മന്ത്രാലയത്തിന്റെ പുതിയ ആസ്ഥാനത്ത് നടക്കുന്ന സമാപന ചടങ്ങിൽ സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും. അറബിക് കാലിഗ്രഫിയുടെ കല-സൗന്ദര്യ ബോധവും മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ അതിന്റെ പങ്കിനെയും ഉയർത്തിക്കാട്ടുന്ന സാംസ്കാരിക പരിപാടികൾ ഇതോടനുബന്ധിച്ച സംഘടിപ്പിക്കും. ഖത്തറിൽ നിന്നും വിദേശത്തുനിന്നുമുള്ള വിദഗ്ധർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.
സെപ്റ്റംബർ നാലിന് ഖത്തറിലെ അനുഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള അറബിക് കാലിഗ്രഫിയെക്കുറിച്ചുള്ള ഒരു സിമ്പോസിയത്തിലൂടെയാണ് പരിപാടി ആരംഭിക്കുക. എഴുത്തുകാരനും കാലിഗ്രഫി ആർട്ടിസ്റ്റുമായ ഇബ്രാഹീം ഫഖ്റു, കാലിഗ്രഫി ആർട്ടിസ്റ്റ് അബ്ദുല്ല ഫഖ്റു എന്നിവർ പങ്കെടുക്കും. ഖുലൂദ് അൽ കുവാരി ആണ് മോഡറേറ്റർ. സെപ്റ്റംബർ അഞ്ചിന് അറബിക് കാലിഗ്രഫിയും മാനുഷിക, സൗന്ദര്യ മൂല്യങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയത്തിൽ അറബിക് കാലിഗ്രഫി അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. യൂസുഫ് ശലാർ, ഈജിപ്ഷ്യൻ കാലിഗ്രഫി ആർട്ടിസ്റ്റ് അബ്ദുസ്സലാം അൽ ബസ്യൂനി, ഗവേഷകൻ ഡോ. അലി അഫിഫി എന്നിവർ പങ്കെടുക്കും.
സെപ്റ്റംബർ ആറിന് നടക്കുന്ന സിമ്പോസിയത്തിൽ കുവൈത്തിൽനിന്നുള്ള ജാസിം മറാജ്, കാലിഗ്രഫി ആർട്ടിസ്റ്റ് ഹമീദ് അൽ സാദി എന്നിവർ പങ്കെടുക്കും. കാലിഗ്രഫി -വിഷ്വൽ ആർട്ടിസ്റ്റായ ഫാത്തിമ അൽ ശർശാനി മോഡറേറ്ററായിരിക്കും. സെപ്റ്റംബർ ഏഴിന് ജ്യോമിട്രി ഓഫ് അറബിക് കാലിഗ്രഫി; ആധുനിക സാങ്കേതിക വിദ്യയും എന്ന സിമ്പോസിയത്തോടെ പരിപാടികൾ സമാപിക്കും. എൻജിനീയറും വിഷ്വൽ ആർട്ടിസ്റ്റുമായ മുഹമ്മദ് അലി അബൽ, പ്രഫസർ ഹമീദി ബലൈദ്, വിഷ്വൽ ആർട്ടിസ്റ്റ് സാലിഹ് അൽ ഉബൈദിലി എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

