ഇന്റർ ഇന്ത്യൻ സ്കൂൾ പെയിന്റിങ് : ഐഡിയൽ, ശാന്തിനികേതൻ ജേതാക്കൾ
text_fieldsഫ്രണ്ട്സ് ഓഫ് തൃശൂരും ഖത്തർ ഇന്ത്യൻ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പത്താമത് ഇന്റർ ഇന്ത്യൻ സ്കൂൾ പെയിന്റിങ് മത്സരത്തിൽനിന്ന്
ദോഹ: ഫ്രണ്ട്സ് ഓഫ് തൃശൂരും ഖത്തർ ഇന്ത്യൻ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പത്താമത് ഇന്റർ ഇന്ത്യൻ സ്കൂൾ പെയിന്റിങ് മത്സരത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂളിനും ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിനും പുരസ്കാരം.
ഫിഫ ലോകകപ്പ് ഫുട്ബാൾ പ്രമേയമാക്കിയാണ് ഈ വർഷത്തെ മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. മത്സരത്തിൽ ഏറെ വാശിയോടെ ഏറ്റവും കൂടുതൽ മത്സരാർഥികളെ പങ്കെടുപ്പിച്ചതിനുള്ള രാജ രവിവർമ സ്മാരക പുരസ്കാരത്തിന് ഐഡിയൽ ഇന്ത്യൻ സ്കൂൾ അർഹരായി. ഡി.പി.എസ് മൊണാർക് സ്കൂൾ രണ്ടാമതെത്തി.
മത്സരാർഥികളിൽനിന്ന് ഏറ്റവും കൂടുതൽ പോയന്റുകൾ നേടുന്ന വിദ്യാലയത്തിനുള്ള എം.എഫ്. ഹുസ്സൈൻ മെമ്മോറിയൽ ട്രോഫി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ സ്വന്തമാക്കി. ഖത്തറിലെ 12 ഇന്ത്യൻ വിദ്യാലയങ്ങളിൽ നിന്നായി 2000 ലേറെ കുരുന്നുകൾ മാറ്റുരച്ച മത്സരം നാല് വിഭാഗങ്ങളിലാണ് സംഘടിപ്പിച്ചത്. ഫിഫ ലോക കപ്പിന്റെ പശ്ചാത്തലത്തിൽ ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളായിരുന്നു ഈ വർഷത്തെ മത്സരത്തിൽ നൽകിയിരുന്നത്. നാല് വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരെ ഖിയ ഫുട്ബാൾ മത്സരത്തിന്റെ ഫൈനൽ വേദിയിൽ ഫ്രോഫികൾ നൽകി ആദരിച്ചു.
ചിത്രരചനയിൽ പ്രാഗല്ഭ്യം പ്രകടമാക്കിയ വിഷ്ണുദേവ് സുരേഷ് സ്പെഷൽ ജൂറി പുരസ്കാരത്തിന് ഉടമയായി. ഫ്രണ്ട്സ് ഓഫ് തൃശൂർ പ്രസിഡന്റ് സി. താജുദ്ധീൻ, വൈസ് പ്രസിഡന്റ് ജൈനസ്, ജനറൽ സെക്രട്ടറി ശ്രീജിത്ത് പത്മജൻ, ട്രഷറർ വി.ടി. മൺസൂർ, വനിതാ നേതാക്കളായ വിജിത വിജയകുമാർ, ടീന ശ്രീജിത്, ഹസീന ഹബീബ്, ചന്ദ്രിക എന്നിവരുടെ നേതൃത്വത്തിൽ 65 അംഗ വളന്റിയർ വിഭാഗമാണ് മത്സരങ്ങൾക്ക് നേതൃത്വം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

