വാഹന വർക്ഷോപ്പുകളിൽ പരിശോധന കാമ്പയിൻ തുടങ്ങി
text_fieldsവാഹന വർക്ഷോപ്പുകളിൽ പരിശോധന കാമ്പയിനിൽ നിന്ന്
ദോഹ: രാജ്യത്തെ എല്ലാ നഗരസഭകളിലെയും ഓട്ടോമൊബൈൽ വർക്ഷോപ്പുകളിൽ പരിശോധന നടത്തുന്നതിനുള്ള രാജ്യവ്യാപക കാമ്പയിന് തുടക്കം. വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും സംയുക്തമായാണ് ഒരു മാസം നീളുന്ന പരിശോധനക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
വർക്ഷോപ്പുകളിലെ ശുചിത്വം, കെട്ടിട നിയമലംഘനങ്ങൾ, വാണിജ്യ പ്രവർത്തനങ്ങളിലെ നിയമലംഘനം, അനുമതി നൽകിയ ഷോപ്പുകൾക്കു പുറത്ത് അനധികൃതമായി വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിൻെറ മനോഹാരിതയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായും പൊതു സൗന്ദര്യത്തെ തകർക്കുന്ന നിയമലംഘനങ്ങൾ കുറക്കുന്നതിൻെറയും നിയമനിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിൻെറയും ഭാഗമായാണ് പരിശോധന.
കാമ്പയിൻെറ ആദ്യദിനത്തിൽ ദആയിൻ മുനിസിപ്പാലിറ്റിക്കു കീഴിലെ വർക്ഷോപ്പുകളിലും കാർ അറ്റകുറ്റപ്പണി ഷോപ്പുകളിലും അധികൃതർ പരിശോധന നടത്തി. പൊതുശുചിത്വ നിയമം ലംഘിച്ചതിനും വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 2015ലെ അഞ്ചാം നമ്പർ നിയമം ലംഘിച്ചതിനുമായി 16 നിയമലംഘനങ്ങളാണ് പിടികൂടിയത്. ഉംസലാൽ മുനിസിപ്പാലിറ്റിയിൽ 35 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.