ഗിന്നസിൽ ഇടംനേടി ‘ഇൻഫ്ലാറ്റ റൺ ദോഹ’
text_fieldsഎജുക്കേഷൻ സിറ്റിയിൽ ആരംഭിച്ച ഇൻഫ്ലാറ്റ റൺ
ദോഹ: കുട്ടികളുടെ വിനോദങ്ങൾക്ക് കൂടുതൽ പുതുമയുമായി ആരംഭിച്ച ‘ഇൻഫ്ലാറ്റ റൺ ദോഹ 2023’ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. കാറ്റുനിറച്ച കളിയുപകരണങ്ങൾ നീണ്ടു കിടക്കുന്ന ‘ഇൻഫ്ലാറ്റ ഒബ്സ്റ്റക്ൾസ് കോഴ്സി’ലെ നീളം കൂടിയതായി ഇനി ഖത്തറിലെ ഇൻഫ്ലാറ്റ റൺ അറിയപ്പെടും. ഏജുക്കേഷൻ സിറ്റിയിലെ ഖത്തർ ഫൗണ്ടേഷനിൽ ആരംഭിച്ച ഇൻഫ്ലാറ്റ റണ്ണിലെ ഒരു കിലോമീറ്ററോളം നീളത്തിലുള്ള ഈ കളിയുപകരണമാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചത്.
സാഹസികമായും തമാശയോടെയും കടന്നുപോകാവുന്ന 60 സെക്ഷനുകളായി തിരിച്ചാണ് ഇൻഫ്ലാറ്റബ്ൾ ഒബ്സ്റ്റക്ൾ 1055. 225 മീറ്റർ നീളത്തിൽ നിർമിച്ചത്. സ്കോട്ലൻഡിലെ കോണിഫോക്സ് അഡ്വഞ്ചർ പാർക്കിലെ 568.10 മീറ്റർ നീളമുള്ള ഇൻഫ്ലാറ്റബ്ൾ ഒബ്സ്റ്റക്കിളിന്റെ റെക്കോഡാണ് ഖത്തർ തകർത്തത്. നിലവിയുള്ളതിനേകാൾ ഏതാണ്ട് ഇരട്ടിയോളം നീളത്തിലാണ് ഈ കളിയിടം സജ്ജീകരിച്ചത്.
കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാനാവുന്ന രൂപത്തിലാണ് ഇവന്റ് ആൻഡ് എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് (ഇ ത്രീ) ഇൻഫ്ലാറ്റ റൺ ആരംഭിച്ചത്. മാർച്ച് ഒമ്പതിന് ആരംഭിച്ച ഇൻഫ്ലാറ്റ റൺ 18 വരെ നീണ്ടുനിൽക്കും. ഇതിനിടയിൽ വിവിധ വിനോദപരിപാടികളാണ് സജ്ജീകരിച്ചത്. ഗിന്നസ് ബുക്ക്സ് ഓഫ് റെക്കോഡ്സ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ലോകത്തെ നീളംകൂടിയ ഇൻഫ്ലാറ്റബ്ൾ ഒബ്സ്റ്റക്ൾ എന്ന റെക്കോഡ് സ്വന്തം പേരിലാക്കിയത്. 7385 ചതുരശ്ര മീറ്ററിൽ സജ്ജീകരിച്ച വിനോദ ഇടത്തിന് എട്ടു മീറ്റർ വരെ ഉയരവുമുണ്ട്. ഗൾഫ് മേഖലയിൽ ആദ്യമായി അവതരിപ്പിച്ച ഇൻഫ്ലാറ്റ റൺ അനുഭവിച്ചറിയാൻ ഖത്തറിലെ സ്വദേശികളും താമസക്കാരുമായി എല്ലാവരെയും ക്ഷണിക്കുന്നതായി ഇ ത്രീ ചെയർമാൻ അബ്ദുല്ല അൽ കുബൈസി പറഞ്ഞു.
ഗിന്നസ് പുരസ്കാര പ്രഖ്യാപനം നടത്തുന്നു
ആസ്വദിക്കാം അപൂർവമായൊരു വിനോദം
നടത്തംതന്നെ സാഹസികമായ കാറ്റുനിറച്ച ബലൂൺ പ്രതലത്തിലൂടെ ഓടാനും വ്യത്യസ്തമായൊരു വിനോദം ആസ്വദിക്കാനും സന്ദർശകരെ ക്ഷണിക്കുകയാണ് സംഘാടകർ. മാർച്ച് 18ന് ഇവിടെ 100 മീറ്റർ സ്പ്രിന്റ് ഓട്ട മത്സരം സംഘടിപ്പിക്കും. ആറു മുതൽ ഒമ്പതു വരെ വയസ്സുകാർക്ക് കിഡ്സ് മിനി, 10-13 വയസ്സുകാരുടെ കിഡ്സ് ജൂനിയർ, 14-17 വയസ്സുകാരുടെ കിഡ്സ് സീനിയർ, 18-40 വയസ്സുകാരുടെ അഡൽട്ട്, 40നു മുകളിൽ പ്രായമുള്ളവരുടെ മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഇൻഫ്ലാറ്റ റേസ്, ഫൺ ഗെയിമുമായി ഇൻഫ്ലാറ്റ ഡോം, ഇൻഫ്ലാറ്റ പാർക്ക്, ഫുട്ബാൾ കളിക്കാൻ കഴിയുന്ന ഇൻഫ്ലാറ്റ സ്റ്റേഡിയം, കാർണിവൽ ഗെയിം ബൂത്ത്, ഫുഡ്കോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ആഘോഷവേദി. കുട്ടികൾക്ക് 175 റിയാലും 12ന് മുകളിൽ പ്രായമുള്ളവർക്ക് 185 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

