ഇന്ത്യക്കാർക്ക് ഖത്തർ എയർവേസിൽ മുൻകൂർ കോവിഡ് പരിശോധന വേണ്ട
text_fieldsദോഹ: ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് ഇനി ഖത്തർ എയർവേസ് വിമാനത്തിൽ ഖത്തറിലേക്ക് വരുേമ്പാൾ മുൻകൂട്ടിയുള്ള കോവിഡ് പരിശോധന വേണ്ട. ഖത്തറിലേക്ക് തങ്ങളുടെ വിമാനങ്ങളിൽ വരുന്ന യാത്രക്കാരുടെ യാത്രച്ചട്ടങ്ങൾ പരിഷ്കരിച്ച വിവരം ഖത്തർ എയർവേസാണ് അറിയിച്ചത്.
അർമീനിയ, ബംഗ്ലാദേശ്, ബ്രസീല്‍, ഇന്ത്യ, ഇറാന്, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാകിസ്താന്, ഫിലിപ്പീന്‍സ്, റഷ്യ, ശ്രീലങ്ക, താൻസനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് മുൻകൂർ കോവിഡ് പരിശോധനയും നെഗറ്റിവ് സർട്ടിഫിക്കറ്റും വേണമെന്ന നിബന്ധന കമ്പനി പിൻവലിച്ചിരിക്കുന്നത്. നേരേത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു.
ഖത്തര്‍ എയർവേസില്‍ യാത്ര ചെയ്യാന്‍ ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമില്ലെങ്കിലും ലക്ഷ്യസ്ഥാനത്തുള്ള അധികൃതരോ ട്രാന്‍സിറ്റ് രാജ്യമോ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നുവെങ്കിൽ അവ തുടരുമെന്നും ഖത്തർ എയർവേസ് അറിയിച്ചു.
ഇന്ത്യയിൽനിന്ന് മറ്റു വിമാനങ്ങളിൽ ഖത്തറിലേക്ക് വരുന്നവർക്ക് മുൻകൂട്ടിയുള്ള കോവിഡ് പരിശോധന നേരത്തേ തന്നെ ആവശ്യമുണ്ടായിരുന്നില്ല. ഖത്തർ എയർവേസ് മാത്രമാണ് ഈ നിബന്ധന വെച്ചിരുന്നത്.
മറ്റു വിമാന കമ്പനികള്‍ കോവിഡ് ടെസ്റ്റ് കൂടാതെ ഖത്തറിലേക്ക് യാത്ര അനുവദിച്ചിരുന്നു. ഇതുമൂലം യാത്രക്കാരില്‍ വലിയൊരു വിഭാഗം ഖത്തര്‍ എയർവേസിനെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തർ എയർവേസ് തീരുമാനം മാറ്റിയതെന്ന് അറിയുന്നു.
പുതിയ തീരുമാനം കേരളത്തില്‍നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്. എന്നാല്‍, മുന്‍കൂര്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍നിന്ന് ഖത്തര്‍ എയർവേസില്‍ യാത്ര ചെയ്യുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍നിന്ന് മാത്രമേ ടെസ്റ്റ് നടത്താവൂവെന്നും ഖത്തര്‍ എയർവേസ് അറിയിച്ചു.
കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ല.
എന്നാൽ, അപകടസാധ്യത കൂടിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് മടങ്ങുന്ന എല്ലാവരും ഒരാഴ്ച നിർബന്ധമായും ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഓരോ രണ്ടാഴ്ചയിലും പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യ ഇതുവരെ ഇൗ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
അതേസമയം, ഖത്തറിൽനിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം നാട്ടിൽ പോയി ആറു മാസത്തിനുള്ളിൽ തിരിച്ചെത്തുന്നവർക്ക് ക്വാറൻറീൻ വേണ്ട.
ഇന്ത്യക്കാർക്കടക്കം ഇത് ബാധകമാണ്. ഖത്തറിൽനിന്ന് കോവിഡ് വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചുകഴിഞ്ഞവർക്ക് മാത്രമാണിത്.
ഇത്തരത്തിലുള്ള മാതാപിതാക്കളുടെ കൂടെ വരുന്ന 16 വയസ്സുവരെയുള്ള കുട്ടികളെ ഹോട്ടൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
വാക്സിെൻറ രണ്ടാം ഡോസും സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള ആറു മാസമാണ് പരിഗണിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.