എർത്നയിൽ ഇന്ത്യയുടെ ജലമനുഷ്യനും
text_fieldsഡോ. രാജേന്ദ്ര സിങ്
ദോഹ: രണ്ടു ദിവസങ്ങളിലായി ഖത്തറിൽ നടക്കുന്ന എർത്ന ഉച്ചകോടിയുടെ ആദ്യ സെഷനിൽ പ്രമുഖ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേന്ദ്ര സിങ് പങ്കെടുക്കും.
ജലക്ഷാമം, സുസ്ഥിര പരിഹാരങ്ങളിലൂടെ പ്രതിരോധം എന്ന വിഷയത്തിൽ ചൊവ്വാഴ്ച രാവിലെ 10.20 മുതൽ മന്ദാരിൻ ഓറിയന്റലിൽ നടക്കുന്ന ചർച്ചയിലാണ് ഇന്ത്യയുടെ വാട്ടർമാൻ പങ്കെടുക്കുന്നത്. രാജസ്ഥാനിലെ ഥാർ മരുഭൂമിയോട് ചേർന്നുകിടക്കുന്ന തരിശുനിലങ്ങളെ ജലസമൃദ്ധിയുടെ ഇടങ്ങളാക്കി പതിനായിരങ്ങൾക്ക് കുടിവെള്ളം സമ്മാനിച്ചുകൊണ്ട് പ്രശസ്തനായ പരിസ്ഥിതി പ്രവർത്തകനാണ് ഡോ. രാജേന്ദ്ര സിങ്. ജലസംരക്ഷണ പ്രവർത്തനങ്ങളിലെ മികവിലൂടെ ഇന്ത്യയുടെ ജലമനുഷ്യൻ എന്നറിയപ്പെടുന്ന രാജേന്ദ്രസിങ്ങിനെ 2001ലെ മഗ്സാസെ അവാർഡും 2015ലെ സ്റ്റോക്ക്ഹോം വാട്ടർ പ്രൈസും തേടിയെത്തിയിരുന്നു.
തരുൺ ഭാരത് സംഘ് എന്ന സന്നദ്ധപ്രസ്ഥാനത്തിലൂടെ രാജസ്ഥാൻ ഗ്രാമങ്ങളിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ജൊഹാദ് എന്ന പേരിലുള്ള പരമ്പരാഗത ജലസംരക്ഷണ നിർമിതിയിലൂടെ അഞ്ച് നദികൾ പുനർജീവിപ്പിക്കാനും ആയിരത്തോളം ഗ്രാമങ്ങളിൽ വീണ്ടും ജലം ലഭ്യമാക്കാനും കഴിഞ്ഞു.
യു.എൻ വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മൻസൂർ ഖാദിർ, ഡോ. ആൻ പെറി വിറ്റ്മർ, ഡോ. റഹ ഹകിംദവാർ എന്നിവരും സെഷനിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

