യുദ്ധഭൂമിയിൽനിന്ന് ആശ്വാസതീരമണഞ്ഞു
text_fieldsദോഹയിൽനിന്നുള്ള വിദ്യാർഥികൾ ബുഡപെസ്റ്റിൽനിന്ന് വിമാനം കയറും മുമ്പ്
ദോഹ: യുക്രെയ്നിൽ യുദ്ധഭീകരതയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട്, ഖത്തറിൽനിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതമായി ദോഹയിലെത്തി. രണ്ട് ബാച്ചുകളിൽ ഒരു ബാച്ച് ന്യൂഡൽഹിയിലെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷിതരായി ഇറങ്ങി.
ഖാർകിവ് സർവകലാശാലയിൽനിന്നുള്ള വിദ്യാർഥികൾ ഒരാഴ്ചയോളമാണ് ബങ്കറിലും മറ്റുമായി കഴിഞ്ഞത്. പിന്നീട് പടിഞ്ഞാറൻ യുക്രെയ്ൻ അതിർത്തിപ്രദേശമായ ലിവിവിലേക്ക് 20 മണിക്കൂർ ട്രെയിൻ യാത്രവഴി രക്ഷപ്പെടുകയുമായിരുന്നു. അവിടെനിന്നും ബുഡപെസ്റ്റിലേക്ക് അഞ്ച് മണിക്കൂറിലേറെ നീണ്ട ബസ് യാത്രയും ചെയ്താണ് വിമാനത്താവളത്തിലെത്തിയത്. രണ്ട് ദിവസം കൂടി കാത്തിരുന്നശേഷമായിരുന്നു വിമാനം ലഭിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഭീതിയുടെ നിഴലിൽ 10 ദിവസങ്ങളാണ് വിദ്യാർഥികൾ തള്ളിനീക്കിയത്.
പെഗാസസ് എയർലൈൻ ഫ്ലൈറ്റിൽ ദോഹയിൽ മൂന്ന് വിദ്യാർഥിനികളാണ് വിമാനമിറങ്ങിയത്. മറ്റു വിദ്യാർഥികൾ എയർ ഏഷ്യ വിമാനത്തിൽ ദുബൈ വഴി ഡൽഹിയിലെത്തി. തങ്ങൾക്ക് ചുറ്റും ബോംബ് വർഷം നേരിട്ടനുഭവിച്ചതിനാൽ ഏറ്റവും വേദന നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ അവസ്ഥയിലൂടെയാണ് ദിനങ്ങൾ തള്ളിനീക്കിയതെന്നും ദോഹയിലെത്തിയ ഫാതിമ ഷർബീൻ പറഞ്ഞു. ഖാർകിവിൽ വി.എൻ. കരാസിൻ ഖാർകിവ് ദേശീയ സർവകലാശാലയിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ഷർബീൻ. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഖാർകിവിൽനിന്ന് 20 മണിക്കൂർ ട്രെയിൻ യാത്ര ചെയ്താണ് ലിവിവ് അതിർത്തിയിലെത്തിയത്.
യുക്രെയ്നിൽ കുടുങ്ങിയ ഖത്തറിൽനിന്നുള്ള ഇന്ത്യൻ വിദ്യാർഥികളുടെ രക്ഷിതാക്കളുമായി അംബാസഡർ ഡോ. ദീപക് മിത്തൽ കൂടിക്കാഴ്ച നടത്തുന്നു
ഹംഗറി അതിർത്തി കടക്കാനായി 300ലധികം വിദ്യാർഥികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഹംഗറിയിലെ ഏറ്റവും അടുത്ത പട്ടണത്തിലേക്കെത്താൻ വലിയൊരു തുക ചെലവായി. യാത്ര തുടങ്ങിയപ്പോൾ കർഫ്യൂ തുടങ്ങിയെങ്കിലും ഭാഗ്യവശാൽ രക്ഷപ്പെട്ടു -ഷർബീൻ പറഞ്ഞു. ഹംഗറിയിലെത്തിയതിന് ശേഷം സഹോനിയിലേക്ക് ട്രെയിൻ കയറുകയും അവിടെയെത്തിയപ്പോഴാണ് പ്രദേശവാസികൾ വെള്ളവും ഭക്ഷണവും തന്ന് ഊഷ്മളമായി വരവേറ്റതെന്നും അവർ കൂട്ടിച്ചേർത്തു. ബുഡപെസ്റ്റിലെത്തിയതിന് ശേഷം മാത്രമാണ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടാനായതെന്നും അവർ ചൂണ്ടിക്കാട്ടി.
ഫാതിമ ഷെർബീനൊപ്പം ഹിബ അഷ്റഫ്, റിയാ മിർസ ആഷിഖ് എന്നിവരാണ് ദോഹയിലെത്തിയത്. മൂവരും ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥികളാണ്. കുട്ടികളുടെ രക്ഷിതാക്കളുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യൻ സർക്കാറിന്റെയും എംബസിയുടെയും ഇടപെടലിന് രക്ഷിതാക്കൾ നന്ദി അറിയിച്ചു.