കളിക്കളത്തിൽ നിറയാൻ ഐ.എസ്.സി
text_fieldsഇ.പി. അബ്ദുറഹ്മാൻ (നടുവിൽ), ദീപക് സി, കവിത മഹേന്ദ്രൻ, ബഷീർ തുവാരിക്കൽ, ഹംസ യൂസുഫ്.
ദോഹ: ഖത്തറിലെ പരിചയസമ്പന്നനായ കായിക സംഘാടകൻ എന്നനിലയിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) അധ്യക്ഷപദവിയിൽ ഇ.പി. അബ്ദുറഹ്മാന് രണ്ടാമൂഴം.
ഖത്തർ ഇന്ത്യൻ അസോസിയേഷൻ (ഖിയ) പ്രസിഡന്റ്, ഖിഫ് സ്ഥാപകാംഗം എന്നീ പദവികളുമായി വിവിധ സ്പോർട്സ് സംഘാടനത്തിൽ സജീവമായതിനു പിന്നാലെ 2023ൽ ആണ് ഇദ്ദേഹം ഐ.എസ്.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.
ബിസിനസ് ലീഡറും സംഘാടകനുമെന്ന പരിചയസമ്പത്തുമായി ഇന്ത്യൻ എംബസി അപെക്സ് ബോഡി അധ്യക്ഷപദവി വഹിച്ച രണ്ടുവർഷം സജീവമായ കായിക പ്രവർത്തനങ്ങൾ നടത്തിയാണ് വീണ്ടുമൊരു ഊഴം തേടിയതെന്ന് ഇ.പി പറയുന്നു.
അതിനുള്ള അംഗീകാരമായിരുന്നു തെരഞ്ഞെടുപ്പിലെ വിജയം. കഴിഞ്ഞ കാലത്തിന്റെ തുടർച്ചയായിരിക്കും അടുത്ത രണ്ടു വർഷമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
‘വനിതാ കായിക പരിപാടികൾ, കുട്ടികൾ, തൊഴിലാളി വിഭാഗങ്ങൾ എന്നീ മൂന്നു മേഖലകളിലെ സ്പോർട്സിൽ ഊന്നൽ നൽകിയാണ് കഴിഞ്ഞ വർഷങ്ങളിൽ ഐ.എസ്.സി പ്രവർത്തിച്ചത്. ക്രിക്കറ്റ് ടൂർണമെന്റും കോച്ചിങ്ങും, ത്രോബാൾ ഉൾപ്പെടെ വനിതകൾക്കായി പ്രത്യേക ടൂർണമെന്റുകൾ സംഘടിപ്പിച്ചിരുന്നു.
വോളിബാൾ, ഫുട്ബാൾ എന്നിവയും വരും വർഷങ്ങളിൽ നടത്തും. കുട്ടികൾക്കായി അണ്ടർ 17 ഫുട്ബാൾ നടത്തിയിരുന്നു. വരും വർഷങ്ങളിൽ സജീവമായി തുടരും. ഖത്തറിലെ ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ച് അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ സംഘടിപ്പിക്കാനും, അതൊരു കലണ്ടർ ഇവന്റായി തുടരാനും പദ്ധതിയുണ്ട്. തൊഴിലാളി വിഭാഗങ്ങൾക്കായി കായിക പരിപാടികൾ തുടരും.
സ്പോർട്സിനെ വിനോദം എന്നതിനപ്പുറം ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ഒന്നായി കൂടുതൽ പ്രവാസികൾക്കിടയിൽ സജീവമാക്കാനും അവരെ ഉൾക്കൊള്ളാവുന്ന പരിപാടികൾ നടത്താനും ആസൂത്രണം ചെയ്യും’ -തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇ.പി. അബ്ദുറഹ്മാൻ പറഞ്ഞു.
കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശിയായ ഇദ്ദേഹം ഖത്തറിലും ഇതര ജി.സി.സിയിലും സജീവമായ കെയർ ആൻഡ് ക്യൂവർ സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയർമാനുമാണ്. സാഹിദ അബ്ദുറഹ്മാനാണ് ഭാര്യ. ഷാന പർവീൺ, ഷബാന, ഷഹല, ഷസ്ന എന്നിവർ മക്കളാണ്.
-ഇ.പി. അബ്ദുറഹ്മാൻ (പ്രസിഡന്റ്, ഐ.എസ്.സി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

