സ്വാതന്ത്ര്യ ആഘോഷത്തിളക്കത്തിൽ ഇന്ത്യൻ സ്കൂളുകൾ
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂ ഹമൂർ ബ്രാഞ്ചിൽ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ നിന്ന്
ദോഹ: വേനലവധി കഴിഞ്ഞ് സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചില്ലെങ്കിലും രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനം ആഘോഷപൂർവം തന്നെ ആഘോഷിച്ചു. കുട്ടികളുടെ അസാന്നിധ്യത്തിലായിരുന്നു മിക്കയിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം.
അധ്യാപക, ജീവനക്കാരുടെ പ്രതിനിധികളും മാനേജ്മെന്റ് അംഗങ്ങളും ഏതാനും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സാന്നിധ്യവുമായി എല്ലായിടത്തും ആഘോഷപൂർവം തന്നെ ത്രിവർണപതാക ഉയർത്തിയും ദേശഭക്തിഗാനങ്ങൾ ആലപിച്ചും ധീരദേശാഭിമാനികളെ സ്മരിച്ച് സ്വാതന്ത്ര്യ ദിനാഘോഷം നടന്നു.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
പ്രമുഖ ഇന്ത്യൻ വിദ്യാലയമായ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. മുഖ്യാതിഥിയായി പങ്കെടുത്ത പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ ദേശീയപതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചു.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രിൻസിപ്പൽ ഹമീദ ഖാദർ പതാക ഉയർത്തുന്നു
രാഷ്ട്രത്തിന് സ്വാതന്ത്ര്യം സമ്മാനിക്കാനായി ജീവത്യാഗംചെയ്ത ധീരദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് അവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയലോകം കെട്ടിപ്പടുക്കുന്നതിനുള്ള ഒരേയൊരു പ്രതിവിധി അഹിംസ ശീലമാക്കുകയാണെന്ന് അവർ വ്യക്തമാക്കി. വിദ്യാർഥികൾക്കുള്ള സന്ദേശത്തിൽ, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാനുള്ള അവരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമിപ്പിച്ചു.
തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ദേശഭക്തിഗാനങ്ങളും നൃത്ത പരിപാടികളും അരങ്ങേറി. എം.ഇ.എസ് അബൂ ഹമൂർ, പ്രിൻസിപ്പൽ പ്രമീള കണ്ണൻ എന്നിവർ പങ്കെടുത്തു. വിദ്യാർഥിപ്രതിനിധികളായ അഷ്കർ മുഹമ്മദ്, ഷസ ഫാത്തിമ, അധ്യാപക പ്രതിനിധികളായ അഞ്ജലി സഞ്ജീവ്, മുഹ്സിന പർവീൺ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ, സ്കൂൾ അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂഹമൂർ ബ്രാഞ്ചിൽ നടന്ന ആഘോഷപരിപാടിയിൽ പ്രിൻസിപ്പൽ ഹമീദ ഖാദർ പതാക ഉയർത്തി. അഡ്മിൻ ഹെഡ് റാഷിദ്, പ്രിൻസിപ്പൽ പ്രമീള കണ്ണൻ എന്നിവർ പങ്കെടുത്തു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ
പ്രമുഖ ഇന്ത്യൻ വിദ്യാലയമായ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സ്കൂൾ മാനേജിങ് ഡയറക്ടർ കെ.സി. അബ്ദുൽ ലത്തീഫ് ദേശീയപതാക ഉയർത്തി.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ദേശീയപതാക ഉയർത്തുന്നു
സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ശക്തമായ മതേതര അടിത്തറയിൽ ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള പൂർവികരുടെ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. രാജ്യത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിന് സംഭാവന നൽകാനും ഇന്ത്യ എന്ന കാഴ്ചപ്പാടിൽ ഐക്യപ്പെടണമെന്നും ഉദ്ബോധിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലെ യുവാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ നന്ദി പറഞ്ഞു.
പൊഡാർ പേൾ സ്കൂൾ
പൊഡാർ പേൾ സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസിഡന്റ് സാം മാത്യൂ ദേശീയപതാക ഉയർത്തി. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം സാംമാത്യൂ വായിച്ചു. സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ എന്നിവരും പങ്കെടുത്തു.
പൊഡാർ പേൾ സ്കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ സാം മാത്യൂ പതാക ഉയർത്തുന്നു
ഡി.പി.എസ് മോഡേൺ സ്കൂൾ
ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഡി.പി.എസ് പ്രസിഡന്റ് ഹസൻ ചൗഗ്ലെ മുഖ്യാതിഥിയായി ദേശീയപതാക ഉയർത്തി. ഇന്ത്യൻ സ്വാതന്ത്ര്യദിന പോരാട്ടങ്ങളെ സ്മരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. ദേശീയ ഐക്യവും അഖണ്ഡതയും പ്രധാനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രിൻസിപ്പൽ അസ്ന നഫീസ്, വിദ്യാർഥി പ്രതിനിധി അസ്ഹർ ജലീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡുമാരായ കൃഷ് നാഗ്റാണി, ദൃഷ്ടി ടിബ്രെവൽ എന്നിവർ അവതാരകരായി.
ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിൽ ഹസൻ ചൗഗ്ലെ പതാക ഉയർത്തുന്നു
ഒലീവ് ഇന്റർനാഷനൽ സ്കൂൾ
ഒലീവ് ഇന്റർനാഷനൽ സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ ചെയർമാൻ ഡേവിസ് എടുകുളത്തൂർ മുഖ്യാതിഥിയായി പങ്കെടുത്ത് ദേശീയപതാക ഉയർത്തി. വിവിധ കാമ്പസുകളിൽ ജൂട്ടാസ് പോൾ, പ്രിൻസിപ്പൽ ജേക്കബ് മാത്യൂ, സജീത് ജോർജ് എടക്കുളത്തൂർ എന്നിവരും നേതൃത്വം നൽകി. സ്കൂൾ സ്റ്റാഫ്, മാനേജ്മെന്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
ഒലീവ് ഇന്റനാഷനൽ സ്കൂളിലെ ചടങ്ങിൽ ദേശീയപതാക ഉയർത്തുന്നു
രാജഗിരി പബ്ലിക് സ്കൂൾ
രാജഗിരി പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. അക്കാദമിക ഡയറക്ടർ ഡോ. പ്രശാന്ത് പാലക്കാപ്പിള്ളിൽ ദേശീയപതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ജോഷി എബ്രഹാം സദസ്സിനെ അഭിസംബോധന ചെയ്തു. ദേശീയതയെ പ്രകീർത്തിക്കുകയും സുസ്ഥിരവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. അധ്യാപകേതര ജീവനക്കാർ ദേശഭക്തി ഗാനവും ദേശീയഗാനവും ആലപിച്ചു.
രാജഗിരി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാക ഉയർത്തിയ ശേഷം അധ്യാപകരും വിദ്യാർഥികളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

