ചില ഇന്ത്യൻ സ്കൂളുകളിൽ സീറ്റൊഴിവ്
text_fieldsദോഹ: വിവിധ ക്ലാസുകളിൽ ചില ഇന്ത്യൻ സ്കൂളുകളിൽ സീറ്റൊഴിവ് ഉണ്ടെന്ന് മാനേജ്മെൻറുകൾ അറിയിച്ചു. ഖത്തറിൽ മൂന്ന് ശാഖകൾ ഉള്ള ഒലീവ് ഇൻറർനാഷനൽ സ്കൂളിൽ ഒന്നുമുതൽ എട്ട് വരെ ക്ലാസുകളിലായി ചില സീറ്റുകൾ ഒഴിവുണ്ട്. അതേസമയം കിൻറർഗാർട്ടനിൽ സീറ്റൊഴിവില്ല. സ്കോളേഴ്സ് ഇൻറർനാഷനൽ സ്കൂളിൽ കെ.ജിയിൽ കുറച്ച് സീറ്റുകളാണ് ഒഴിവുള്ളത്.
നോബിൾ ഇൻറർനാഷനൽ സ്കൂൾ, ഡി.എം.െഎ.എസ് എന്നിവിടങ്ങളിലും സീറ്റുകൾ ഒഴിവുണ്ട്. ഇൗ വർഷം ആദ്യത്തിൽ സ്കൂളുകളിൽ പ്രവേശന നടപടികൾ തുടങ്ങിയപ്പോൾ പല വിദ്യാർഥികൾക്കും തങ്ങൾ ആഗ്രഹിക്കുന്ന സ്കൂളുകളിൽ പ്രവേശനം ലഭിച്ചിരുന്നില്ല. ഇന്ത്യൻ സ്കൂളുകളിലെല്ലാം പ്രവേശനത്തിന് വൻതിരക്കായിരുന്നു. ഇതിനെ തുടർന്ന് വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടിരുന്നു.
പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കൾ വിവരങ്ങൾ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് നിരവധി കുട്ടികൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതിൽ പല കുട്ടികൾക്കും സ്കൂളുകളിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞു. ഇവരിൽ പലരും ഫീസ് കുറഞ്ഞതോ അടുത്തുള്ളതോ ആയ സ്കൂളുകളിലേക്ക് മാറാനായി നിൽക്കുകയുമായിരുന്നു. പല സ്കൂളുകളിലും സീറ്റുകൾ ഒഴിവുണ്ട് എന്നായതോടെ പ്രവേശനം കിട്ടാത്ത വിദ്യാർഥികൾക്ക് ഇത് അനുഗ്രഹമാവും.
