സാങ്കേതിക കുതിപ്പുമായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ
text_fieldsവെബ് സമ്മിറ്റിൽ നടന്ന പാനൽ ചർച്ചയിൽ അംബാസഡർ വിപുൽ സംസാരിക്കുന്നു, വെബ് സമ്മിറ്റിലെ ഇന്ത്യൻ പവിലിയൻ അംബാസഡർ വിപുൽ
ഉദ്ഘാടനം ചെയ്തപ്പോൾ
ദോഹ: ലോകമെങ്ങുമുള്ള സാങ്കേതിക വിദഗ്ധരും നൂതന സംരംഭങ്ങളും ഒന്നിച്ച വെബ് സമ്മിറ്റിൽ ഇന്ത്യയുടെ സാങ്കേതിക കുതിപ്പുമായി ഇന്ത്യൻ പവിലിയനുകളും. വാണിജ്യ, വ്യവസായ മന്ത്രാലയത്തിനു കീഴിലെ വ്യവസായ-ആഭ്യന്തര വ്യാപാര പ്രൊമോഷൻ വിഭാഗത്തിനു കീഴിലാണ് സ്റ്റാർട്ടപ്പുകളുമായി ഇന്ത്യൻ പവലിയൻ ശ്രദ്ധേയ സാന്നിധ്യമാകുന്നത്. ഡി.ഇ.സി.സിയിൽ ഞായറാഴ്ച ആരംഭിച്ച വെബ് സമ്മിറ്റിൽ ഇന്ത്യൻ അംബാസഡർ വിപുൽ പവലിയനുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ സ്റ്റാർട്ടപ് സംരംഭങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി 2016ൽ മന്ത്രാലയത്തിനു കീഴിൽ ആരംഭിച്ച ഡി.പി.ഐ.ഐ.ടിയുടെ നേതൃത്വത്തിലാണ് വെബ് സമ്മിറ്റിലെ പങ്കാളിത്തം. മലിനജല സംസ്കരണം, സ്മാർട്ട് ട്രാവൽ ടെക്നോളജി, വാട്സ്ആപ് അധിഷ്ഠിത ബിസിനസ് ഓട്ടോമേഷൻ, നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സാസ് സൊലൂഷൻസ്, ലീഡ് ജനറേഷൻ പ്ലാറ്റ്ഫോം, സ്റ്റെം എജുക്കേഷൻ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നത്.
സാങ്കേതിക മേഖലയിൽ നൂതര ഗവേഷണങ്ങളുമായി അതിവേഗം കുതിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആഗോള വേദിയിൽ മികച്ച പങ്കാളികളെ കണ്ടെത്താനും അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാനുമെല്ലാം അവസരം ഒരുക്കുന്നതാണ് വെബ് സമ്മിറ്റിലെ പങ്കാളിത്തം.
സാങ്കേതികവിദ്യയിലും സംരംഭകത്വത്തിലും ഇന്ത്യയും ഖത്തറും തമ്മിലെ സഹകരണം ശക്തമാണെന്ന് പവിലിയൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അംബാസഡർ വിപുൽ പറഞ്ഞു.
സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കുന്നതിലും നൂതന കണ്ടെത്തലുകളിലും സംരംഭങ്ങളുടെ അഭിവൃദ്ധിയിലും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നിർണായക പങ്കുവഹിക്കുന്നതായും ഖത്തറിന്റെ സ്റ്റാർട്ടപ്, നിക്ഷേപ സാഹചര്യങ്ങൾ ഉപയോഗിക്കുന്ന വിധം ഉഭയകക്ഷി ബന്ധത്തിലെ ദൃഢതയും അദ്ദേഹം വിശദീകരിച്ചു. ഡി.പി.ഐ.ഐ.ടിയുടെ അംഗീകാരമുള്ള 1.59 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. ആഗോളതലത്തിൽതന്നെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ് കേന്ദ്രമായും ഇത് ഇന്ത്യയെ മാറ്റുന്നു.
വെബ് സമ്മിറ്റിന്റെ ഭാഗമായി ‘ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ജി.സി.സി വളർച്ചയിലേക്കുള്ള ഗേറ്റ് വേ’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ അംബാസഡർ വിപുല് മുഖ്യപ്രഭാഷണം നടത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ ചരിത്രപ്രധാനമായ സന്ദർശനത്തെ അനുസ്മരിച്ചുകൊണ്ട് സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയും ഖത്തറും തമ്മിലെ സൗഹൃദ പങ്കാളിത്തത്തിന്റെ ഭാവിയുടെ പ്രധാന ഘടകം സാങ്കേതിക വിദ്യയും, നൂതന കണ്ടെത്തലുകളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വളരാനും അവസരങ്ങൾ തേടാനുമുള്ള മികച്ച സാഹചര്യമാണ് ഖത്തറിന്റേതെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

