സൂഖിലേക്ക് വീണ്ടും മാമ്പഴ മധുരം
text_fieldsകഴിഞ്ഞ വർഷം സൂഖ് വാഖിഫിൽ നടന്ന പ്രഥമ ഇന്ത്യൻ മാമ്പഴമേളയിൽനിന്ന് (ഫയൽ)
ദോഹ: ഖത്തറിലിരുന്ന് നാട്ടിലെ മാമ്പഴക്കാലം കണ്ട് കൊതികൂടുന്നവർക്ക് സന്തോഷ വാർത്തയുമായി ഹംബ ഇന്ത്യൻ മാമ്പഴമേള വീണ്ടുമെത്തുന്നു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൂഖ് വാഖിഫിൽ കഴിഞ്ഞ വർഷം തുടക്കം കുറിച്ച മാമ്പഴമേളയുടെ രണ്ടാമത് എഡിഷൻ ജൂൺ 12ന് ആരംഭിക്കും. ജൂൺ 21വരെ10 ദിവസമാണ് മാമ്പഴങ്ങളുടെ ഉത്സവമായി ഹംബ എക്സിബിഷൻ അരങ്ങേറുന്നത്. പ്രൈവറ്റ് എൻജിനീയറിങ് ഓഫിസ് സെലിബ്രേഷൻ കമ്മിറ്റിയും ഇന്ത്യൻ എംബസിയും ചേർന്നാണ് മേളക്ക് ആതിഥ്യമൊരുക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇന്ത്യൻ മാമ്പഴങ്ങളുടെ ഉത്സവമായ മാമ്പഴമേളക്ക് സൂഖ് വാഖിഫ് ആദ്യമായി വേദിയൊരുക്കിയത്. സ്വദേശികളും, വിവിധ രാജ്യക്കാരായ പ്രവാസികളും സന്ദർശകരും ഉൾപ്പെടെ വലിയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ മാമ്പഴമേള, ഗൾഫ് മണ്ണിൽ ഇന്ത്യൻ മാമ്പഴ പ്രേമികളുടെ ഉത്സവമായി മാറി.
മുൻ വർഷത്തെ സ്വീകാര്യത കൂടി കണക്കിലെടുത്താണ് ഇത്തവണ കൂടുതൽ വിപുലമായിതന്നെ മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക സ്ഥാപനങ്ങളും ഇന്ത്യൻ കമ്പനികളും ഇത്തവണ പങ്കാളികളാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇറക്കുമതി ചെയ്യുന്ന മാമ്പഴങ്ങളുടെ വിപുല ശേഖരവും ഹംബ എക്സിബിഷനിൽ പ്രതീക്ഷിക്കാം.വ്യത്യസ്ത ഇനം മാമ്പഴങ്ങൾക്ക് പുറമെ, മാങ്ങയിലെ അനുബന്ധ ഉൽപന്നങ്ങളും മേളയുടെ ആകർഷകമായി മാറും. മധുരപലഹാരങ്ങൾ, അച്ചാറുകൾ, ജ്യൂസ്, മാമ്പഴത്തിൽ നിർമിച്ച മറ്റ് ഉൽപന്നങ്ങളും, പുതിയ മാമ്പഴ ഇനങ്ങളും വിപണിയിൽ അവതരിപ്പിക്കും.
ഇന്ത്യൻ എംബസിയുമായി ചേർന്നാണ് രണ്ടാം ഹംബമേള സംഘടിപ്പിക്കുന്നതെന്ന് എക്സിബിഷൻ ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു. സൂഖ് വാഖിഫിൽ ശീതീകരിച്ച പ്രത്യേക ഹാളിലാണ് പ്രദർശനമൊരുക്കുന്നത്. ചൂട് കാലാവസ്ഥയിൽ മാമ്പഴങ്ങൾ കേടു വരാതെ സൂക്ഷിക്കുന്നതിനും, ഗുണമേന്മ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണയും കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതായും പറഞ്ഞു.ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശന വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വെള്ളിയാഴ്ച ഉൾപ്പെടെ പൊതു അവധി ദിവസങ്ങളിൽ രാത്രി 10 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

