വോട്ടിനൊരുങ്ങി പ്രവാസി ഇന്ത്യക്കാർ
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തയാറെടുപ്പുകളെല്ലാം അന്തിമ ഘട്ടത്തിൽ. ജനുവരി 31നാണ് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) പ്രസിഡന്റ്, മാനേജ്മെന്റ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഓൺലൈൻ തെരഞ്ഞെടുപ്പ് ഇത്തവണ ‘റൈറ്റ് ടു വോട്ട്’ എന്ന പ്ലാറ്റ്ഫോം വഴിയാണ് നടക്കുന്നത്. ഡിജി പോൾ ആപ് വഴി നടന്ന മുൻ തെരഞ്ഞെടുപ്പ് സാങ്കേതിക പ്രശ്നങ്ങൾ കാരണം നിരവധി തവണ തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് കുറ്റമറ്റ വോട്ടെടുപ്പ് ഉറപ്പാക്കാൻ ഇത്തവണ കൂടുതൽ സുതാര്യമായ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് മാറിയത്. കഴിഞ്ഞ വോട്ടെടുപ്പുകൾ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി അടിസ്ഥാനമാക്കിയാണ് നടന്നത്.
ഒ.ടി.പി നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കാത്തത് കാരണം വോട്ടെടുപ്പ് പലതവണ തടസ്സപ്പെട്ടത് വിവാദമായിരുന്നു. എന്നാൽ, ഇത്തവണ പൂർണമായും ഇ-മെയിൽ അധിഷ്ടിതമാണ് വോട്ടെടുപ്പ്. ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി അംഗങ്ങളായ വോട്ടർമാർക്ക് അവർ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വഴിയാവും Right2Vote പ്ലാറ്റ്ഫോമിൽ വോട്ട് ചെയ്യാൻ കഴിയുന്നത്.
എങ്ങനെ വോട്ടിങ്
വോട്ടർമാരുടെ രജിസ്റ്റർചെയ്ത ഇ-മെയിൽ ഐ.ഡിയിലേക്ക് contact@right2vote.in എന്ന വിലാസത്തിൽ നിന്നും വോട്ട് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. ഈ ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ തെരഞ്ഞെടുപ്പ് പേജിൽ പ്രവേശിക്കും. തങ്ങളുടെ ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് അപെക്സ് ബോഡി വോട്ടെടുപ്പ് പ്ലാറ്റ്ഫോം ലോഗിൻ ചെയ്യാം. തുടർന്ന് അതേ രജിസ്റ്റർ മെയിലിലേക്ക് ഒ.ടി.പി ലഭിക്കും.
അത് നൽകിയാണ് പ്ലാറ്റ് ഫോമിൽ പ്രവേശിക്കേണ്ടത്. മൊബൈൽ നമ്പറിലേക്ക് അല്ലാത്തതിനാൽ തടസ്സങ്ങളില്ലാതെ തന്നെ വോട്ടെടുപ്പ് നടപടി പുരോഗമിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വോട്ടർ പേജിൽ പ്രവേശിച്ചാൽ ബന്ധപ്പെട്ട അപെക്സ് ബോഡി ലോഗോയും പേരും കാണാം.
ലോഗിൻ ചെയ്ത ശേഷം വോട്ടർ സെൽഫി എടുത്ത് സമർപ്പിക്കണം. തുടർന്ന് ബാലറ്റ് പേജിൽ പ്രവേശിച്ച് തങ്ങളുടെ വോട്ടിങ് പൂർത്തിയാക്കി ‘DONE’ പ്രസ് ചെയ്യുന്നതോടെ പൂർണമാവും. പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഒരു വോട്ട് മാത്രമാണ് ചെയ്യാൻ കഴിയുക. മാനേജ്മെന്റ് കമ്മിറ്റികളിലേക്ക് നാലുപേർക്കും വോട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

