ഇന്ത്യൻ എംബസി പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു
text_fieldsഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പച്ച പ്രവാസി ഭാരതീയ ദിവസ്
ആഘോഷപരിപാടിയിൽനിന്ന്
നാരി ശക്തി എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽനിന്ന്
നാരി ശക്തി എന്ന പ്രമേയത്തിലൂന്നി സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ കമ്യൂണിറ്റി വനിത നേതാക്കളെ ആദരിച്ചു
ദോഹ: ദോഹയിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐ.സി.സി) വെച്ച് പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. ഇന്ത്യയുടെ വളർച്ചയിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്കിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ അംബാസഡർ വിപുൽ പ്രവാസി സമൂഹത്തിന് ആശംസകൾ നേർന്നു. ഖത്തറിലുള്ള ഓരോ ഇന്ത്യക്കാരന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള എംബസിയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. വിവിധ രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ സൗഹൃദ ബന്ധം നിലനിർത്തുന്നതിനുള്ള പാലമാണ് പ്രവാസി സമൂഹമെന്നും, അവർ ഇന്ത്യയുമായി ബന്ധം നിലനിർത്തുന്നതോടൊപ്പം താമസമൊരുക്കുന്ന രാജ്യത്തെ സമ്പന്നമാക്കുന്നുവെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം അംബാസഡർ പങ്കുവെച്ചു.
ഇത്തവണത്തെ എംബസിയുടെ ആഘോഷങ്ങൾ ‘നാരി ശക്തി’ (സ്ത്രീശക്തി) എന്ന പ്രമേയത്തിലൂന്നിയാണ് സംഘടിപ്പിച്ചത്. കമ്യൂണിറ്റി സേവനത്തിലൂടെയും ഇന്ത്യ -ഖത്തർ സൗഹൃദം വളർത്തുന്നതിലൂടെയും മികച്ച സേവനങ്ങളനുഷ്ഠിച്ച ഇന്ത്യൻ കമ്യൂണിറ്റിയിലെ വനിത നേതാക്കളെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസം, കമ്യൂണിറ്റി സേവനം, മാധ്യമം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വനിതകൾക്കാണ് പുരസ്കാരങ്ങൾ നൽകിയത്.
വിദ്യാഭ്യാസ രംഗത്തെ നേതൃപാടവത്തിന് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസ്ന നഫീസ് എന്നിവരെ ആദരിച്ചു. കമ്യൂണിറ്റി സേവന -സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച സേവനങ്ങളനുഷ്ഠിച്ച ഐ.സി.സി വനിത ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ, ഐ.സി.സി എം.സി മെംബർ നന്ദിനി അബ്ബഗൗണി, അപർണ ശരത് (ബില്ലവാസ് ഖത്തർ), ഉഷ പാട്ടീൽ (മഹാരാഷ്ട്ര മണ്ഡൽ), സെറീന അഹദ് (ഐ.സി.ബി.എഫ് ഉപദേശക സമിതി), നീലാംബരി സുശാന്ത് (ഐ.സി.ബി.എഫ് എം.സി മെംബർ) എന്നിവരെയും ആദരിച്ചു. മാധ്യമ മേഖലയിൽ പ്രവാസികളുടെ ശബ്ദം ഉയർത്തുന്നതിനും ഇന്ത്യ -ഖത്തർ സൗഹൃദം വളർത്തുന്നതിനുമായി നൽകിയ സംഭാവനകൾ പരിഗണിച്ച് അൻഷു ജെയിൻ, ആഫ്രിൻ ഖാൻ, നാസിയ അമീർ, അനു ശർമ എന്നിവർക്കും ആദരം നൽകി. ചടങ്ങിനോടനുബന്ധിച്ച് ‘നാരി ശക്തി’ എന്ന പ്രമേയത്തിൽ ഖത്തറിലെ ഇന്ത്യൻ സ്ത്രീകളുടെ നേതൃപാടവത്തെയും അതിജീവനത്തെയും കുറിച്ച് പാനൽ ചർച്ചയും സംഘടിപ്പിച്ചു. പ്രഫഷനൽ, സാമൂഹിക മേഖലകളിൽ സ്ത്രീകൾ എങ്ങനെ പുരോഗതി കൈവരിക്കുന്നുവെന്നും പ്രവാസി സമൂഹത്തിന്റെ സ്വാധീനം എങ്ങനെ വർധിപ്പിക്കുന്നുവെന്നും ചർച്ചയിൽ പങ്കെടുത്തവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

