ഖത്തറിൽ ഇന്ന് ഇന്ത്യൻ വോട്ടെടുപ്പ്
text_fieldsദോഹ: പ്രവാസമണ്ണിനെ ഇളക്കിമറിച്ച പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ ഖത്തറിലെ പ്രവാസി ഇന്ത്യക്കാർ ഇന്ന് വോട്ട് ചെയ്യുന്നു.
ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) എന്നിവയുടെ പ്രസിഡന്റ്, മാനേജ്മെന്റ് കമ്മിറ്റി, എ.ഒ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും.
ഓൺലൈൻ വഴി നടക്കുന്ന വോട്ടെടുപ്പിന് ഖത്തർ സമയം രാവിലെ എട്ട് മണിക്കാണ് തുടക്കം കുറിക്കുന്നത്. വൈകുന്നേരം ആറ് മണിവരെ വോട്ടെടുപ്പ് നീണ്ടുനിൽക്കും. വോട്ടിങ് അവസാനിച്ചശേഷം രാത്രിയോടെതന്നെ ഫലവും അറിയാം.
നാമനിർദേശം സമർപ്പിച്ച് രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന സജീവ പ്രചാരണ പ്രവർത്തനങ്ങൾക്കൊടുവിലാണ് മൂന്ന് അപെക്സ് ബോഡികളിലും വോട്ടെടുപ്പ് നടക്കുന്നത്.
അന്തിമ വോട്ടർപട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ‘റൈറ്റ് ടു വോട്ട്’ പ്ലാറ്റ്ഫോമിൽ ഇ-മെയിൽ വഴി നൽകുന്ന ലിങ്ക് ഉപയോഗിച്ചാണ് വോട്ടെടുപ്പ്. വോട്ട് വിൻഡോയിൽ പ്രവേശിക്കാൻ ആവശ്യമായ ഒ.ടി.പിയും രജിസ്റ്റർ ചെയ്ത ഇ- മെയിലിലാണ് ലഭിക്കുന്നത്.
ഇന്ത്യൻ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വോട്ടിങ് നടക്കുന്നത്. വിവിധ അപെക്സ് ബോഡികളുടെ വോട്ടെടുപ്പ് ചുമതലകൾക്കായി പ്രത്യേക സമിതികളും രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്.
മൂന്ന് അപെക്സ് ബോഡികളുടെയും നിലവിലെ പ്രസിഡന്റുമാർ രണ്ടാമൂഴം തേടി മത്സര രംഗത്തുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ എന്നിവരാണ് രംഗത്തുള്ളത്. ഇവർക്കെതിരെ ശക്തായ സ്ഥാനാർഥികൾ കൂടിയാവുന്നതോടെ അധ്യക്ഷ പദവികളിലേക്കുള്ള മത്സരം കടുത്തതായി മാറും. വിവിധ മാനേജ്മെന്റ് കമ്മിറ്റികളിലും മത്സരം വീറുറ്റതാണ്.
ഐ.സി.സി മാനേജിങ് കമ്മിറ്റിയിലെ നാല് പോസ്റ്റുകളിലേക്ക് എട്ടുപേർ മത്സരത്തിനുണ്ട്. മൂന്ന് എ.ഒ പോസ്റ്റിലേക്ക് ഏഴുപേരും നാമനിർദേശം നൽകി. ഐ.സി.ബി.എഫ് എം.സിയിലേക്ക് ഒമ്പതും ഐ.എസ്.സിയിലേക്ക് എട്ടും പേർ രംഗത്തുണ്ട്.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങളിൽ കേന്ദ്രീകരിച്ച് ചർച്ചകളും വാഗ്ദനാങ്ങളുമായാണ് തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായത്.
കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ട്രാക്ക് റെക്കോഡുമായി തുടർച്ചതേടിയാണ് നിലവിലെ ഭാരവാഹികൾ വോട്ട് തേടുന്നതെങ്കിൽ കൂടുതൽ ജനകീയമായ പ്രവർത്തനങ്ങളും പരിപാടികളും അജണ്ടയായി പ്രഖ്യാപിച്ചാണ് എതിരാളികളുടെ കാമ്പയിനിങ്.
കൂടുതൽ വോട്ടർമാർ ഐ.സി.ബി.എഫിൽ
മൂന്ന് അപെക്സ് ബോഡികളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ഐ.സി.ബി.എഫിലാണ്. പരിശോധന പൂർത്തിയാക്കി ഇ മെയിൽ അപ്ഡേഷനും കഴിഞ്ഞ സാധുവായ 7400 വോട്ടർമാരാണ് ഐ.സി.ബി.എഫിലുള്ളത്. ഐ.സി.സിയിൽ 2400ഉം ഐ.എസ്.സിയിൽ 2350ൽ ഏറെയും വോട്ടർമാരുണ്ട്.
ഐ.സി.സി
പ്രസിഡന്റ് സ്ഥാനാർഥികൾ: എ.പി. മണികണ്ഠൻ, ഷെജി വലിയകത്ത്.
മാനേജിങ് കമ്മിറ്റി: അനിഷ് ജോർജ് മാത്യൂ, അനിൽ കുമാർ ബോളൂർ, ഷൈനി കബീർ, അനു ശർമ, നന്ദിനി അബ്ബഗൗനി, ശാന്താനു ദേശ്പാണ്ഡേ, അഫ്സൽ അബ്ദുൽ മജീദ്, എബ്രഹാം ജോസഫ്.
എ.ഒ പ്രതിനിധികൾ: സാഖിബ് റാസ ഖാൻ, രവീന്ദ്ര പ്രസാദ്, പ്രദീപ് മാധവൻ പിള്ള, ദിശാരി റോയ്, സന്ദീപ് ശ്രീരാമറെഡ്ഢി, ബിജു ജോൺ, മുഹമ്മദ് ബഷീർ.
ഐ.സി.ബി.എഫ്
പ്രസിഡന്റ് സ്ഥാനാർഥികൾ: ഷാനവാസ് ബാവ, സാബിത് സഹീർ, സിഹാസ് ബാബു
മാനേജിങ് കമ്മിറ്റി: ദിനേഷ് നാരായൺ ഗൗഡ, ജാഫർ തയ്യിൽ, റഷീദ് അഹമ്മദ്, പ്രവീൺ കുമാർ ബുയ്യാനി, ഷമീം എം, സന്തോഷ് കുമാർ പിള്ള, ദീപക് ഷെട്ടി, മിനി സിബി, നിർമല ഗുരു.
എ.ഒ പ്രതിനിധി: ഇബ്രാഹിം ജൈനുലാബ്ദീൻ, നിസാമുദ്ദീൻ ഖാജ.
ഐ.എസ്.സി
പ്രസിഡന്റ് സ്ഥാനാർഥികൾ: ഇ.പി. അബ്ദുൽറഹ്മാൻ, ആഷിഖ് അഹമ്മദ്
മാനേജിങ് കമ്മിറ്റി: ഹംസ യൂസുഫ്, അബ്ദുൽ ബഷീർ തുവാരിക്കൽ, അജീത ശ്രീവത്സൻ, അബ്ദുൽ നിസ്താർ, ദീപക് ചുക്കാല, കിഷോർ നായർ, ഷൈജിൻ ഫ്രാൻസിസ്, കവിത മഹേന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

