ആകാശത്തിലെ മാലാഖയായി ഇന്ത്യൻ ഡോക്ടർ
text_fieldsഡോ. നദീം ജിലാനി
ദോഹ: സഹോദരെൻറ മരണാനന്തര ചടങ്ങുകളും കഴിഞ്ഞ് ദോഹയിലെ ജോലിസ്ഥലത്തേക്കുള്ള മടക്കയാത്രയിലായിരുന്നു ബിഹാറിലെ ദർബംഗ സ്വദേശിയായ ഡോ. നദീം ജിലാനി. നവംബർ രണ്ടിന് രാത്രി എട്ടിന് വിസ്താര എയർലൈൻസിെൻറ യു.കെ 283 വിമാനം ഡൽഹിയിൽനിന്ന് ദോഹയിലേക്ക് പറന്നുയർന്ന് ഏതാനും മണിക്കൂർ കഴിഞ്ഞാണ് കാബിൻ ക്രൂവിെൻറ അനൗൺസ്മെൻറ് കേൾക്കുന്നത്. യാത്രക്കാരിൽ ഡോക്ടർമാർ ആരെങ്കിലും ഉണ്ടെങ്കിൽ അടിയന്തര മെഡിക്കൽ സഹായം ആവശ്യമുണ്ട്.
ഒരു മണിക്കൂറിലേറെ പിന്നിട്ട യാത്രയുടെ ചെറുമയക്കത്തിനിടയിലെ അനൗൺസ്മെൻറ് കേട്ടതും ഖത്തറിലെ ശിശുരോഗ വിദഗ്ധൻ കൂടിയായ ഡോ. നദീം ജിലാനി ചാടിയെഴുന്നേറ്റു. ''എയർഹോസ്റ്റസിനൊപ്പം വിമാനത്തിലെ ടോയ്ലറ്റിനരികിലെത്തിയപ്പോൾ അബോധാവസ്ഥയിൽ ഒരു മധ്യവയസ്കൻ. സഹയാത്രികരും വിമാന ജീവനക്കാരും ചേർന്ന് പ്രഥമശുശ്രൂഷ നൽകാനുള്ള ഒരുക്കത്തിലായിരുന്നു. ടോയ്ലറ്റിലും പുറത്തുമായി അബോധാവസ്ഥയിലാണ് കിടപ്പ്. ശ്വാസമെടുക്കുന്നില്ല, വായയുടെ ഒരു വശത്തായി നുരയും പുറത്തേക്ക് വരുന്നു. ബി.പി വളരെ താഴ്ന്ന നിലയിലായിരുന്നു.
അപകടം മനസ്സിലാക്കിയ ഡോക്ടർ അടിയന്തര ശുശ്രൂഷയായി സി.പി.ആർ നൽകി തുടങ്ങി. തുടർച്ചയായി സി.പി.ആർ നൽകി ഒരു മിനിറ്റാവുംമുേമ്പ ശ്വാസമെടുത്ത് ശരീരം പ്രതികരിച്ചു തുടങ്ങി. തുടർന്ന് കണ്ണുകൾ തുറന്നു. രോഗിയുടെ കാലുകൾ ഉയർത്തിപ്പിടിച്ച് ഹൃദയത്തിലേക്കും ബ്രെയിനിലേക്കും രക്തയോട്ടം സജീവമാക്കി. പതുക്കെ രോഗി സ്വാഭാവികനില വീണ്ടെടുക്കാൻ തുടങ്ങി.
മധുരപാനീയം നൽകി. 15-20 മിനിറ്റുകൊണ്ട് കാര്യങ്ങളെല്ലാം ശരിയായി. ഹൈദരാബാദ് സ്വദേശിയായ സന്തോഷായിരുന്നു ആ യാത്രക്കാരൻ. തുടർന്നുള്ള മണിക്കൂറുകൾ വിമാനത്തിൽതന്നെ അദ്ദേഹം ഡോ. നദീം ജിലാനിയുടെ നിരീക്ഷണത്തിൽ തുടർന്നു. വിമാനം ദോഹയിലെത്തിയതോടെ നടന്നുതന്നെ പുറത്തിറങ്ങാനും അദ്ദേഹത്തിനു കഴിഞ്ഞു''- ഒരു വിമാന യാത്രയിൽ ജീവൻ രക്ഷകനായതിെൻറ മണിക്കൂറുകൾ ഡോ. നദീം ജിലാനി പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഡോക്ടർ എന്ന നിലയിൽ എപ്പോഴും ബാഗിൽ കരുതുന്ന സ്റ്റെതസ്കോപ്പും ബി.പി റെക്കോഡറും ഉപകാരപ്പെട്ടതിനെ കുറിച്ചും അദ്ദേഹം പറയുന്നു. ദോഹയിൽ സിദ്ര ചൈൽഡ് അഡ്വകസി പ്രോഗ്രാം ഡയറക്ടറാണ് ഡോ. നദീം ജിലാനി.
ദോഹയിൽ വിമാനം നിലംതൊട്ടപ്പോൾ, ആകാശത്തുവെച്ച് ഒരു ജീവെൻറ രക്ഷകനായ ഡോക്ടറെ ആദരവോടെയാണ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും വരവേറ്റത്. ലാൻഡുചെയ്ത ശേഷം, വിമാനത്തിനുള്ളിൽ എല്ലാവരും എഴുന്നേറ്റുനിന്ന് കൈയടിച്ചുകൊണ്ട് ഡോക്ടർക്ക് ആദരവർപ്പിച്ചു. കഴിഞ്ഞയാഴ്ച അലീഗഢിൽ മരണപ്പെട്ട തെൻറ മുതിർന്ന സഹോദരെൻറ അന്ത്യകർമങ്ങളിൽ പങ്കെടുത്ത ശേഷമുള്ള മടക്കയാത്രയിലായിരുന്നു ഡോ. നദീം ജിലാനി രക്ഷകനായി പ്രവർത്തിച്ചത്. വിസ്താര എയർലൈൻസ് അധികൃതരും ഡോക്ടറുടെ ജീവൻരക്ഷാദൗത്യത്തെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

