വൈവിധ്യത്തിന്റെ ആഘോഷമായി ഇന്ത്യൻ കൾചറൽ ഡേ
text_fieldsഇന്ത്യൻ കൾചറൽ ഡേയിൽ വിദ്യാർഥിനികൾ അവതരിപ്പിച്ച ഒപ്പനയിൽനിന്ന്
ദോഹ: സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) യുമായി സഹകരിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി സംഘടിപ്പിച്ച ‘ഇന്ത്യൻ കൾചറൽ ഡേ’ കലാസന്ധ്യ വൈവിധ്യങ്ങളുടെ ആഘോഷമായി. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് പരിപാടിയിൽ അരങ്ങേറിയത്.
സാംസ്കാരിക മന്ത്രാലയവും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയും ചേർന്ന് സംഘടിപ്പിച്ച ‘ഇന്ത്യൻ കൾചറൽ ഡേ’ കലാസന്ധ്യയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
കലാ-സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി മുഹമ്മദ് മുഹ്സിൻ അൽശമരി ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം പാരസ്പര്യത്തിന്റെയും കലാസാംസ്കാരിക വിനിമയത്തിന്റെയും ചരിത്രം കൂടിയാണെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി വൈസ് പ്രസിഡന്റ് അർഷദ് ഇ. അഭിപ്രായപ്പെട്ടു. നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക ബന്ധങ്ങൾ നിലനിൽക്കുന്നത്. ഇന്ത്യൻ തൊഴിൽശക്തിയെ രാജ്യത്തിന്റെ വികസന-നിർമാണ പങ്കാളികൾ എന്ന പരിഗണനയിലാണ് ഖത്തർ നേതൃത്വം കാണുന്നത്. ഐക്യത്തിലും കൂട്ടായ്മയിലും പരസ്പര ബഹുമാനത്തിലും ഊന്നിയ ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്നത്.
ഖത്തറിനെ തങ്ങളുടെ രണ്ടാം വീട് എന്ന നിലക്കാണ് പ്രവാസികൾ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി), വുമൺ ഇന്ത്യ ഖത്തർ, യൂത്ത് ഫോറം, തനിമ, മലർവാടി, സ്റ്റുഡന്റ്സ് ഇന്ത്യ, ഗേൾസ് ഇന്ത്യ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ചൂരക്കൊടി കളരി സംഘം വില്ല്യാപ്പള്ളി എന്നിവയുടെ സഹകരണത്തോടെയാണ് കലാസന്ധ്യ അണിയിച്ചൊരുക്കിയത്.
ഇന്ത്യൻ കൾചറൽ ഡേയിലെ കാലിഗ്രഫി ആർട്ട്
ഖത്തർ നാഷനൽ മ്യൂസിയത്തിന് സമീപത്തെ ബൈത്ത് അൽസുലൈത്തിയിലായിരുന്നു പരിപാടി. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, വിമൻ ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചർ, കേന്ദ്ര സമിതി അംഗങ്ങളായ നൗഫൽ വി.കെ, നൗഫൽ പാലേരി, ഷാജഹാൻ മുണ്ടേരി, പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുൽ ജലീൽ ആർ.എസ് തുടങ്ങിയവർ സംബന്ധിച്ചു.
കോൽക്കളി, ഒപ്പന, ഖവാലി, രാജസ്ഥാനി ഫോക്ക്, പഞ്ചാബി നൃത്തം, മൈമിങ്, കളരിപ്പയറ്റ്, കഥാപ്രസംഗം, മുട്ടിപ്പാട്ട് തുടങ്ങിയ കലാവിഷ്കാരങ്ങൾ അരങ്ങേറി.
ഭക്ഷണ വൈവിധ്യത്തിന്റെയും കരകൗശല വസ്തുക്കളുടെയും എക്സിബിഷൻ-വിൽപന കൗണ്ടറുകളും ഒരുക്കിയിരുന്നു. സജ്ന ഇബ്രാഹിം, ജസീം സി.കെ, ഡോ. സൽമാൻ, ഷഫ്ന വാഹദ്, ഇലൈഹി സബീല,സിദ്ദീഖ് വേങ്ങര,ഷഫാ എന്നിവർ പ്രോഗാമുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

