ഇന്ത്യൻ സംഘം ഖത്തറിൽ; ഇന്നുമുതൽ കൂടിക്കാഴ്ച
text_fieldsസുപ്രിയ സുലേ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ന്യൂഡൽഹിയിൽനിന്ന് ഖത്തറിലേക്ക് പുറപ്പെടും മുമ്പ്
ദോഹ: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനായി സുപ്രിയ സുലേ എം.പിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം ഖത്തറിലെത്തി. മുൻ കേന്ദ്ര സഹമന്ത്രിയും മലയാളിയുമായ വി. മുരളീധൻ ഉൾപ്പെടെ ഒമ്പതംഗ സംഘമാണ് ശനിയാഴ്ച ഖത്തറിലെത്തിയത്.
ഞായർ, തിങ്കൾ ദിവസങ്ങളിലായി ഇന്ത്യൻ സംഘം ഖത്തറിലെ വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ചയും ചർച്ചകളും നടത്തി ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും.
പാർലമെന്റ് അംഗങ്ങളായ രാജീവ് പ്രതാപ് റുഡി (ബി.ജെ.പി), വിക്രംജിത് സിങ് സാഹ്നി (എ.എ.പി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് ഠാകുർ (ബി.ജെ.പി), ലവ്റു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), മുൻ വ്യവസായ മന്ത്രി ആനന്ദ് ശർമ (കോൺഗ്രസ്), യു.എന്നിലെ മുൻ സ്ഥിരം പ്രതിനിധിയും മുൻ വിദേശകാര്യ വക്താവുമായ സയ്യിദ് അക്ബറുദ്ദീൻ എന്നിവരാണ് സംഘത്തിലുള്ളത്. 33 രാജ്യങ്ങളിലേക്കുള്ള ഏഴ് സംഘത്തിൽ ആറാമത്തെ സംഘമാണ് ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിലേക്കായി തിരിച്ചത്.
സുപ്രിയ സുലേ, ആനന്ദ് ശർമ എന്നിവർ ഉൾപ്പെടെ ന്യൂഡൽഹിയിൽനിന്ന് പുറപ്പെടുന്നതിന് മുമ്പുള്ള ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിർ ജയ്സ്വാൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചു.
യാത്ര തിരിക്കുംമുമ്പ് വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു. ഖത്തർ, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക, ഈജിപ്ത് രാജ്യങ്ങളിലേക്കായി 10 ദിവസത്തെ സന്ദർശനത്തിനാണ് സംഘം പുറപ്പെട്ടത്. ദോഹയിൽ വിവിധ മേഖലകളിലുള്ളവരുമായി സംഘം കൂടിക്കാഴ്ചയും ആശയ വിനിമയവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

