ഫാൽകൻ മേളയിലെ ഇന്ത്യൻ ആർട്ട്
text_fieldsചെന്നൈ സ്വദേശിയായ അർജുൻ സുവരാജ്
ദോഹ: കതാറ കൾച്ചറൽ വില്ലേജിലെ രാജ്യാന്തര ഫാൽകൻ ഫെസ്റ്റിൽ കാഴ്ചക്കാരെ ആകർഷിക്കുന്ന പ്രധാന ഇനമാണ് തത്സമയ പെയിൻറിങ്. ആയിരക്കണക്കിന് സന്ദർശകർ ദിവസേനയെത്തുന്ന പ്രദർശന വേദിയിൽ കാഴ്ചക്കാരുടെ മുന്നിൽനിന്ന് ജീവസ്സുറ്റ ഫാൽകനുകളെ, കാൻവാസിൽ തത്സമയം കോറിയിടുന്ന ചിത്രകാരന്മാരിലെ മലയാളി സാന്നിധ്യമാണ് കോഴിക്കോട് നടുവട്ടം സ്വദേശിയായ സകീർ ഹുസൈനും വടകര സ്വദേശിയായ രജീഷ് രവിയും.
കഴിഞ്ഞ ഒമ്പതു വർഷമായി കതാറ കൾച്ചറൽ വില്ലേജിൽ ഡിസൈനറായി ജോലിചെയ്യുന്ന സകീർ മികച്ചൊരു കലാകാരൻ എന്ന നിലയിൽ ഇതിനകം തന്നെ ഖത്തറിൽ ശ്രദ്ധേയനാണ്. വർഷങ്ങളായി ഫാൽകൻ ഫെസ്റ്റിൽ ആർട്ട് വർക്കുകളുമായി ഒപ്പമുണ്ട്. ഫാൽകൻ പ്രദർശനവേദിയിൽ സകീർ തീർത്ത പെയിൻറിങ്ങുകൾക്ക് ഇതിനകം തന്നെ ആവശ്യക്കാരെത്തിക്കഴിഞ്ഞു. സൂഖ് വഖിഫ് ആർട്സ് സെൻററിലെ കലാകാരനായ രജീഷ് രവിയും വൈവിധ്യങ്ങളായ ഫാൽകൻ പെയിൻറിങ്ങുമായി പ്രദർശന വേദിയിൽ സജീവമായുണ്ട്. തലശ്ശേരി സ്കൂൾ ഓഫ് ഫൈൻആർട്സിൽനിന്ന് ബിരുദം നേടിയ രജീഷ് 13 വർഷമായി ഖത്തറിൽ കലാരംഗത്തുണ്ട്.
'വലിയ താൽപര്യത്തോടെയാണ് സന്ദർശകരെത്തുന്നത്. ലൈവ് പെയിൻറിങ്ങിനെ നോക്കി നിന്നും അന്വേഷിച്ചും അവർ നന്നായി ആസ്വദിക്കുന്നു. വലിയൊരു മേളയുടെ ഭാഗമാവുന്നത് നല്ലൊരു അനുഭവമാണ്' -രജീഷ് രവി പറയുന്നു. ചെന്നൈ സ്വദേശിയായ അർജുൻ സുവരാജാണ് മറ്റൊരു ഇന്ത്യൻ കലാകാരൻ. കേൾക്കാനും സംസാരിക്കാനും കഴിയാത്ത അർജുൻ, പക്ഷേ തെൻറ കൈവിരലുകളും ചായക്കൂട്ടുകളും വഴി കാഴ്ചക്കാരോട് ഗംഭീരമായി തന്നെ സംദിക്കുന്നു. നേരത്തെ പൂർത്തിയാക്കിയ പിതൃഅമീർ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ശ്രദ്ധേയമായൊരു പെയിൻറിങ്ങിന് അരികിലിരുന്നാണ് അർജുൻ പുതിയ ഫാൽകൻ സൃഷ്ടി പൂർത്തിയാക്കുന്നത്. കൂട്ടായി മാതാപിതാക്കളായ രാജേഷ് ബാബുവും ശോഭാ രാജേഷും വേദിയിൽ തന്നെയുണ്ട്. ഇന്ത്യൻ കലാകാരന്മാർക്ക് പുറമെ ഖത്തറിൽനിന്നുള്ളവരും വിദേശികളുമെല്ലാം തത്സമയം പെയിൻറിങ്ങുമായി മേളയുടെ ശ്രദ്ധയാകർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

