ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ പ്രമോഷന് തുടക്കം
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ പ്രമോഷൻ ഖത്തറിലെ ഇന്ത്യൻ എംബസി ചാർജ്
ഡി അഫയേഴ്സ് സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലുടനീളമുള്ള ഔട്ട് ലെറ്റുകളിൽ ‘ഇന്ത്യ ഉത്സവ് 2026’പ്രമോഷന് തുടക്കം. ഉപഭോക്താക്കൾക്ക് ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം, പാരമ്പര്യം, വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ, കരകൗശല പൈതൃകം എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക ആഘോഷമാണ് ലുലു ഒരുക്കിയിരിക്കുന്നത്. അൽ ഗറാഫ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ, ഖത്തറിലെ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് സന്ദീപ് കുമാർ, ലുലു ഗ്രൂപ്പ് ഡയറക്ടറും സി.എസ്.ഒയുമായ ഡോ. മുഹമ്മദ് അൽത്താഫ് എന്നിവർ ചേർന്ന് ഇന്ത്യ ഉത്സവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണവിഭവങ്ങൾ, പാരമ്പര്യങ്ങൾ, കലകൾ, വസ്ത്രങ്ങൾ, കരകൗശല ഉൽപന്നങ്ങൾ എന്നിവ ഒരിടത്ത് പരിചയപ്പെടുത്തുന്നതാണ് ഇന്ത്യ ഉത്സവിന്റെ പ്രത്യേകത. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും വിലക്കുറവുകളും ലഭിക്കും.
സുഗന്ധവ്യഞ്ജനങ്ങൾ, പ്രാദേശിക ഭക്ഷ്യവസ്തുക്കൾ, പഴം-പച്ചക്കറികൾ, മധുരപലഹാരങ്ങൾ, ഉത്സവ വിഭവങ്ങൾ എന്നിവയ്ക്കൊപ്പം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ രുചികൾ വിളമ്പുന്ന ലൈവ് ഹോട്ട്-ഫുഡ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.ബിരിയാണി, വിവിധ കറികൾ, ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്, പരമ്പരാഗത മിഠായികൾ എന്നിവയ്ക്കൊപ്പം സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമുള്ള പരമ്പരാഗതവും ആധുനികവുമായ ഇന്ത്യൻ വസ്ത്രങ്ങളും പ്രമോഷന്റെ ഭാഗമായി ലഭ്യമാണ്. ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഇന്ത്യ ഉത്സവ് പ്രമോഷനും പ്രത്യേക ഓഫറുകളും ആഗസ്റ്റ് 21 വരെ തുടരും.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ഏതൊരു ഭാരതീയനും അഭിമാന നിമിഷമാണെന്നും 2047ൽ രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ ഒരു 'വികസിത ഭാരതം' ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കാണ് നാം കുതിക്കുന്നതെന്നും ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് സന്ദീപ് കുമാർ പറഞ്ഞു. ഖത്തറിലെ പ്രവാസി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിലും ഇന്ത്യൻ സംസ്കാരം ആഘോഷിക്കാനും ലുലു ഹൈപ്പർമാർക്കറ്റ് നൽകുന്ന പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ 25 വർഷമായി ലുലു ഗ്രൂപ്പ് ഇന്ത്യ ഉത്സവിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. ഇന്ത്യ ഉത്സവ്, ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങളുടെ ഉദ്ഘാടനം, വാർഷിക മാമ്പഴമേള തുടങ്ങിയവയിലൂടെ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ലുലുവിന് അഭിമാനമുണ്ട്. പ്രതികൂല ആഗോള സാഹചര്യങ്ങളിലും കാലാവസ്ഥാ വെല്ലുവിളികളിലും ഇന്ത്യയുടെ ഭക്ഷ്യ കയറ്റുമതി മേഖല ശക്തമായി നിലകൊണ്ടു. ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ എന്നും വിശ്വസ്ത പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

