ഖത്തർ അമീർ ഇന്ത്യയിലേക്ക്; ദ്വിദിന സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കം
text_fieldsദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യയിലേക്ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരമുള്ള സന്ദർശനത്തിന് ഫെബ്രുവരി 17ന് തുടക്കമാവുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിൽ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ പ്രമുഖർ ഉൾപ്പെടെ ഉന്നത സംഘം അമീറിനെ ഇന്ത്യൻ യാത്രയിൽ അനുഗമിക്കും. അമീറായി ചുമതലയേറ്റ ശേഷം 2015 മാർച്ചിലായിരുന്നു ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദ്യ ഇന്ത്യാ സന്ദർശനം.
ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തമാക്കുന്നതിലും വ്യപാര, നിക്ഷേപ മേഖലയിലെ ബന്ധം ദൃഢമാക്കുന്നതിലും അമീറിന്റെ ഇന്ത്യാ സന്ദർശനം പ്രധാനമായി മാറും. എട്ടര ലക്ഷത്തോളം വരുന്ന ഖത്തറിലെ ഇന്ത്യൻ പ്രവാസികളും ഏറെ അഭിമാനത്തോടെയാണ് രാഷ്ട്രനേതാവിനെ ഇന്ത്യാ സന്ദർശനത്തെ വിലയിരുത്തുന്നത്.
എട്ടര ലക്ഷത്തോളം വരുന്ന ഖത്തറിലെ ഇന്ത്യക്കാർക്കുകൂടി അഭിമാനമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ഇന്ത്യാ സന്ദർശന പ്രഖ്യാപനം. ശനിയാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് അമീറിന്റെ ദ്വിദിന സന്ദർശനം സംബന്ധിച്ച് വാർത്തക്കുറിപ്പിറക്കിയത്. 10 വർഷത്തോളം നീണ്ട ഇടവേളക്കു ശേഷമാണ് ഖത്തർ അമീർ ഇന്ത്യയിലേക്ക് വീണ്ടും യാത്ര പുറപ്പെടുന്നതെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.
2013ൽ അമീറായി ചുമതലയേറ്റതിനു പിന്നാലെ രണ്ടാം വർഷത്തിലായിരുന്നു ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ആദ്യ ഇന്ത്യാ സന്ദർശനം. ഖത്തറിലെ ഏറ്റവും വലിയ പ്രവാസിസമൂഹം എന്ന നിലയിൽ ഇന്ത്യക്കാരുടെ മണ്ണിലേക്കുള്ള അമീറിന്റെ ആദ്യ സന്ദർശനം ശ്രദ്ധേയമായിരുന്നു. ശേഷം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ലും ഏറ്റവും ഒടുവിലായി 2024 ഫെബ്രുവരിയിലും ഖത്തർ സന്ദർശിച്ചു. ഏറ്റവും ഒടുവിലായി കഴിഞ്ഞ വർഷം ഫെബ്രുവരി 14, 15 തീയതികളിൽ ഖത്തർ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപാണ് ദോഹയിൽ ലഭിച്ചിരുന്നത്. സന്ദർശനവേളയിൽ അമീറിനെ ഇന്ത്യ സന്ദർശിക്കാൻ മോദി ക്ഷണിക്കുകയും ചെയ്തിരുന്നു. ഖത്തറും ഇന്ത്യയും തമ്മിൽ നയതന്ത്ര, വ്യാപാര മേഖലയിൽ ഊഷ്മളമായ ബന്ധം നിലനിൽക്കുന്ന ഘട്ടത്തിലാണ് ഖത്തർ അമീറിന്റെ ന്യൂഡൽഹി സന്ദർശനമെത്തുന്നത്. ഇന്ത്യയുടെ ഊർജ സുരക്ഷയുടെ പ്രധാന പങ്കാളികൂടിയാണ് ഖത്തർ. 2022 -23 വർഷങ്ങളിൽ 1900 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നത്. ഖത്തർ എനർജിയും ഇന്ത്യയുടെ ഊർജവിതരണക്കാരായ പെട്രോനെറ്റ് എൽ.എൻ.ജിയും 20 വർഷത്തെ ദ്രവീകൃത പ്രകൃതി വാതക വിതരണത്തിലും കരാറിലെത്തിയിരുന്നു.
2024 ഡിസംബറിൽ വിദേശകാര്യമന്ത്രി ഡോ. ജയശങ്കർ ദോഹ ഫോറത്തിൽ പങ്കെടുത്ത് ഖത്തർ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, വാണിജ്യ-വ്യവസായ മന്ത്രി എന്നിവരുമായും സംഭാഷണം നടത്തി. 2024 ഡിസംബറിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി ഇന്ത്യ സന്ദർശിച്ച് ഇന്ത്യൻ വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തി. കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ നടന്ന എനർജി വീക്കിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅ്ദ് ശരിദ അൽ കഅ്ബി പങ്കെടുത്തിരുന്നു.
ഇന്ത്യയും ഖത്തറും 1999 മുതൽ ദീർഘകാല ഊർജ പങ്കാളിത്തം ഇപ്പോഴും ശക്തമായി തുടർന്നുവരുന്നുണ്ട്. 2028 മുതൽ 20 വർഷത്തേക്ക് 75 ലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം കൈമാറുന്ന കരാറാണ് കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്നത്. ‘ഗെയ്ലി’ന് ‘ദ്രവീകൃത പ്രകൃതിവാതകം’ നൽകാൻ ഖത്തർ എനർജിയുമായി അഞ്ചുവർഷ കരാർ അടുത്തിടെ ഒപ്പുവെച്ചു. ഖത്തറിൽനിന്ന് നാഫ്ത വിതരണത്തിന് ഇന്ത്യൻ കമ്പനിയായ ഹാൽഡിയ പെട്രോകെമിക്കൽസും കരാറിലെത്തി. 1400 കോടി ഡോളർ മൂല്യവുമായി ഇന്ത്യക്കും ഖത്തറിനുമിടയിൽ വ്യാപാരബന്ധം സുദൃഢമാണ്.
ഇതിനുപുറമെയാണ് ഖത്തറിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന ഇന്ത്യക്കാരുടെ പങ്കാളിത്തം. 8.35 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിൽ പ്രവാസികളായുള്ളത്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസിസമൂഹമായ ഇന്ത്യൻ സമൂഹം ഖത്തറിന്റെ വളർച്ചയിലും വികസനത്തിലും വലിയ സംഭാവനകളാണ് അർപ്പിക്കുന്നത്. പ്രവാസി സമൂഹവും ഏറെ അഭിമാനത്തോടെയാണ് രാഷ്ട്രനേതാവിന്റെ ഇന്ത്യാ സന്ദർശനത്തെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

