ഇന്ത്യ -ഖത്തർ വ്യാപാര കരാർ; വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇന്ന് ഖത്തറിൽ
text_fieldsദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇന്ന് ദോഹയിലെത്തും. ഖത്തർ വാണിജ്യമന്ത്രിയുമായി അദ്ദേഹം ചർച്ച നടത്തും. ഇരുരാഷ്ട്രങ്ങളിലെയും ബിസിനസ് സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരുരാഷ്ട്രങ്ങളും തമ്മിൽ നടക്കുന്ന ചർച്ചകൾ ഏറെ പുരോഗമിച്ച ഘട്ടത്തിലാണ് പിയൂഷ് ഗോയൽ ദോഹയിലെത്തുന്നത്. വ്യാപാര കരാറിന്റെ പരിശോധനാ വിഷയങ്ങൾ സന്ദർശനത്തിൽ തീർപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽഥാനിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിൽ പ്രധാനപ്പെട്ടത്. ദോഹയിൽ നടക്കുന്ന ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ യോഗത്തെ ഇരു മന്ത്രിമാരും അഭിസംബോധന ചെയ്യും.
ഖത്തർ ചേംബറിലെയും ഖത്തർ ബിസിനസ് അസോസിയേഷനിലെയും പ്രമുഖരുമായി പിയൂഷ് ഗോയൽ ചർച്ച നടത്തും. ഇന്ത്യൻ ബിസിനസ് സമൂഹവുമായും അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, അസോചം തുടങ്ങിയ ബിസിനസ് കൂട്ടായ്മകളിലെ പ്രതിനിധികൾ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ഇന്ത്യാ സന്ദർശനവേളയിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ദോഹയിലെ ചർച്ചകൾ. നേരത്തേ ന്യൂഡൽഹിയിലും ഇതുമായി ബന്ധപ്പെട്ട കൂടിയാലോചകൾ നടന്നിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 14.2 ബില്യൺ യു.എസ് ഡോളറാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വ്യാപാരം 28 ബില്യൺ ഡോളറിലെത്തിക്കാനാണ് ഇരുരാഷ്ട്രങ്ങളും ലക്ഷ്യമിടുന്നത്.
ബിസിനസ് കൗൺസിൽ യോഗത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളും അവലോകനം ചെയ്യുന്നതിനായി വെള്ളിയാഴ്ച ഖത്തർ ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി ഇന്ത്യൻ അംബാസഡർ വിപുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ, ഖത്തറിലെ സ്വകാര്യ മേഖലയുമായി വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുന്നതിനുള്ള താൽപര്യം പ്രകടിപ്പിച്ച ഇന്ത്യൻ അംബാസഡർ വിപുൽ, സംയുക്ത നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിന് വരാനിരിക്കുന്ന ഇന്ത്യ -ഖത്തർ ബിസിനസ് കൗൺസിൽ മികച്ച വേദിയായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രതിനിധി സംഘത്തിൽ 50ൽ അധികം ബിസിനസ് സംരംഭകരാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

