ദോഹ: ഇരുപതാമത് പുരുഷ വിഭാഗം ഏഷ്യൻ സീനിയർ വോളിബാൾ ച ാമ്പ്യൻഷിപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീം ആദ്യ സന്നാഹ മത്സരത്തിൽ ഖത്തറുമായി ഇന്ന് ഏറ്റുമുട്ടും. സലത്തയിലെ അൽ അറബി സ്റ്റേഡിയത്തിന് സമീപമുള്ള ഖത്തർ വോളിബാൾ അസോസിയേഷൻ ഹാളിൽ വൈകീട്ട് ഏഴു മണിക്കാണ് മത്സരം. മോഹൻ ഉക്കരപാണ്ഡ്യെൻറ നായകത്വത്തിൽ ഇന്ന് ഇറങ്ങുന്ന പന്ത്രണ്ടംഗ ഇന്ത്യൻ ടീമിൽ മലയാളികളായ അഖിൻ ജാസ്, അജിത് ലാൽ എന്നിവരുണ്ട്. കൂടാതെ കേരള സംസ്ഥാന ടീമിെൻറ ആക്രമണകാരിയായ തമിഴ്നാട്ടുകാരൻ ജെറോം വിനീത്, രഞ്ജിത് സിങ്, വിനീത് ചൗധരി, അശ്വൽ റായ്, ദീപേഷ് കുമാർ സിൻഹ, പങ്കജ് ശർമ, അമിത് കുമാർ, മനോജ്, കമലേഷ് കാർത്തിക് എന്നീ കളിക്കാരും ഇന്ത്യൻ കരുത്ത് തെളിയിക്കാൻ ഇറ ങ്ങുന്നുണ്ട്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
കഴിഞ്ഞ മൂന്നു മാസത്തോളമായി സെർബിയൻ കോച്ച് ഡ്രാഗെൻറ ശിക്ഷണത്തിൽ കഠിന പരിശീലനത്തിലാണ് ടീം. ദോഹയിലെ ടീമിെൻറ സന്ദർശനത്തിന് വഴിയൊരുക്കിയത് വോളിഖിെൻറ സഹകരണത്തോടെ ഇന്ത്യൻ സ്പോർട്സ് സെൻറർ ആണ്. 22 അംഗ സംഘമാണ് ആകെയുള്ളത്. കളിക്കാരിൽ പ്രഭാകർ, നവീൻ രാജ് എന്നിവർ ഒഴികെയുള്ള 12 പേരും ദോഹയിൽ എത്തിക്കഴിഞ്ഞു. സലത്തയിലെ ഖത്തർ വോളിബാൾ അസോസിയേഷൻ ഹാളിൽ കഴിഞ്ഞ ദിവസങ്ങളിൽ ടീം പരിശീലനം നടത്തിവരുന്നുണ്ട്.
സെപ്റ്റംബർ 13 മുതൽ 21 വരെ ഇറാൻ തലസ്ഥാനമായ തെഹ്റാനിലാണ് ഇരുപതാമത് ഏഷ്യൻ സീനിയർ പുരുഷവിഭാഗം ചാമ്പ്യൻഷിപ് നടക്കുന്നത്. ഇന്ത്യൻ ടീം 12 ദിവസത്തെ പരിശീലന മത്സര പരിപാടികൾക്കായാണ് കഴിഞ്ഞ ദിവസം ദോഹയിൽ എത്തിയത്. ചാമ്പ്യൻഷിപ്പിനുള്ള പരിശീലനത്തിെൻറ അവസാന പാദത്തിൽ എത്തിനിൽക്കുന്ന ഇന്ത്യൻ ടീം ഖത്തർ ദേശീയ ടീമുമായി സെപ്റ്റംബർ മൂന്നിനും സൗഹൃദ മത്സരം കളിക്കുന്നുണ്ട്. സെപ്റ്റംബർ ആറിന് ചൈനയുമായും ഏഴിന് ആസ്ട്രേലിയയുമായും സന്നാഹമത്സരങ്ങളുമുണ്ട്. 1975ൽ ആരംഭിച്ച് 1987 വരെ നാലുവർഷം കൂടുമ്പോൾ നടത്തപ്പെടാറുള്ള ഏഷ്യൻ ചാമ്പ്യൻഷിപ് തുടർന്ന് രണ്ടു വർഷത്തെ ഇടവേളകളിലാണ് നടക്കുന്നത്.
ഏറ്റവുമൊടുവിൽ ഇന്ത്യ ഇറങ്ങിയത് 2015ലെ തെഹ്റാൻ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആയിരുന്നു. അന്ന് 11ാം സ്ഥാനത്തായിരുന്നു എത്തിയത്. 79, 83, 84 എന്നീ വർഷങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ അഞ്ചാം സ്ഥാനം നിലനിർത്തി. പിന്നീട് 2001 വരെ നടന്ന ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയുടെ സ്ഥാനം ഏഴിന് താഴെയായിരുന്നു. 2003ൽ സുബ്ബ റാവു ഏറ്റവും വിലയേറിയ താരമായി തെരഞ്ഞെടുക്കപ്പെട്ട ചാമ്പ്യൻഷിപ്പിൽ ഇന്ത്യ അഞ്ചാം സ്ഥാനം നേടി. 2005ൽ സുബ്ബ റാവു മികച്ച ബ്ലോക്കർ ആയി തെരഞ്ഞെടുക്കപ്പെട്ട തായ്ലൻഡ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നേടിയ നാലാം സ്ഥാനമാണ് ഇന്ത്യയുടെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനം.