സ്വാതന്ത്ര്യദിനം നമ്മെ ഓർമിപ്പിക്കുന്നത്
text_fields‘സ്വാതന്ത്ര്യം എന്നത് ഓരോ മനുഷ്യനും അവൻ സ്വതന്ത്രനും നിർഭയനുമായി ജീവിക്കാൻ കഴിയുന്നു എന്ന ബോധ്യം ഉണ്ടാകുമ്പോഴാണ്’. അതായിരുന്നു ഗാന്ധിജിയുടെ സ്വാതന്ത്ര്യദിന സന്ദേശം
ഭാരതം അതിന്റെ 79ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ലോകത്തിന്റെ നാനാഭാഗത്തുള്ള ഇന്ത്യക്കാർ ഒരുമിച്ച് മനസ്സുകൊണ്ട് ആഘോഷിക്കുന്ന ഒരു വലിയ ചടങ്ങാണ് സ്വാതന്ത്ര്യദിനം.
സ്വാതന്ത്ര്യം എന്നത് അത് നിഷേധിക്കപ്പെടുമ്പോഴാണ് കൂടുതൽ ആഴത്തിൽ മനസ്സിലാക്കുക എന്ന് നമുക്കറിയാം. നാം അനുഭവിക്കേണ്ട, നമുക്ക് ലഭിക്കേണ്ട, നമുക്ക് അറിയേണ്ട സംഗതികൾ നമുക്ക് ലഭിക്കാതെവരുമ്പോൾ അതുണ്ടാക്കുന്ന അസ്വസ്ഥതകൾ നമ്മെ എവിടെക്കൊണ്ടെത്തിക്കും എന്ന് നമുക്കറിയാം. നിങ്ങൾ ഒരാളെ അവഗണിക്കുകയാണെങ്കിൽ അയാൾ തീർത്തും നിശ്ശബ്ദനാവുകയും പിന്നീട് ഒറ്റപ്പെടുകയും ഒറ്റപ്പെടുന്നവന്റെ ഒരു സമൂഹത്തിൽ എത്തുകയും അവർ നെഗറ്റിവ് ചിന്തകൾകൊണ്ട് എല്ലാറ്റിനെയും എതിർക്കുകയും അത് പിന്നീട് ദേശവിരുദ്ധതയിൽ എത്തുകയും ദേശവിരുദ്ധൻ തീവ്രവാദിയായി മാറുകയും ചെയ്യുമെന്ന് തത്ത്വചിന്തകനും എഴുത്തുകാരനുമായ ആൽബേർ കാമ്യുവിന്റെ വാക്കുകൾ ഈ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ നാം വളരെ ശ്രദ്ധയോടെ ഉൾക്കൊള്ളേണ്ടതാണ്.
നിങ്ങൾക്ക് ഈ ലോകത്തെ ഏതു കൊട്ടാരവും ഞങ്ങൾ ഉണ്ടാക്കിത്തരാം, നിങ്ങൾ ഹിന്ദുസ്ഥാൻ മാത്രം ഞങ്ങൾക്ക് തന്നാൽ മതി എന്ന അഭ്യർഥനയുടെ മുന്നിൽ ഹിന്ദുസ്ഥാന്റെ മണ്ണിൽ കിടന്നുകൊണ്ട് മരിക്കണമെന്നല്ലാതെ എനിക്ക് മറ്റൊരാഗ്രഹമില്ല എന്നുപറഞ്ഞ് ബ്രിട്ടീഷുകാർക്കെതിരെ അവസാനശ്വാസം വരെ പോരാടിയ ബഹദൂർഷാ ചക്രവർത്തിമാരാണ് സ്വാതന്ത്ര്യത്തിനു മുമ്പുവരെ പോലും ഇന്ത്യയിൽ ഉണ്ടായിരുന്നത്. ‘ജനനി ജന്മഭൂമിശ്ച സ്വർഗാദ പിഗരീയസീ’ എന്ന് സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മുടെ വേദങ്ങളിലും കാണാം. അവരുടെ കൂടി ചരിത്രമാണ് ഇന്ത്യയുടെ ചരിത്രം. താൻ ജീവിച്ചു വളർന്ന മണ്ണില്ലാതെ മറ്റെന്തുകൊണ്ടും നമ്മെ തൃപ്തിപ്പെടുത്തില്ല എന്ന് നമുക്കറിയാം. അതുകൊണ്ടാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയുള്ള ഒരു രാജ്യത്ത് ആ ജനാധിപത്യത്തിന് കോട്ടം തട്ടുന്ന ഏതെങ്കിലും ഒരു പ്രവർത്തനം കാണുമ്പോൾ മതേതര ജനാധിപത്യ വിശ്വാസികൾ അതിനെ ചോദ്യംചെയ്യുന്നത്.
ഇന്ന് ഇന്ത്യ ലോകത്തിലെ തന്നെ പ്രബലമായ ഒരു രാഷ്ട്രമാണ്. സൈനികശക്തി കൊണ്ടും മനുഷ്യ വിഭവശേഷി കൊണ്ടും സാങ്കേതികത കൊണ്ടും യുവജനങ്ങളുടെ നൈപുണ്യ ശേഷികൊണ്ടും നാമിന്ന് ലോകത്തിലെതന്നെ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് 200 വർഷത്തോളം വിദേശാധിപത്യത്തിൽ കഴിഞ്ഞിരുന്ന ഒരു രാജ്യം ഇന്ന് ലോകരാജ്യങ്ങളുടെ മുന്നിൽ ഇങ്ങനെ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നുവെങ്കിൽ അത് കാഴ്ചപ്പാടിന്റെയും സമഭാവനയുടെയും മതേതരത്വത്തിന്റെയും സാമൂഹിക ബോധത്തിന്റെയും ഐക്യത്തിന്റെയും അഖണ്ഡതയുടെയും ഭാരതീയത എന്ന ഒരു കൂട്ടായ്മയുടെയും സൃഷ്ടിയാണ്. അതിനുവേണ്ടി ബലി കൊടുത്തവർ, ജീവിതം ഹോമിച്ചവർ ഒക്കെ നമുക്കു മുന്നിൽ തുറന്നുകാട്ടുന്നത് ഭാരതത്തിന്റെ ദേശീയത എന്നാൽ കാശ്മീർ മുതൽ കന്യാകുമാരിവരെ വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ജീവിത രീതികളും ഉള്ള ഒരു ജനതയുടെ വ്യത്യസ്തതകളിൽ നിന്ന് ഉണ്ടാകുന്ന ഭാരതം എന്ന ദേശീയ വികാരമാണ് എന്നതാണ്. അത് ഇന്ന് നാം മനസ്സിലാക്കുന്ന ദേശീയതയിൽനിന്നും എത്രയോ വ്യത്യസ്തമാണ്. അത് ഒരു ഭാഷ, ഒരു സംസ്കാരം, ഒരു ചരിത്രം എന്ന തീവ്ര ദേശീയതയല്ല. അത് മതമുള്ളവനും മതമില്ലാത്തവനും ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും സാധാരണക്കാരനും പണക്കാരനും അവന്റെ അവകാശങ്ങൾ സ്വതന്ത്രവും നിർഭയവും ആയി നിറവേറ്റാൻ കഴിയുകയും ലഭിക്കുകയും ചെയ്യുമെന്ന ആത്മവിശ്വാസത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. വൈവിധ്യമാണ് അതിന്റെ പുറംചട്ട.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരാഴ്ചക്കു മുമ്പ് നെഹ്രുവിന്റെയും പട്ടേലിന്റെയും ദൂതൻ ഗാന്ധിജിയെ കാണാൻ സ്വാതന്ത്ര്യത്തിന്റെ ചടങ്ങിൽ പങ്കെടുക്കാൻവേണ്ടി ക്ഷണിക്കാൻ വന്നപ്പോൾ ഗാന്ധിജി ബംഗാളിൽ വളരെ ദുഃഖത്തോടെ ഒരു ഗ്രാമത്തിൽ ഇരിക്കുകയായിരുന്നു. ഏറെ ക്ഷീണിതനായ ഗാന്ധിജിയുടെ കൈയിൽ നെഹ്രുവിന്റെ സന്ദേശം കൊടുത്തപ്പോൾ ഗാന്ധിജി അൽപനേരം മൗനം ഭജിക്കുകയും താങ്കൾ ഭക്ഷണം കഴിച്ചോ എന്ന് തിരിച്ചുചോദിക്കുകയും ചെയ്തു. കരഞ്ഞുപോയ ദൂതന്റെ കണ്ണിൽനിന്ന് കണ്ണീർ ഒരു ഉണങ്ങിയ ഇലയിൽ പതിച്ചപ്പോൾ മെല്ലെ ഗാന്ധിജി അത് എടുത്ത് ഇന്ത്യക്കാരന്റെ വേദന ഈ ഉണങ്ങിയ ഇലക്കുപോലും മനസ്സിലാവുന്നു എന്ന് ദുഃഖത്തോടെ പറഞ്ഞു.
എന്നിട്ട് മെല്ലെ പതിഞ്ഞ സ്വരത്തിൽ ദൂതനോട് പറഞ്ഞു ‘ബംഗാൾ കത്തിയെരിയുമ്പോൾ, ഇന്ത്യയിലെ ഹിന്ദുവും മുസ്‍ലിമും തമ്മിലടിക്കുമ്പോൾ, സ്ത്രീകളുടെയും കുട്ടികളുടെയും നിർത്താത്ത രോദനങ്ങൾ എന്റെ ചെവിയിലേക്ക് പതിക്കുമ്പോൾ ഡൽഹിയിലെ പ്രകാശ ധോരണിയിൽ എനിക്കെന്ത് സ്വാതന്ത്ര്യം, എനിക്കെന്ത് ആഘോഷം’ എന്ന്. ശേഷം ഗാന്ധിജി പറഞ്ഞു ‘സ്വാതന്ത്ര്യം എന്നത് ഓരോ മനുഷ്യനും അവൻ സ്വതന്ത്രനും നിർഭയനുമായി ജീവിക്കാൻ കഴിയുന്നു എന്ന ബോധ്യം ഉണ്ടാകുമ്പോഴാണ്’. അതായിരുന്നു ഗാന്ധിജിയുടെ സ്വാതന്ത്ര്യദിന സന്ദേശം. 147 കോടിയോളം വരുന്ന ഒരു ജനത ഒരു രാജ്യത്തിന്റെ കീഴിൽ ഞങ്ങളുടെ അവകാശങ്ങൾ ജാതിയുടെയോ മതത്തിന്റെയോ വർഗത്തിന്റെയോ വർണത്തിന്റെയോ വ്യത്യാസമില്ലാതെ സംരക്ഷിക്കാൻ കഴിയുന്നു എന്ന ആത്മവിശ്വാസമാണ് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. അതിന് അടിവരയിടുന്നതായിരിക്കണം നമ്മുടെ രാഷ്ട്രത്തന്റെ പ്രവർത്തനങ്ങൾ.
കോടതിയും തെരഞ്ഞെടുപ്പ് കമീഷനും പാർലമെന്റും മറ്റു ഭരണഘടന സ്ഥാപനങ്ങളും ഈയൊരു തത്ത്വത്തിൽ ഊന്നിക്കൊണ്ട് പ്രവർത്തിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ സുസ്ഥിരവും ശാശ്വതവുമായ ഒരു രാഷ്ട്രത്തെ കെട്ടിപ്പിടിക്കാൻ കഴിയൂ. സാധാരണക്കാരനും പാർശ്വവത്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളടങ്ങുന്ന എല്ലാവർക്കും കൈത്താങ്ങാകുന്ന രാഷ്ട്രമായി നാം മാറേണ്ടതുണ്ട്. ലോകത്തിന്റെ ഏതു ഭാഗത്തായാലും നമ്മുടെ രാഷ്ട്രത്തിന്റെ ജനാധിപത്യത്തെയോ മതേതരത്വത്തെയോ ഐക്യത്തെയോ അഖണ്ഡതയെയോ തകർക്കുന്ന ഒരു വിധ്വംസക ശക്തികളെയും മനസ്സുകൊണ്ടുപോലും അംഗീകരിക്കാൻ പാടില്ല. ഒരു ജനതയുടെ കൂട്ടായ എതിർപ്പ് ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് എതിരായുണ്ടെങ്കിൽ നമ്മുടെ രാഷ്ട്രത്തിനുവേണ്ടി ബലി കൊടുക്കേണ്ടിവന്ന രാഷ്ട്രനായകർക്ക് നാം നൽകുന്ന പാരിതോഷികവും അതുതന്നെയായിരിക്കും. അതാകട്ടെ നമ്മുടെ സ്വാതന്ത്ര്യദിന ചിന്ത
(ലേഖകൻ എഴുത്തുകാരനും മുൻ കേരള സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവുമാണ് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

