സെപ്റ്റംബറിൽ റിക്രൂട്ട്മെന്റ് അപേക്ഷകളിൽ വർധന
text_fieldsദോഹ: സെപ്റ്റംബർ മാസത്തിൽ 8191 പുതിയ റിക്രൂട്ട്മെൻറ് അപേക്ഷകൾ ലഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രതിമാസ ബുള്ളറ്റിനിലെ കണക്കുകൾപ്രകാരം, മന്ത്രാലയത്തിന് ലഭിച്ച ആകെ അപേക്ഷകളിൽ 3910 അപേക്ഷകൾക്ക് അംഗീകാരം നൽകുകയും 4281 അപേക്ഷകൾ തള്ളുകയും ചെയ്തു. അതോടൊപ്പം തൊഴിൽ മാറ്റം വരുത്തുന്നതിനായി 5015 അപേക്ഷകൾ ലഭിച്ചപ്പോൾ അതിൽ 3990 അപേക്ഷകൾക്ക് അംഗീകാരം നൽകിയതായും 1025 അപേക്ഷകൾ നിരസിച്ചതായും ബുള്ളറ്റിനിൽ വ്യക്തമാക്കി.
സെപ്റ്റംബറിൽ വർക്ക് പെർമിറ്റ് വിഭാഗത്തിൽ 2175 അപേക്ഷകളാണ് മന്ത്രാലയത്തിനു മുന്നിലെത്തിയത്. ഇതിൽ 913 അപേക്ഷകൾ പെർമിറ്റ് പുതുക്കുന്നതിനും 907 അപേക്ഷകൾ പുതിയ പെർമിറ്റിനുള്ളതുമായിരുന്നു. അതേസമയം, നൽകിയ പെർമിറ്റുകൾ റദ്ദാക്കുന്നതിന് 353 അപേക്ഷകളും നഷ്ടപ്പെട്ട പെർമിറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് രണ്ട് അപേക്ഷകൾ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.തൊഴിൽ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട നിയമങ്ങളും തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സെപ്റ്റംബറിൽ റിക്രൂട്ട്മെൻറ് ഓഫിസുകളിലായി 47 പരിശോധന സന്ദർശനങ്ങളാണ് നടത്തിയത്.
നിയമലംഘനം നടത്തിയ ഒരു ഓഫിസിന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായും ബുള്ളറ്റിൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.കഴിഞ്ഞ മാസം വിവിധ പ്രദേശങ്ങളിലായി 4560 പരിശോധനകൾ നടത്തിയപ്പോൾ 1216 നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം നടത്തിയവർക്കെതിരെ 473 മുന്നറിയിപ്പ് നോട്ടീസ് നൽകിയതായും ചൂടുകാലത്ത് തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നവരുടെ സംരക്ഷണത്തിനായുള്ള 2021ലെ 17ാം നമ്പർ മന്ത്രാലയ ഉത്തരവ് 81 കമ്പനികൾ ലംഘിച്ചതായും മന്ത്രാലയം പുറത്തുവിട്ടു.
മന്ത്രാലയത്തിനു കീഴിലുള്ള തർക്കപരിഹാര സമിതികളിലേക്ക് 1327 കേസുകൾ റഫർ ചെയ്തതായും കേസുകളിൽ സമിതി എടുത്ത ആകെ തീരുമാനങ്ങളുടെ എണ്ണം 376 ആയതായും 610 കേസുകൾ സമിതിയുടെ പരിഗണനയിലാണെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

