ഖത്തറിൽ വാഹന രജിസ്ട്രേഷനിൽ വർധന
text_fieldsദോഹ: ഈ വർഷം ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 12,203 ആയതോടെ 2021 നവംബറിലെ കണക്കുകളെ അപേക്ഷിച്ച് 45.8 ശതമാനം വർധന രേഖപ്പെടുത്തിയതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ). പ്രതിവർഷ കണക്കുകളിൽ 80.2 ശതമാനം വർധനവും രേഖപ്പെടുത്തിയതായും പി.എസ്. എ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
സ്വകാര്യ വാഹനങ്ങളിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ 7055 എത്തിയതായി (58 ശതമാനം) പി.എസ്.എ ചൂണ്ടിക്കാട്ടി. പ്രതിമാസ അടിസ്ഥാനത്തിൽ യഥാക്രമം 32.3 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 73.3 ശതമാനവുമാണ് വർധിച്ചത്. രജിസ്റ്റർ ചെയ്ത സ്വകാര്യ മോട്ടോർ സൈക്കിളുകളുടെ എണ്ണം 639 ആയി വർധിച്ചു. മുൻ മാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് വർധന.
കൂടുതൽ കാറുകൾ വിൽക്കുകയും വാങ്ങുകയും ചെയ്തതിനാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ തിരിച്ചുവരവിന്റെ സൂചനയാണ് വാഹന രജിസ്ട്രേഷനിലെ വർധന കാണിക്കുന്നത്. സ്വകാര്യ ഗതാഗത വാഹനങ്ങളുടെ രജിസ്ട്രേഷനിലും 16 ശതമാനം വർധനവുണ്ടായി. ട്രെയിലറുകളുടെ എണ്ണത്തിൽ പ്രതിവർഷ കണക്കുകൾ പ്രകാരം 65 ശതമാനവും വലിയ ഉപകരണങ്ങളുടെ രജിസ്ട്രേഷനിൽ പ്രതിമാസ താരതമ്യത്തിൽ മൂന്ന് ശതമാനവും വർധന രേഖപ്പെടുത്തിയതായും പി.എസ്.എ വിശദീകരിച്ചു.
2022 ഒക്ടോബറിലെ ട്രാഫിക് നിയമലംഘനങ്ങളിൽ 71 ശതമാനവും അമിത വേഗതയാണെന്ന് പി.എസ്.എ ചൂണ്ടിക്കാട്ടി. സ്റ്റാൻഡ് ആൻഡ് വെയ്റ്റ് നിയമലംഘനങ്ങൾ 18 ശതമാനം വരും. അമിതവേഗംമൂലമുള്ള നിയമലംഘനങ്ങളുടെ എണ്ണം പ്രതിമാസ കണക്കുകളിൽ 17.3 ശതമാനം കുറവ് രേഖപ്പെടുത്തി.
അതേസമയം, ട്രാഫിക് സിഗ്നൽ ലംഘനങ്ങളുടെ എണ്ണം ഒക്ടോബറിൽ 4290 രേഖപ്പെടുത്തി. മുൻമാസത്തെ അപേക്ഷിച്ച് 20.3 ശതമാനവും വാർഷിക കണക്കുകളിൽ 35.3 ശതമാനവും കുറവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

