ഖത്തറിൽനിന്ന് സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന; കൂടുതലും ഉംറക്ക്
text_fieldsദോഹ: ഖത്തറിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ വൻ വർധന. തീർഥാടകരും ടൂറിസ്റ്റുകളുമടങ്ങുന്നവരാണ് കൂടുതലും സൗദിയിലേക്ക് പോകുന്നത്. വാരാന്ത്യത്തിലാണ് സന്ദർശകരുടെ ഒഴുക്ക് അനുഭവപ്പെടുന്നത്. ഇവരിൽ കുടുതൽപേരും ഉംറക്ക് പോകുന്നവരാണ്. വരും മാസങ്ങളിൽ സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു.
രാജ്യത്തുടനീളമുള്ള നിരവധി താമസക്കാരും തീർഥാടകരും സൗദി ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രക്കായി തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. സൗദിയാകട്ടെ, ഖത്തർ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്ക് രാജ്യത്തേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും എളുപ്പത്തിലും സാധ്യമാകുന്ന രീതിയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഓൺലൈൻ പോർട്ടലിലൂടെ ഇ-വിസക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടാതെ, ഇക്കഴിഞ്ഞ ഫിഫ ലോകകപ്പ് കാലത്ത് ആരാധകർക്ക് ഖത്തറിൽ പ്രവേശിക്കാനുള്ള ഡിജിറ്റൽ ഐ.ഡിയായ ഹയ്യ കാർഡ് കൈവശമുള്ളവർക്ക് 60 ദിവസത്തേക്ക് സൗജന്യ പ്രവേശനവും സൗദി പ്രഖ്യാപിച്ചിരുന്നു. ‘ഉംറക്കും ഹജ്ജിനുമുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ സൗദി, ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും അവസരം നൽകുന്നുണ്ട്. ‘‘ഞാൻ 150 മുതൽ 200 വരെ വിസകൾ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്ക് നൽകിയിട്ടുണ്ട്. ഹയ്യ കാർഡുള്ളവർക്കും വിസ ഏർപ്പാടാക്കി നൽകി. ഡിസംബറിൽ ആവശ്യക്കാർ ഏറെയായിരുന്നു. സൗദി അറേബ്യയിലേക്കുള്ള യാത്രക്ക് കൂടുതൽ പേരെത്തുന്നുണ്ട്. മിക്ക താമസക്കാരും ഇത്തരത്തിലുള്ള വിസക്കാണ് അപേക്ഷിക്കുന്നത്.
ഭൂരിപക്ഷം ആളുകളും വാരാന്ത്യങ്ങളിലാണ് യാത്ര പോകുന്നതും’’ - സ്വകാര്യ ട്രാവൽസ് ഉടമയായ ഇർഫാൻ ഉമർ ‘ദി പെനിൻസുല’യോട് പറഞ്ഞു. ‘‘ഫ്ലൈറ്റുകൾ നിറയെ യാത്രക്കാരുമായാണ് പോയിക്കൊണ്ടിരിക്കുന്നത്. ഹോട്ടൽ വാടകയിൽ നേരിയ വർധനവുണ്ട്. ജി.സി.സി റസിഡൻസിനുള്ള ഒരുവർഷത്തെ മൾട്ടിപ്ൾ എൻട്രി വിസക്കും ആവശ്യക്കാരുണ്ട്’’-ഇർഫാൻ ഉമർ കൂട്ടിച്ചേർത്തു. താമസക്കാർ വെള്ളി, ശനി ദിവസങ്ങളിലായാണ് ഉംറക്ക് ബുക്ക് ചെയ്യുന്നത്. മിക്കവരും ദോഹയിൽനിന്ന് വ്യാഴാഴ്ച രാത്രി തിരിക്കും. ഉംറ കഴിഞ്ഞ് ശനിയാഴ്ചയോടെ തിരിച്ചെത്തും. ഈയിടെ, യാത്രക്കാർക്ക് കോവിഡ് സംബന്ധമായ നിയന്ത്രണങ്ങളും സൗദി ഒഴിവാക്കിയിരുന്നു. വാക്സിൻ എടുത്തവർക്കും അല്ലാത്തവർക്കുമൊക്കെ രാജ്യത്തേക്ക് പ്രവേശിക്കാനാകും. ടൂറിസ്റ്റ് വിസയുണ്ടെങ്കിൽ വാക്സിനേഷൻ സ്റ്റാറ്റസ് നോക്കാതെതന്നെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
സൗദിയിൽ വാക്സിൻ സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാർക്ക് ‘തവക്കൽന’ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. പരിപാടികൾ, പൊതുഗതാഗതം, വിമാനങ്ങൾ തുടങ്ങിയവയിലൊന്നും പ്രവേശിക്കാൻ ഇപ്പോൾ വാക്സിനേഷൻ എടുത്തതായി തവക്കൽനയിൽ പ്രൂഫ് കാണിക്കേണ്ടതില്ല. നിയന്ത്രണങ്ങൾ കുറഞ്ഞതോടെ മക്കയിലും ഹറമിലുമുള്ള ഹോട്ടലുകളിൽ നിരക്ക് കൂടിയതായി ഉമർ ചൂണ്ടിക്കാട്ടി. ഖത്തർ റിയാൽ 750 മുതൽ 1500 വരെയാണ് ഒരു രാത്രിക്ക് മക്ക, ഹറം, മദീന എന്നിവിടങ്ങളിലെ ശരാശരി നിരക്കെന്നും ഉമർ പറഞ്ഞു. നിരക്ക് കുറഞ്ഞ ഹോട്ടലുകൾ കിട്ടാനുണ്ട്. എന്നാൽ, അവ ഹറമിൽനിന്ന് അൽപം ദൂരെയാകും. ഒരു രാത്രി താമസിക്കാൻ ഇത്തരം ഹോട്ടലുകളിൽ 150 മുതൽ 300 വരെ ഖത്തർ റിയാൽ നൽകിയാൽ മതിയാകുമെന്നും ഇർഫാൻ ഉമർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

