വിമാനയാത്രികരുടെ എണ്ണത്തിൽ വർധന
text_fieldsദോഹ: ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യു.സി.എ.എ) പുറത്തുവിട്ട എയർ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഈ വർഷം മാർച്ചിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി.
ഈ വർഷം മാർച്ചിൽ മാത്രം വിമാന യാത്രികരുടെ എണ്ണം 3.15 ലക്ഷം രേഖപ്പെടുത്തിയതായി ക്യു.സി.എ.എ ഈയിടെ ട്വീറ്റ് ചെയ്തിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് വിമാനയാത്രക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
അതേസമയം, മാർച്ചിൽ വിമാനങ്ങളുടെ എണ്ണത്തിൽ 12.9 ശതമാനം വർധനവുണ്ടായതായും ക്യു.സി.എ.എ വ്യക്തമാക്കി. മാർച്ചിൽ 19,561 വിമാനങ്ങളാണ് ഖത്തറിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 17,320 വിമാനങ്ങളാണ് രേഖപ്പെടുത്തിയത്.
കാർഗോ, മെയിൽ വിഭാഗങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 5.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2023 ഫെബ്രുവരിയിൽ വിമാന സഞ്ചാരത്തിൽ 15.6 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. 2022 ഫെബ്രുവരിയെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിലും യാത്രക്കാരുടെ എണ്ണത്തിൽ 49.4 ശതമാനം വർധനവുണ്ടായി.
ഫെബ്രുവരിയിലെ ആകെ സന്ദർശകരുടെ എണ്ണം 3.89 ലക്ഷം എത്തിയതായി അതോറിറ്റി അറിയിച്ചു. മുൻമാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 14.3 ശതമാനം വർധനവ്.
അതേസമയം, 2022 ഫെബ്രുവരിയെ അപേക്ഷിച്ച് 406 ശതമാനത്തിലധികമാണ് വർധനവുണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ സന്ദർശകർ ജി.സി.സി രാജ്യങ്ങളിൽനിന്നാണ്. ആകെ സന്ദർശകരുടെ 44 ശതമാനവും വിമാനമാർഗമാണ് ഖത്തറിലെത്തിയിരിക്കുന്നത്.
പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുക, 2030ഓടെ പ്രതിവർഷം ആറ് ദശലക്ഷം സന്ദർശകരെ ആകർഷിക്കുക, മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന 12 ശതമാനമാക്കി ഉയർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഖത്തർ ടൂറിസം ഈ വർഷത്തെ പരിപാടികളുടെ പാക്കേജ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

