സ്വകാര്യ മേഖലയിലെ കയറ്റുമതിയിൽ വർധന
text_fieldsദോഹ: കോവിഡിനിടയിലും കയറ്റുമതിയിൽ കാര്യമായ നേട്ടം കൊയ്ത് ഖത്തർ. സ്വകാര്യ മേഖലയിൽനിന്നുള്ള കയറ്റുമതിയിൽ വൻ വർധനവെന്നാണ് ഖത്തർ ചേംബറിൻെറ റിപ്പോർട്ട്. 2020 മേയ് മാസത്തെ കണക്കുകളെ (609 ദശലക്ഷം റിയാൽ) അപേക്ഷിച്ച് ഈ വർഷം മേയ് മാസത്തോടെ കയറ്റുമതിയിൽ 321 ശതമാനം (250 കോടി റിയാൽ) വർധനവാണ് രേഖപ്പെടുത്തിയതെന്നും കോവിഡ് മഹാമാരിയുയർത്തിയിരുന്ന പ്രതിസന്ധികളെ മറികടക്കുന്നുവെന്നതിെൻറ തെളിവാണിതെന്നും ഖത്തർ ചേംബർ റിപ്പോർട്ട് വിശദീകരിച്ചു. സ്വകാര്യ മേഖലയിൽ നിന്നുള്ള കയറ്റുമതി, മഹാമാരിക്ക് മുമ്പുള്ള തലത്തിലേക്ക് ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മാസം തോറുമുള്ള കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിലിൽ കയറ്റുമതിയിൽ 24 ശതമാനം വർധന രേഖപ്പെടുത്തി.
2020 ഫെബ്രുവരിയിലെ കണക്കുകളെ (190 കോടി റിയാൽ) അപേക്ഷിച്ച് ഈ വർഷം മേയ് മാസത്തിൽ 31.6 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ഏപ്രിൽ മാസത്തിൽ കയറ്റുമതി കേവലം 572 ദശലക്ഷം റിയാൽ മാത്രമായിരുന്നുവെന്നും ഈ കാലയളവിലെ ഏറ്റവും കുറവ് ഏപ്രിൽ മാസത്തിലായിരുന്നുവെന്നും ഖത്തർ ചേംബർ അറിയിച്ചു. അവശ്യ വസ്തുക്കളുടെയും വ്യവസായ എണ്ണയുടെയും കയറ്റുമതിയാണ് ഖത്തറിൽ നിന്നുള്ളവയിൽ മുന്നിൽ.
മുൻമാസത്തെ അപേക്ഷിച്ച് 184 ശതമാനം വർധനവാണ് ഇതിൽ രേഖപ്പെടുത്തിയത്. തൊട്ടുപിന്നിൽ ഉരുക്ക് കയറ്റുമതിയാണുള്ളത്. അലൂമിനിയം, വ്യാവസായിക വാതകങ്ങൾ, രാസവളം, പെേട്രാ കെമിക്കൽ, പാരഫിൻ, രാസ അസംസ്കൃത വസ്തുക്കൾ എന്നിവയുടെ കയറ്റുമതിയിൽ കുറവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഖത്തർ സ്വകാര്യ മേഖലയിൽ നിന്നുള്ള കയറ്റുമതി ഏറ്റവും സ്വീകരിച്ചത് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളാണ്. ആകെ മൂല്യത്തിെൻറ 40.7 ശതമാനം വരുമിത്. ഏഷ്യൻ രാജ്യങ്ങളാണ് രണ്ടാമത്, 32.6 ശതമാനം.
21.7 ശതമാനവുമായി ജി.സി.സി രാജ്യങ്ങളാണ് മൂന്നാമത്. ജി.സി.സിക്ക് പുറത്തുള്ള അറബ് രാജ്യങ്ങൾ, അമേരിക്കൻ രാജ്യങ്ങൾ, ആഫ്രിക്കയിലെ അറബ് രാജ്യങ്ങളല്ലാത്തവ, യൂറോപ്യൻ യൂനിയനിലുൾപ്പെടാത്ത രാജ്യങ്ങൾ എന്നിവയാണ് യഥാക്രമം നാല് മുതൽ ഏഴ് വരെ സ്ഥാനങ്ങളിൽ. ഖത്തറിൽ നിന്നുള്ള ആകെ കയറ്റുമതിയിൽ 39.2 ശതമാനവും എത്തിയത് ജർമനിയിലേക്കാണ്. ഒമാൻ (16.3 ശതമാനം), ഇന്ത്യ (12.7 ശതമാനം), സിംഗപ്പൂർ (7.8 ശതമാനം), തുർക്കി (5.1 ശതമാനം) എന്നിവരാണ് യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

