ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധന
text_fieldsഹമദ് രാജ്യാന്തര വിമാനത്താവളം
ദോഹ: കഴിഞ്ഞ വർഷം ഡിസംബറിൽ ഖത്തറിലേക്ക് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി റിപ്പോർട്ട്. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (പി.എസ്.എ) പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ അനുസരിച്ചാണിത്. രാജ്യത്തേക്കുള്ള മൊത്തം യാത്രക്കാരിൽ 40 ശതമാനവും ജി.സി.സി രാജ്യങ്ങളിൽനിന്നായിരുന്നുവെന്ന് പി.എസ്.എ കണക്കുകൾ പറയുന്നു.
ഫിഫ ലോകകപ്പിനോടനുബന്ധിച്ച് 14 ലക്ഷത്തോളം പേരാണ് ഖത്തറിലെത്തിയത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ ഇത് ഉയർന്ന ഡിമാൻഡിന് വഴിയൊരുക്കി. 2022 ഡിസംബറിൽ 6,13,612 സന്ദർശകരാണ് ഖത്തറിലെത്തിയത്. 2021 ഡിസംബറിൽ 1,46,934 പേർ എത്തിയതുമായി താരതമ്യം ചെയ്യുമ്പോൾ വൻ കുതിച്ചുചാട്ടമാണിത്. ഒരു വർഷത്തെ കാലയളവിനുള്ളിൽ 300 ശതമാനത്തിലേറെ വർധന. 2022 ഡിസംബറിൽ ജി.സി.സി രാജ്യങ്ങളിൽനിന്ന് ഖത്തറിലെത്തിയത് 2,44,261 പേരാണ്. 2021 ഡിസംബറിൽ എത്തിയ 44,612 പേരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ 447.5 ശതമാനത്തിന്റെ വർധന. 2021 നവംബറിൽ എത്തിയ 1,28,423 പേരുമായി താരതമ്യം ചെയ്താൽ 90.2 ശതമാനം വർധനയാണുണ്ടായത്. രാജ്യത്തേക്കുള്ള മൊത്തം യാത്രക്കാരിൽ 40 ശതമാനം മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നാണെങ്കിൽ, മറ്റു അറബ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ അളവ് 14 ശതമാനമാണ്. 2022 ഡിസംബറിൽ ഈ മേഖലകളിൽനിന്ന് 87,916 പേരാണെത്തിയത്. 2021 ഡിസംബറിൽ ഇവിടങ്ങളിൽനിന്ന് എത്തിയതാകട്ടെ, 15,175 പേരും. വാർഷികാടിസ്ഥാനത്തിൽ 479.4 ശതമാനം വർധനവ്.
2022 ഡിസംബറിലെ മൊത്തം യാത്രക്കാരിൽ 3,73,699 പേർ വിമാന മാർഗമാണ് എത്തിയത്. 2021 ഡിസംബറിൽ വിമാനമാർഗം എത്തിയത് 87,702 പേരാണ്. ഒരു വർഷം പിന്നിട്ടപ്പോൾ 326 ശതമാനം വർധനവാണ് വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായത്. കടൽ മാർഗം 7,869 പേരും റോഡ് മാർഗം അതിർത്തി കടന്ന് 2,32,044 പേരുമെത്തി.
മൊത്തം സന്ദർശകരിൽ 16 ശതമാനം ഏഷ്യൻ രാജ്യങ്ങളിൽനിന്നാണ്. 99,638 പേരാണ് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവർ. 2021 ഡിസംബറിൽ എത്തിയ 41,195 പേരുമായി തട്ടിച്ചുനോക്കിയാൽ 141.9 ശതമാനം വർധനയാണ് ഇക്കാര്യത്തിലുള്ളത്.
യൂറോപ്പിൽനിന്ന് 2022 ഡിസംബറിൽ എത്തിയത് 1,03,067 പേരാണ്. മൊത്തം യാത്രക്കാരുടെ 17 ശതമാനം. 2021 ഡിസംബറിൽ ഇത് 33,682 ആയിരുന്നു. അമേരിക്കൻ മേഖലയിൽനിന്നുള്ളവർ 11 ശതമാനമാണ്.
കഴിഞ്ഞ ഡിസംബറിൽ 68,422 പേരാണ് ഇവിടങ്ങളിൽനിന്ന് സന്ദർശകരായെത്തിയത്. 2021 ഡിസംബറിൽ കേവലം 9,961 ആയിരുന്നതാണ് കുതിച്ചുയർന്നത്.
ഡിസംബറിൽ ഹോട്ടൽ മുറികളുടെ വരുമാനത്തിൽ 300 ശതമാനം വർധന
ദോഹ: ലോകകപ്പിനോടനുബന്ധിച്ച് 2022 ഡിസംബറിൽ ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻകുതിപ്പ്.
ഹോട്ടൽ മുറികളുടെ വരുമാനത്തിൽ 300 ശതമാനം വർധന രേഖപ്പെടുത്തിയതായും ഖത്തറിലേക്കുള്ള സന്ദർശകരിൽ നാലിരട്ടി വർധനയുണ്ടായതായും ഔദ്യോഗിക റിപ്പോർട്ട്. അമേരിക്ക, ജി.സി.സി രാജ്യങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ ഖത്തറിലേക്ക് ഒഴുകിയത്.
പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട റിപ്പോർട്ടിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഹോട്ടൽ മുറികളുടെ വരുമാനത്തിൽ 106 ശതമാനം മുതൽ 365 ശതമാനം വരെ വാർഷികാടിസ്ഥാനത്തിൽ വരുമാന വർധനയുണ്ടായതായി ചൂണ്ടിക്കാട്ടി. സന്ദർശകരുടെ എണ്ണത്തിലുണ്ടായ വളർച്ച 142-587 ശതമാനം വരുമെന്നും പി.എസ്.എ വ്യക്തമാക്കി.
ഹോസ്പിറ്റാലിറ്റി മേഖലയിൽ രാജ്യത്തെ ആകെയുള്ള ഹോട്ടൽ മുറികളിൽ ലഭ്യമായ മുറികളിൽനിന്നുള്ള ശരാശരി വരുമാനം 285.84 റിയാലിൽനിന്നും 1281 റിയാലായി വർധിച്ചു. അതേസമയം, അവലോകന കാലയളവിൽ താമസം ആറ് മുതൽ 61 ശതമാനം വരെ കുറവ് രേഖപ്പെടുത്തി.
സന്ദർശകരുടെ എണ്ണത്തിൽ വാർഷികാടിസ്ഥാനത്തിലുണ്ടായ വർധന ഹോട്ടൽ മുറികളുടെ വരുമാന വർധനയിൽ നിർണായകമായി. പ്രതിമാസ അടിസ്ഥാനത്തിൽ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ വരവിൽ 90 ശതമാനം വർധന രേഖപ്പെടുത്തി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലഭ്യമായ മുറികളുടെ ശരാശരി വരുമാനം വാർഷികാടിസ്ഥാനത്തിൽ 305 റിയാലിൽ നിന്നും വർധിച്ച് 1806 റിയാലിലെത്തിയതായി അതോറിറ്റി സൂചിപ്പിച്ചു. ത്രീസ്റ്റാർ ഹോട്ടലുകളിൽ ലഭ്യമായ മുറികളിലെ വരുമാന വർധനവ് 173 ശതമാനം വർധിച്ച് 620 റിയാലായപ്പോൾ ടു സ്റ്റാർ, വൺ സ്റ്റാർ ഹോട്ടലുകളിൽ 197 ശതമാനം വർധിച്ച് 393 റിയാൽ ആയതായും പി.എസ്.എ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

