വിമാനത്താവള നിരക്കുകളിൽ വർധന; ഖത്തറിൽനിന്ന് യാത്ര ചെലവ് കൂടും
text_fieldsഹമദ് രാജ്യാന്തര വിമാനത്താവളം
ദോഹ: ഏപ്രിൽ ഒന്ന് മുതൽ ഖത്തർ വിമാനത്താവളങ്ങളിലെ വിവിധ നിരക്കുകൾ വർധിപ്പിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തീരുമാനം. വിവിധ സേവനങ്ങൾ സംബന്ധിച്ച നിരക്കുവർധന അറിയിച്ച് എയർലൈൻ മാനേജർമാർ, ട്രാവൽ ഏജന്‍റുമാർ എന്നിവർക്ക് വ്യോമ വിഭാഗം സർക്കുലർ അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്.
ഇത് നടപ്പിലാവുന്നതോടെ ഖത്തറിൽനിന്ന് വിദേശങ്ങളിലേക്കുള്ള യാത്രാനിരക്കിൽ 55 റിയാൽ വരെ വർധനവുണ്ടാവും. വിമാനത്താവങ്ങളിലെ വിവിധ സേവനങ്ങളുടെ നിരക്കിലാണ് വർധനവുണ്ടായത്. ഇത് യാത്രക്കാരിൽനിന്ന് ഈടാക്കുന്ന വിധത്തിലായിരിക്കും വിമാനക്കമ്പനികൾ ടിക്കറ്റ് ചാർജ് വർധിപ്പിക്കുക.
ഏപ്രിൽ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നതെങ്കിലും ഫെബ്രുവരി ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ അധികനിരക്ക് ഈടാക്കും. അതേസമയം, ഏപ്രിൽ ഒന്നിന് ശേഷം യാത്രചെയ്യാനായി നിലവിൽ ബുക്ക് ചെയ്തവർക്കോ ജനുവരി 31ന് മുമ്പായി ബുക് ചെയ്യുന്നവർക്കോ നിരക്ക് വർധന ബാധകമാവില്ല.
എയർപോർട്ട് ഡെവലപ്മെന്റ് ഫീസ് 40 റിയാലിൽനിന്ന് 60 റിയാലായി ഉയർത്തി. 24 മണിക്കൂറിനുള്ളിൽ ട്രാൻസിറ്റ് ചെയ്യുന്നവർ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാരുടെയും ചാർജിലാണ് വർധനവുണ്ടായത്.
പാസഞ്ചർ ഫെസിലിറ്റീവ് ഫീസ് 35 റിയാലിൽനിന്ന് 60 റിയാലായി വർധിപ്പിച്ചു. 25 റിയാലാണ് ഈ വിഭാഗത്തിൽ വർധന. 24 മണിക്കൂറിനുള്ളിൽ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്കും ഇത് ബാധകമാണ്. ഇതിനു പുറമെ, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഫീസായി 10 റിയാലും പുതുതായി നിശ്ചയിച്ചു. വിമാനത്തിൽ സീറ്റ് ആവശ്യമില്ലാത്ത രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ, ഒരേ വിമാനത്തിൽ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർ, ഡ്യൂട്ടിയിലുള്ള ഫ്ലൈറ്റ് ക്രൂ, സാങ്കേതിക തകരാറോ കാലാവസ്ഥാ പ്രശ്നങ്ങളോ ഉൾപ്പെടെ വ്യക്തമായ കാരണങ്ങളാൽ വഴിതിരിച്ചുവിടുന്ന വിമാനങ്ങൾ എന്നിവ ഒഴികെ എല്ലാവിഭാഗം യാത്രക്കാർക്കും ചാർജ് വർധന ബാധകമായിരിക്കും. ഇറക്കുമതിക്ക് ഒരു മെട്രിക് ടണ്ണിന് 10 റിയാല്‍ വെച്ചും വര്‍ധിപ്പിച്ചിട്ടുണ്ട്.
തപാല്‍ ഉള്‍പ്പെടെ എല്ലാ രാജ്യത്ത് എത്തുന്നതും, ഇന്‍ ട്രാന്‍സിറ്റും ആയ കാര്‍ഗോ ഷിപ്പ്മെന്‍റുകൾക്കാണ് മെട്രിക് ടണ്ണിന് 10 റിയാല്‍ അധികമായി ചുമത്തുന്നത്. ഒരേ വിമാനത്തില്‍ പോകുന്ന ഷിപ്പ്‌മെന്‍റുകള്‍ക്ക് ഈ ഫീസ് ബാധകമല്ല.
ജനുവരി 31ന് മുമ്പ് ബുക്ക് ചെയ്താൽ ലാഭമുണ്ട്
ഏപ്രിലിനു ശേഷം യാത്ര പ്ലാൻ ചെയ്ത യാത്രക്കാർക്ക് ജനുവരി 31ന് മുമ്പായി ടിക്കറ്റുകൾ ബുക്ക് ചെയ്താൽ വർധനവിൽനിന്ന് നേരിയ ആശ്വാസം ലഭിക്കുമെന്ന് ട്രാവൽ വിദഗ്ധർ പറയുന്നു. ഏപ്രിൽ ഒന്നിനാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത് എങ്കിലും, ഫെബ്രുവരി ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ പുതിയ നിരക്കിലായിരിക്കും ഇഷ്യൂ ചെയ്യുക. അതേസമയം, ജനുവരി 31 മുമ്പായി ബുക്ക് ചെയ്താൽ, ഏപ്രിൽ ഒന്നിനു ശേഷമുള്ള യാത്രക്കും പുതിയ വർധന ബാധകമായിരിക്കില്ലെന്നാണ് ഖത്തർ സിവിൽ ഏവിയേഷൻ വിഭാഗത്തിന്‍റെ അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

