ഇന്ത്യക്കാരടക്കമുള്ളവരുടെ മടക്കം: ഹോട്ടൽ ക്വാറൻറീൻ പാക്കേജുകൾ ഫെബ്രുവരി 15 വരെ നീട്ടി
text_fieldsദോഹ: ഖത്തറിെൻറ കോവിഡ് ലോ റിസ്ക് പട്ടികയിലില്ലാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ പാക്കേജുകൾ ഡിസ്കവർ ഖത്തർ 2021 ഫെബ്രുവരി 15 വരെ നീട്ടി. ഇത്തരം രാജ്യങ്ങളിൽനിന്ന് ഖത്തറിലെത്തുന്നവർ രാജ്യത്ത് എത്തിയാലുടൻ സ്വന്തം ചെലവിൽ ഒരാഴ്ച ഹോട്ടൽക്വാറൻറീനിൽ കഴിയൽ നിർബന്ധമാണ്. ഡിസ്കവർ ഖത്തർ വെബ്സൈറ്റിലുള്ള വിവിധ ഹോട്ടലുകൾ മാത്രമേ ഇതിനായി തെരഞ്ഞെടുക്കാൻ കഴിയൂ.
ഖത്തറിലെയും ആഗോളതലത്തിലെയും പൊതുആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഖത്തറിെൻറ യാത്രാനയത്തിെൻറ ഭാഗമായുള്ള കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കുന്നത്. ഈയടുത്തും ഈ പട്ടിക പുതുക്കിയിരുന്നു.
നേരത്തേ 17 രാജ്യങ്ങളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നതെങ്കിൽ പുതിയ പട്ടികയിൽ ആറുരാജ്യങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പുതിയ പട്ടികയിലും ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് രാജ്യങ്ങൾ ഇല്ല. ഖത്തറിൽ കൂടുതൽ വിദേശകൾ ഉള്ളത് ഈരാജ്യങ്ങളിൽനിന്നാണ്. എന്നാൽ ചൈന, ജപ്പാൻ, സിംഗപ്പുർ, മലേഷ്യ തുടങ്ങിയ 10 ഏഷ്യൻ രാജ്യങ്ങൾ പട്ടികയിൽ ഉണ്ട്. ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിെൻറ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് ഖത്തർ എയർവേയ്സിൽ വരുന്നവർ അംഗീകൃത കോവിഡ് പരിശോധനകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.
മറ്റു വിമാനങ്ങളിൽ വരുന്നവർക്ക് മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവർക്ക് ഹമദ് വിമാനത്താവളത്തിൽനിന്ന് പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക് ചെയ്ത ക്വാറൻറീൻ ഹോട്ടലിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ. ആറാംദിനം കോവിഡ് പരിശോധന നടത്തും. നെഗറ്റിവ് ആണെങ്കിൽ പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറൻറീൻ. വിസയുള്ളവർക്ക് 'എക്സപ്ഷനൽ എൻട്രി പെർമിറ്റ്' എടുത്തതിനു ശേഷം മാത്രമേ ഖത്തറിലേക്ക് വരാൻ കഴിയൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.