അൽ അഖ്സ മസ്ജിദ് പരിസരത്ത് അതിക്രമിച്ചു കയറിയ സംഭവം; ഇസ്രായേൽ നടപടി പ്രകോപനപരം -ഖത്തർ
text_fieldsദോഹ: ഇസ്രായേൽ മന്ത്രിയുടെ നേതൃത്വത്തിൽ അൽ അഖ്സ മസ്ജിദ് പരിസരത്തേക്ക് അതിക്രമിച്ചു കയറിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ഖത്തർ. ഇസ്രായേൽ നടപടിയിൽ അപലപിച്ച ഖത്തർ, അധിനിവേശ സേനയുടെ സംരക്ഷണയിൽ കുടിയേറ്റക്കാർ നടത്തുന്ന പ്രകോപനപരമായ നടപടികളെയും വിമർശിച്ചു. മസ്ജിദിലേക്ക് എത്തിയ വിശ്വാസികൾക്കുനേരെ ഇസ്രായേൽ സൈന്യം നിയന്ത്രണങ്ങളേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.
ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള മുസ് ലിം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണിത്. അധിനിവിഷ്ട ജറുസലേമിന്റെയും അവിടത്തെ ഇസ്ലാമിക -ക്രിസ്ത്യൻ ആരാധനാലയങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പ്രാധാന്യവും പദവിയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രവൃത്തികളെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. അൽ അഖ്സ മസ്ജിദ് മുസ്ലിംകൾക്ക് മാത്രമുള്ള ആരാധനാലയമാണ്. ജറുസലേമിന്റെയും അതിന്റെ വിശുദ്ധ സ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കാനാകില്ല.
ഇസ്രായേൽ തുടരുന്ന നിയമ ലംഘനങ്ങളും പ്രകോപനങ്ങളും മേഖലയിലെ അക്രമങ്ങളും അസ്ഥിരത സൃഷ്ടിക്കാൻ മാത്രമേ സഹായിക്കൂ. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തും. ഫലസ്തീൻ ജനതയ്ക്കും അവരുടെ വിശുദ്ധ സ്ഥലങ്ങൾക്കും നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്കും അവരുടെ അവകാശങ്ങൾക്കും പിന്തുണ ആവർത്തിച്ച മന്ത്രാലയം, ഇസ്രായേൽ അധിനിവേശം പൂർണ്ണമായി അവസാനിപ്പിക്കണമെന്നും 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

