ഇൻകാസ് കൊടുവള്ളി നിശാക്യാമ്പ്
text_fieldsഇൻകാസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിശാക്യാമ്പ് അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഇന്‍കാസ് ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിശാക്യാമ്പ് സംഘടിപ്പിച്ചു. ബിൻ മഹമൂദ് കടവ് റസ്റ്റാറന്‍റില്‍ നടന്ന പരിപാടി രാത്രി പത്തിന് തുടങ്ങി ഒരുമണിക്ക് സമാപിച്ചു. മതേതര ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ട ആവശ്യകത ക്യാമ്പിൽ ചർച്ച ചെയ്തു. മതന്യൂനപക്ഷങ്ങൾക്ക് നേരെയും പിന്നാക്ക ജനവിഭാഗങ്ങൾക്ക് നേരെയും മോദി ഭരണകൂടം സ്വീകരിക്കുന്ന അടിച്ചമർത്തൽനിലപാടിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
കെ-റെയിലിന്റെ പേരിൽ കുടിയിറക്കപ്പെടുന്ന ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ബെന്നി കൂടത്തായിയുടെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്‍റ് അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കോഴിക്കോട് ജില്ല ഇൻകാസ് പ്രസിഡന്റ് അഷറഫ് വടകര മുഖ്യാതിഥിയായി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് വിപിൻ പി.കെ. മേപ്പയൂർ, ജില്ല ജനറൽ സെക്രട്ടറി സി.വി. അബ്ബാസ്, ജില്ല സെക്രട്ടറി മുഹമ്മദലി വാണിമേൽ ട്രഷറർ ഹരീഷ്, ഇൻകാസ് കൊടുവള്ളി ട്രഷറർ സജീഷ് കുണ്ടായി തുടങ്ങിയ നേതാക്കൾ സംസാരിച്ചു. കൺവീനർ റഹിം കൊടുവള്ളി സ്വാഗതവും റിഷാദ് പള്ളിമുക്ക് നന്ദിയും പറഞ്ഞു.