ദോഹ: കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പുനഃസംഘടന പ്രഖ്യാപനത്തിലും പരിഹാരമാവാതെ ഖത്തർ ഇൻകാസിലെ ചേരിപ്പോര്. അനുരഞ്ജനം എന്ന നിലയിൽ കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രഖ്യാപിച്ച പുതിയ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയ ഏഴുപേർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ച് രംഗത്തെത്തി.
ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും തങ്ങളുടെ അറിവോടെയല്ല ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും ഇവർ ഒപ്പുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നടന്ന പുനഃസംഘടന തങ്ങളുടെ അറിവോടെയോ സാധാരണ പ്രവർത്തകരോ ജില്ല കമ്മിറ്റികളുമായോ ചർച്ചചെയ്തല്ല നടത്തിയതെന്നും ഇവർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
സമീർ ഏറാമലയെ പ്രസിഡന്‍റായും ശ്രീജിത് എസ്. നായർ സംഘടന ജനറൽ സെക്രട്ടറിയുമായി പ്രഖ്യാപിച്ച് മേയ് 19നാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
ഈ സമിതിയിൽ അംഗങ്ങളായ സെക്രട്ടറിമാരായ മുനീർ വെളിയംകോട്, ഷിബു സുകുമാരൻ, വൈസ് പ്രസിഡന്‍റ് ഡേവിസ് ഇടശ്ശേരി, എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.പി. റഷീദ്, ബഷീർ തൂവാരിക്കൽ, ലത്തീഫ് കല്ലായി, ഓഡിറ്റർ അബ്ദുൽ റൗഫ് എന്നിവരാണ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.
ഐ.സി.സി അനുബന്ധ സംഘടനകൾക്ക് ഖത്തറിലെ ഇന്ത്യൻ എംബസി നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയല്ല ഭാരവാഹി പ്രഖ്യാപനമെന്നും ഇവർ വ്യക്തമാക്കി. പുതിയ ഭാരവാഹി പട്ടിക സമർപ്പിക്കാനുള്ള എംബസിയുടെ നിർദേശം സെൻട്രൽ കമ്മിറ്റി വിളിച്ചോ ജില്ല കമ്മിറ്റികളുമായോ ചർച്ച ചെയ്തിട്ടില്ല.
അനുവദിച്ച സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഉണ്ടാക്കിയ പട്ടിക പ്രവർത്തകരെ വിശ്വാസത്തിലെടുക്കാതെയാണെന്നും ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് കെ.പി.സി.സിക്ക് പരാതി നൽകുമെന്നും അറിയിച്ചു.
വർഷങ്ങളായ തുടരുന്ന ഗ്രൂപ്പിസവും ചേരിതിരിവും പുനഃസംഘടനയോടെ കൂടുതൽ ശക്തമാവുകയാണ്. സ്ഥാനമൊഴിയാൻ നിലവിലെ പ്രസിഡന്‍റ് സമീർ ഏറാമല സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെയും മറ്റ് മുതിർന്ന നേതാക്കളുടെയും താൽപര്യത്തോടെ വീണ്ടും സ്ഥാനത്തുതന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
കമ്മിറ്റി പ്രഖ്യാപനത്തിനു പിന്നാലെ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ എതിർസംഘത്തിന്‍റേത് വിമത പ്രവർത്തനങ്ങളാണെന്നും വ്യക്തമാക്കിയ കെ.പി.സി.സി പ്രസിഡന്‍റ്, അത്തരം പ്രവർത്തനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടയിലാണ്, പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പിനും പുല്ലുവില കൽപിച്ച് തമ്മിലടി രൂക്ഷമാവുന്നത്.