നവീകരിച്ച ക്യു.എഫ്.എം റേഡിയോ ഓഫിസ് ഉദ്ഘാടനം
text_fieldsനവീകരിച്ച ക്യു.എഫ്.എം റേഡിയോ നെറ്റ്വർക്ക് ഓഫിസുകളുടെ ഉദ്ഘാടന ചടങ്ങിനിടെ. ഇന്ത്യൻ അംബാസഡർ വിപുൽ, ശ്രീലങ്കൻ അംബാസഡർ സിത്താര അസാർഡ്, ക്യു.എഫ്.എം റേഡിയോ നെറ്റ്വർക്ക് ചെയർമാൻ ഗാനിം സാദ് അൽ സാദ് അൽ കുവാരി, സൗദ് സാദ് അൽ കുവാരി, വൈസ് ചെയർമാൻ കെ.സി. അബ്ദുൽ ലത്തീഫ്, വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറും സാംസ്കാരിക മന്ത്രാലയത്തിലെ വകുപ്പ് മേധാവിയുമായ ജാബിർ മുഹമ്മദ് അലിയൻ, സി.ഇ.ഒ അൻവർ ഹുസൈൻ എന്നിവർ
ദോഹ: ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫിസുകളുടെയും സ്റ്റുഡിയോ സമുച്ചയത്തിന്റെയും ഉദ്ഘാടനം നയതന്ത്രജ്ഞർ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ, കമ്യൂണിറ്റി -കോർപറേറ്റ് നേതാക്കൾ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ വിപുലമായ പരിപാടികളോടെ നടന്നു.
ഇന്ത്യൻ അംബാസഡർ വിപുൽ, ശ്രീലങ്കൻ അംബാസഡർ സിത്താര ആസാർഡ്, ക്യു.എഫ്.എം റേഡിയോ ശൃംഖല, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ജി.എസ്.എസ്.ജി ഗ്രൂപ് ഓഫ് കമ്പനീസ്, അൽ ഹിബർ സർവിസസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ ഗാനിം സാദ് എം. അൽ സാദ് അൽ കുവാരി, ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ വൈസ് ചെയർമാൻ സൗദ് സാദ് അൽ കുവാരി, വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.സി. അബ്ദുൽ ലത്തീഫ്, സാംസ്കാരിക മന്ത്രാലയത്തിലെ വകുപ്പ് മേധാവി ജാബിർ മുഹമ്മദ് അലിയാൻ, കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിലെ ഇന്റർനെറ്റ് ഡൊമെയ്ൻ സെക്ഷൻ മേധാവി നൂറ ജാബർ അൽ മുറൈസിഖ് എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ത്യൻ, ശ്രീലങ്കൻ അംബാസഡർമാരും ചെയർമാനും വൈസ് ചെയർമാൻമാരും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് പ്രധാന ഓഫിസ് ഉദ്ഘാടനം ചെയ്തു. തുടർന്ന്, ഗാനിം അൽ സാദ് അൽ കുവാരി അൽ ഹിബർ ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീലങ്കൻ അംബാസഡർ, ചെയർമാൻ, സാംസ്കാരിക മന്ത്രാലയം, കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി എന്നിവിടങ്ങളിലെ പ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ പുതിയ സ്റ്റുഡിയോ സമുച്ചയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
പുതുതായി അവതരിപ്പിച്ച സിതുല സ്റ്റുഡിയോ ശ്രീലങ്കൻ അംബാസഡറും, ബംഗ്ലാ സ്റ്റുഡിയോ ജാബിർ മുഹമ്മദ് അലിയാനും നേപ്പാൾ സ്റ്റുഡിയോ സൗദ് സാദ് അൽ കുവാരിയും ഉദ്ഘാടനം ചെയ്തു. മലയാളം സ്റ്റുഡിയോ ഇന്ത്യൻ അംബാസഡറാണ് ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥികൾ നവീകരിച്ച മുഴുവൻ ഓഫിസും സ്റ്റുഡിയോയും ചുറ്റിക്കണ്ട ശേഷം കോൺഫറൻസ് റൂമിൽ നടന്ന കേക്ക് മുറിക്കൽ ചടങ്ങിൽ പങ്കെടുത്തു. കെ.സി. അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. എട്ടുവർഷം കൊണ്ട് ക്യു.എഫ്.എം കൈവരിച്ച വളർച്ച അദ്ദേഹം എടുത്തുപറഞ്ഞു.
ഒറ്റ ഭാഷാ സ്റ്റേഷനായി രണ്ട് സ്റ്റുഡിയോകളോടെ ആരംഭിച്ച ക്യു.എഫ്.എം ഇന്ന് അഞ്ച് ചാനലുകൾ, അഞ്ച് സ്റ്റുഡിയോകൾ, മലയാളം, തമിഴ്, സിംഹള, നേപ്പാളി, ബംഗ്ലാ ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു മൾട്ടി പ്ലാറ്റ്ഫോം നെറ്റ്‌വർക്കായി മാറിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്, ഇപ്സോസ് വിഡിയോ റിപ്പോർട്ട് ഗാനിം സാദ് അൽ കുവാരി പ്രകാശനം ചെയ്തു. ഇപ്സോസ് ഓഡിയൻസ് മെഷർമെന്റ് റിപ്പോർട്ടിൽ ക്യു.എഫ്.എം ഒന്നാം സ്ഥാനത്ത് തുടരുന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
ക്യു.എഫ്.എം 98.6 മലയാളത്തിന്റെ പുതിയ ലോഗോ ഇന്ത്യൻ അംബാസഡർ പ്രകാശനം ചെയ്തു. പ്രവാസികൾക്കും ഇന്ത്യൻ എംബസിക്കും ഇടയിലുള്ള നിർണായകമായ ഒരു ആശയവിനിമയ പാലമാണ് ക്യു.എഫ്.എം റേഡിയോ നെറ്റ്‌വർക്കെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ഖത്തർ സാംസ്കാരിക സഹകരണത്തിനുള്ള സാധ്യതകൾ വർധിച്ചുവരുന്നതിനെ അദ്ദേഹം എടുത്തു കാണിക്കുകയും ക്യു.എഫ്.എമ്മിന്റെ തുടർ വിജയത്തിനായി എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. പരിപാടിക്ക് പിന്തുണ നൽകിയ ഇന്ത്യൻ അംബാസഡർ, ശ്രീലങ്കൻ അംബാസഡർ, ജാബിർ മുഹമ്മദ് അലിയാൻ, നൂറ ജാബർ അൽ മുറൈസിഖ് എന്നിവർക്ക് ചെയർമാൻ മെമന്റോകൾ സമ്മാനിച്ചു. ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ സി.ഇ.ഒ അൻവർ ഹുസൈൻ നന്ദി പറഞ്ഞു.
തുടർന്ന് വൈകീട്ട് കമ്യൂണിറ്റി നേതാക്കൾക്കായി പ്രത്യേക സന്ദർശന പരിപാടി നടന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി. പ്രസിഡന്റ് ത്വാഹ അബ്ദുൽ കരീം, ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജ്, ഷഹീൻ ഷാഫി, ശിഹാബ്, എസ്.എ.എം. ബഷീർ, റഹീം, കെ.ടി. മുബാറക്ക്, അർഷാദ് ഇ., റഹീം ഓമശ്ശേരി, തൗഫീഖ് അസ്ലം, ദുലീപ്, ടെന്നിസൺ ഡി. സിൽവ, മുനിയപ്പ, മണിഭാരതി, റൂബൻ, വി.ടി. ഫൈസൽ, മഷൂദ് വി.സി, ചന്ദ്രമോഹൻ പിള്ള, കെ.ആർ. ജയരാജ്, റഷീദ് അഹമ്മദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അഡ്വ. സക്കറിയ, ആദിൽ ഒ.പി. എന്നിവരടക്കമുള്ള കമ്യൂണിറ്റി നേതാക്കൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

