പീച്ചിയിൽ മരിച്ച 'അജ്ഞാതന്റെ' ഊരുംപേരുംകണ്ടെത്തിയ പ്രവാസ ഇടപെടൽ
text_fieldsസുവർണ ന്യൂസിൽ വന്ന വാർത്ത
ദോഹ: കർണാടക ഗംഗൽ ദാരിയാപ്പൂർ സ്വദേശി ശരണപ്പയുടെ കുടുംബവും, തൃശൂർ പീച്ചി പൊലീസ് സ്റ്റേഷനും, ഖത്തറിലെ ഏതാനും സാമൂഹിക പ്രവർത്തകരും തമ്മിൽ ഇപ്പോൾ ഇഴപിരിക്കാനാവാത്തൊരു ബന്ധമുണ്ട്. 2021 ഒക്ടോബർ 27ന് രാത്രിയിൽ പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊമ്പഴയിൽ വാഹനമിടിച്ച് മരിച്ച 'അജ്ഞാതനായ' ഒരാളുടെ ഊരും പേരും കണ്ടെത്താനുള്ള പൊലീസ് അന്വേഷണത്തിൽ പിടിവള്ളിയായ ഏതാനും പേർ ഇവിടെ ഖത്തറിൽ നിന്നായതിെൻറ മാനുഷിക ബന്ധം. സിനിമാകഥ പോലെ നാടകീയമായി മാറിയ സംഭവം തുടങ്ങുന്നത് വാഹന അപകടത്തോടെയായിരുന്നു. മാനസിക നിലതെറ്റിയെത്തിയ മധ്യവയസ്കൻ ഒക്ടോബർ 27 രാത്രിയിൽ കാറിടിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
അപകടത്തിനു കാരണമായ വാഹനം അന്നുതന്നെ കണ്ടെത്തിയെങ്കിലും മരിച്ചയാളെ തിരിച്ചറിയാനായില്ല. ആറു ദിവസം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിട്ടും അവകാശികളെത്താത്തതിനാൽ മൃതദേഹം പൊലീസ് സംസ്കരിച്ചു. സാധാരണ ഈ ഘട്ടത്തിൽ കേസ് അവസാനിപ്പിക്കാറാണ് പതിവെങ്കിലും പീച്ചി സ്റ്റേഷനിലെ സി.ഐ ഷുക്കൂറിെൻറ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം തുടർന്നു. പലവഴിക്കു നടത്തിയ തിരച്ചിലിലാണ് അലഞ്ഞു തിരിഞ്ഞ ഒരാളെ മണ്ണുത്തിയിലെ ഒരു സന്നദ്ധസംഘടനാ പ്രവർത്തകർ ഏതാനും ദിവസം മുമ്പ് കുളിപ്പിച്ച് വൃത്തിയാക്കിയ വിഡിയോ ദൃശ്യം പ്രചരിച്ചത് ശ്രദ്ധയിൽ പെട്ടത്. സംഘടനയുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾ കന്നട ഭാഷ സംസാരിച്ചതായുള്ള വിവരം പൊലീസിന് പിടിവള്ളിയായി.
അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട സിവിൽ പൊലീസ് ഓഫീസർ യുസുഫ് ഖത്തറിലുള്ള സഹോദരൻ മുസ്തഫയുമായി ഈ വിവരങ്ങൾ പങ്കുവെച്ചതോടെയാണ് മറ്റൊരു വഴിത്തിരിവുണ്ടാവുന്നത്. മരിച്ചയാളുടെ വിവരങ്ങളും വിഡിയോയും അടങ്ങിയ സാമൂഹിക മാധ്യമ അറിയിപ്പ് മുസ്തഫക്ക് ലഭിച്ചു. മുസ്തഫയാണ് ഇത് ഖത്തറിലെ ഉത്തര കർണാടക ബലഗ സംഘടനയുടെ സ്ഥാപക പ്രസിഡന്റ് കൂടിയായ ശശിധർ ഹെബ്ബാളിെൻറ ശ്രദ്ധയിൽ പെടുത്തുന്നത്. അദ്ദേഹം, ഖത്തറിലെയും കർണാടകയിലെയും വിവിധ കന്നട കമ്യൂണിറ്റി ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചു. കർണാടകയിലെ പ്രശസ്തമായ സുവർണ ന്യൂസിൽ വാർത്തയും പരസ്യവും നൽകി.
ഇതു വഴിനടന്ന അന്വേഷണത്തിനൊടുവിൽ പീച്ചിയിൽ അപകടത്തിൽ മരിച്ചത് ഗംഗൽ ദരിയാപ്പൂർ സ്വദേശി ശരണപ്പയാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന്, മകൻ നന്ദകുമാർ തൃശൂരിലെത്തി. ഡി.എൻ.എ പരിശോധനക്കു പിന്നാലെ മരിച്ചത് ശരണപ്പതന്നെയെന്ന് പൊലീസും സ്ഥിരീകരിച്ചു. പൊലീസിെൻറ അന്വേഷണത്തെ സഹായിച്ചുകൊണ്ടുള്ള തങ്ങളുടെ ശ്രമം നിർധനരായ കുടുംബത്തിന് താങ്ങായതിെൻറ സന്തോഷം ശശിധർ ഹെബ്ബാൾ 'ഗൾഫ് മാധ്യമ'വുമായി പങ്കുവെച്ചു.
അജ്ഞാതനായി രേഖകളിൽ മൂടപ്പെടുമായിരുന്ന ഒരു അപകട മരണത്തെ തിരിച്ചറിയാനായതിെൻറ സന്തോഷത്തിലാണ് പൊലീസും, കാര്യമായ ഇടപെടൽ നടത്തിയ ശശിധർ ഹെബ്ബാളും മുസ്തഫയുമെല്ലാം. ഗൃഹനാഥൻ നഷ്ടമായെങ്കിലും, സാമ്പത്തികമായി വളരെ ദുരിതം അനുഭവിക്കുന്ന കുടംബത്തിന് ഇതുവഴി 25 ലക്ഷം വരെ ഇൻഷുറൻസ് തുക ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തറിലെ പൊതുമരാമത്ത് വിഭാഗമായ അശ്ഗാലിൽ എൻജിനീയറായി പ്രവർത്തിക്കുന്ന ശശിധർ ഹെബ്ബാൾ പറയുന്നു. ഏതാനും മാസങ്ങൾക്ക് അവധിക്കായി നാട്ടിലേക്ക് പോയപ്പോൾ ശരണപ്പയുടെ കുടുംബത്തെ സന്ദർശിച്ചതായും, തങ്ങളുടെ കൂട്ടായ്മകളുടെ നേതൃത്വത്തിൽ സഹായങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ ക്ലീനിങ് ജീവനക്കാരിയാണ് ഭാര്യ ഷീലാഭായി. മക്കൾ നവീൻ, നന്ദകുമാർ, രാജു. മാനസിക വെല്ലുവിളി നേരിടുന്നത് കാരണം നേരത്തേയും ശരണപ്പയുടെ വീടുവിട്ടിറങ്ങിയതായി ബന്ധുക്കൾ പഞ്ഞുവെന്ന് ഇദ്ദേഹം ഗൾഫ് മാധ്യമവുമായി പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

