പിതാവ് അമീറിന്റെ ഓർമ്മകളിൽ
text_fieldsസെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ അനുശോചിച്ചു
ദോഹ: ഖത്തർ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.ആധുനിക ഖത്തറിന്റെ ശില്പിയായി അറിയപ്പെട്ട അദ്ദേഹം ദീർഘവീക്ഷണവും ദൃഢനിശ്ചയവും നിറഞ്ഞ നേതൃത്വത്തിലൂടെ ഖത്തറിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ വികസനത്തിന്റെ മാതൃകയാക്കി ഉയർത്തി. വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, മാധ്യമരംഗം, കായികം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള നേതൃത്വത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വളർച്ചക്കും ക്ഷേമത്തിനും അദ്ദേഹം നൽകിയ പിന്തുണയും, ഇന്ത്യൻ സമൂഹത്തോട് പുലർത്തിയ സൗഹൃദപരമായ സമീപനവും എന്നും നന്ദിയോടെ ഓർക്കപ്പെടുന്നതാണ്. ഖത്തർഇന്ത്യ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വം നിർണായക പങ്കുവഹിച്ചു. ഈ ദുഃഖവേളയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും, രാജകുടുംബത്തിനും, ഖത്തർ ജനതക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
ഖത്തർ ഇന്ത്യൻ മീഡിയ ഫോറം
ദോഹ: ഖത്തറിന്റെ ആധുനികവൽക്കരണത്തിന്അടിത്തറയിടുകയും ആഗോള മാധ്യമ ഭൂപടത്തിൽ രാജ്യത്തെ മുൻനിരയിലെത്തിക്കുകയും ചെയ്ത ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി.
അറബ് ലോകത്ത് മാത്രമല്ല, ആഗോളതലത്തിൽ തന്നെ മാധ്യമസ്വാതന്ത്ര്യത്തിന്റെയും നിർഭയ പത്രപ്രവർത്തനത്തിന്റെയും പുതിയ മുഖമായി മാറിയ 'അൽജസീറ' വാർത്താ ശൃംഖലയുടെ ഉത്ഭവത്തിന് കാരണക്കാരനായ ദീർഘദർശിയായ ഭരണാധികാരിയായിരുന്നു ഫാദർ അമീർ എന്ന് മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
"അൽജസീറയുടെ രൂപവത്കരണത്തിലൂടെ മിഡിൽ ഈസ്റ്റിലെ മാധ്യമ സംസ്കാരത്തെത്തന്നെ അദ്ദേഹം തിരുത്തിക്കുറിച്ചു. ലോകത്തെവിടെയുമുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി അൽജസീറയെ മാറ്റിയെടുക്കാൻ ഫാദർ അമീർ നൽകിയ നിർഭയമായ പിന്തുണയും ദീർഘവീക്ഷണവും മാധ്യമ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തപ്പെട്ടതാണെന്ന്ഇന്ത്യൻ മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഖത്തറിനെ ഒരു ആധുനിക നയതന്ത്ര-സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. പ്രവാസി സമൂഹത്തോട്, പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം പുലർത്തിയിരുന്ന സ്നേഹവും കരുതലും നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാടിൽ ഖത്തറിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഒപ്പം പ്രവാസി മാധ്യമപ്രവർത്തകരും പങ്കുചേരുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഖത്തർ ഫാദർ അമീറിന്‍റെ നിര്യാണത്തിൽ എറോസ് അനുശോചിച്ചു
ദോഹ: പിതാവ് അമീർ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ നിര്യാണത്തിൽ ഏബിൾ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജ്മെന്‍റിന്‍റെയും ജീവനക്കാരുടെയും സംയുക്ത സംഘടനയായ എറോസ് അനുശോചിച്ചു.
ആധുനിക ഖത്തറിന്‍റെ രൂപവത്കരണത്തിലും രാജ്യത്തിന്‍റെ അഭൂതപൂർവമായ വികസനത്തിനും സമൃദ്ധിക്കും ശക്തമായ അടിത്തറ പാകുന്നതിലും ഫാദർ അമീറിന്‍റെ ദീർഘവീക്ഷണവും വിവേകപൂർണമായ നേതൃത്വവും നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് എറോസ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ മഹത്തായ പാരമ്പര്യവും ദർശനവും വരും തലമുറകൾക്ക് എന്നും പ്രചോദനമായിരിക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഏബിൾ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ് പുറായിൽ, മാനേജിങ് ഡയറക്ടർ ഖാലിദ് കമ്പളവന്‍, എറോസ് ചെയർമാൻ അൻസാർ അരിബ്ര, എക്സിക്യൂട്ടീവ് ഡയറക്ടർ ബഷീർ തുവാരിക്കൽ, ഫിനാൻസ് ഡയറക്ടർ മുജീബ് ടി.ടി., ഓപറേഷണൽ ഹെഡ് ഫൈസൽ സലീം, മൊസൈബ് ഹൈദർ എന്നിവർ അനുശോചന സന്ദേശത്തിൽ ഖത്തർ അമീറിനും രാജകുടുംബത്തിനും ഖത്തർ സർക്കാരിനും ജനങ്ങൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തി.
ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി
ദോഹ: ഖത്തറിന്റെ മുൻ അമീറും രാഷ്ട്രത്തിന്റെ നവോത്ഥാനത്തിന് അടിത്തറ പാകിയ മഹാനായ ഭരണാധികാരിയുമായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ നിര്യാണത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി.
ആധുനിക ഖത്തറിന്റെ ശിൽപികളിൽ പ്രമുഖനായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ ദീർഘദർശിത്വവും ഭരണമികവും ഖത്തറിനെ ലോകത്തിന്റെ മുൻനിര വികസിത രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. തന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള തുടർച്ചക്കായി തന്റെ നല്ല സമയത്ത് തന്നെ മകന് അധികാരം കൈമാറി ലോക ഭരണാധികാരികൾക്കിടയിൽ മാതൃക സൃഷ്ടിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രസാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക പുരോഗതി, കായികരംഗം, അന്താരാഷ്ട്ര നയതന്ത്രം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഖത്തർ കൈവരിച്ച നേട്ടങ്ങൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുന്നതാണ്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സുപ്രധാന പങ്കുണ്ടെന്നും അനുശോചനക്കുറിപ്പിൽ ഇൻകാസ് ഖത്തർ പ്രസിഡണ്ട് സിദ്ദീഖ് പുറായിൽ വാർത്താക്കുറിപ്പിൽ വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

