ബന്ദിമോചന ശ്രമത്തിൽ പുരോഗതിയെന്ന് ഖത്തർ പ്രധാനമന്ത്രി
text_fieldsദോഹയിലെത്തിയ തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനെ സ്വീകരിക്കുന്ന ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി
ദോഹ: അന്താരാഷ്ട്ര മര്യാദകളെല്ലാം ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ മേഖലയെ മുഴുവൻ കുഴപ്പത്തിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. ഖത്തർ സന്ദർശിക്കുന്ന തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ആഴ്ചകളായി ഇസ്രായേൽ തുടരുന്ന യുദ്ധത്തിനും നിഷ്ഠുരമായ ആക്രമണങ്ങൾക്കുമെതിരെ ആഞ്ഞടിച്ചത്. മുഴുവൻ മേഖലയെയും കുഴപ്പത്തിലെത്തിക്കുന്നത് അസഹ്യമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്രായേലിനോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു.
‘സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മറ്റു ലോകരാജ്യങ്ങളുമായി ചേർന്ന് ഖത്തർ തുടരും. ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനത്തിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. താമസിയാതെ ഫലപ്രാപ്തിയിലെത്തുമെന്ന ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു.സമാധാനപരമായ പരിഹാരത്തിലെത്താനുള്ള ഏക വഴി ആശയവിനിമയ മാർഗങ്ങൾ തുറന്നിടുക എന്നതാണെന്നും തുർക്കിയയുമായും പ്രാദേശിക പങ്കാളികളുമായും ഖത്തർ ഇക്കാര്യത്തിൽ ഏകോപനം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകരാജ്യങ്ങളുടെ ഏകപക്ഷീയമായി മാറുന്ന നിലപാടിനെയും അദ്ദേഹം വിമർശിച്ചു. യുദ്ധത്തിന്റെ പേരിൽ നഷ്ടമാവുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്. എന്നാൽ, ഒരു വശത്തെ ജീവഹാനിയെ കുറിച്ചു മാത്രമല്ല, എല്ലാ നഷ്ടങ്ങളും അപലപിക്കപ്പെടേണ്ടതാണ് -അദ്ദേഹം വിശദീകരിച്ചു. അതേസമയം, യുദ്ധം അവസാനിപ്പിക്കാനും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനും ബന്ദിമോചനത്തിനുമായി ഖത്തർ ശ്രമിക്കുമ്പോൾ ഇസ്രായേലിന്റെ പക്ഷത്തുനിന്ന് രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ നടത്തുന്ന ചില പ്രസ്താവനകൾ നിരാശപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഗസ്സയിലെ നിരപരാധികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന കൂട്ട ശിക്ഷാവിധി അപലപനീയമാണെന്നും 23 ലക്ഷം ഫലസ്തീനികൾക്ക് മരുന്നും ഭക്ഷണവും ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്ന നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സിവിലിയൻസിനെയും ആശുപത്രികളെയും ആരാധനാലയങ്ങളെയും ലക്ഷ്യംവെച്ച് ഇസ്രായേൽ തുടരുന്ന വ്യോമാക്രമണങ്ങളെ തുർക്കിയ വിദേശകാര്യ മന്ത്രിയും അപലപിച്ചു.
18 ദിവസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി തുർക്കിയയും ഖത്തറും ഉൾപ്പെടെ ലോകരാജ്യങ്ങൾ സജീവമായ ശ്രമം തുടരുകയാണ്. ഹമാസ് തടവിലാക്കിയ ബന്ദികളിൽ നാലു പേരെ ഇതിനകം മോചിപ്പിച്ചിരുന്നു. ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായത്. അതിനിടെ, അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതക്കും ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ട നരഹത്യക്കുമെതിരെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ചൊവ്വാഴ്ച തുറന്നടിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

