2022ൽ സർവ മേഖലയിലും പുരോഗതി കാട്ടി ഖത്തർ സാമ്പത്തികരംഗം
text_fieldsദോഹ: ലോകകപ്പ് ആതിഥ്യം വൻ വിജയമായതോടെ 2022ൽ സാമ്പത്തികരംഗത്ത് ഖത്തർ എല്ലാ മേഖലകളിലും മികവു കാട്ടിയതായി അന്താരാഷ്ട്ര കൺസൽട്ടിങ് സ്ഥാപനമായ വാലുസ്ട്രാറ്റ്. ഫിഫ ലോകകപ്പ് ആതിഥ്യത്തിനു പുറമെ, ഖത്തറിന്റെ എൽ.എൻ.ജിയുടെ വർധിച്ചുവരുന്ന ഡിമാൻഡും സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിച്ചതായി വാലുസ്ട്രാറ്റ് ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തിൽ മാന്ദ്യം ഉണ്ടായിരുന്നിട്ടും ഖത്തറിന്റെ റിയൽ എസ്റ്റേറ്റ് വിപണി 2022ൽ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾപ്രകാരം, 2022ലെ ആദ്യ ഒമ്പതു മാസങ്ങളിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) പ്രതിവർഷം 3.7 ശതമാനം വർധിച്ചു. 2022 നവംബർ വരെ ‘ഭവനം, വെള്ളം, വൈദ്യുതി, മറ്റ് ഇന്ധനം’ എന്നിവ ഒഴികെയുള്ള ഉപഭോക്തൃവില സൂചിക 3.7 ശതമാനം വർധിച്ചു.
റസിഡൻഷ്യൽ മാർക്കറ്റിൽ വിതരണത്തിൽ ഗണ്യമായ കുതിച്ചുചാട്ടമുണ്ടായി. അൽ വുകൈർ, ലുസൈൽ, ദി പേൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന 13,000 യൂനിറ്റുകൾ കൂടി ചേർത്തതോടെയാണിത്. 6780 അപ്പാർട്മെന്റുകളും 20,000 ചതുരശ്ര മീറ്റർ റീട്ടെയിൽ സ്ഥലവും ഉൾക്കൊള്ളുന്ന ബർവ റിയൽ എസ്റ്റേറ്റ് വികസിപ്പിക്കാൻ അൽ വുകെയറിലെ മദീനത്ന എന്ന മാസ്റ്റർ പ്ലാനാണ് സമാരംഭിച്ച ഏറ്റവും വലിയ പദ്ധതി. പാർപ്പിട വാടക പ്രതിവർഷം 15 ശതമാനം വർധിച്ചു. വീട്ടുവാടക വർധിച്ചപ്പോൾ, പാർപ്പിട വിൽപന സ്ഥിരത കൈവരിച്ചു. റീട്ടെയിൽ വിപണിയിൽ വിതരണത്തിന്റെ കാര്യത്തിൽ കാര്യമായ വളർച്ചയുണ്ടായി.
ലോകകപ്പ് 2022ന്റെ ആതിഥ്യം കാരണം, എല്ലാ മേഖലകളിലും വിലയിലും വാടകയിലും വർധനയുണ്ടായി. 82,000 ചതുരശ്ര മീറ്റർ ലുസൈൽ കമേഴ്സ്യൽ ബൊളിവാർഡ് ഉൾപ്പെടെ, 2022ൽ ഏകദേശം 2,40,000 ചതുരശ്ര മീറ്റർ ഓഫിസ് സ്ഥലം പുതുതായി ചേർക്കപ്പെട്ടു. പുതിയ വിതരണത്തിന്റെ കടന്നുകയറ്റം ഉണ്ടായിട്ടും വർഷം മുഴുവൻ വാടകനിരക്ക് സ്ഥിരമായി തുടർന്നു.
46 ഹോട്ടലുകൾ കഴിഞ്ഞ വർഷം തുറന്നതായി വാലുസ്ട്രാറ്റ് ചൂണ്ടിക്കാട്ടുന്നു. ഇവയിൽ 62 ശതമാനം പഞ്ചനക്ഷത്ര വിഭാഗത്തിൽപെട്ടവരാണ്. മൊത്തം ഹോട്ടൽ മുറികളുടെ 40 ശതമാനവും ലുസൈലിലും വെസ്റ്റ് ബേയിലുമാണ്. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കനുസരിച്ച് 2022 നവംബർ അവസാനത്തോടെ സന്ദർശകരുടെ എണ്ണം 19 ലക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

