കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ ജയിൽശിക്ഷ
text_fieldsമിസൈമീർ പൊലീസ് സെക്ഷൻ മേധാവി ലെഫ്റ്റനൻറ്
കേണൽ ഖലീഫ സൽമാൻ അൽ മമാരി വെബിനാറിൽ
സംസാരിക്കുന്നു
ദോഹ: കോവിഡ് ഇളവുകൾ പ്രാബല്യത്തിലാവുേമ്പാൾ മാസ്ക് ഇടാതെയും സാമൂഹിക അകലം പാലിക്കാതെയും നടക്കുന്നവർ ശ്രദ്ധിക്കുക. നടപടി ശക്തമാക്കിയാൽ ജയിൽശിക്ഷവരെ അനുഭവിക്കേണ്ടിവരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. കോവിഡ് സുരക്ഷാനടപടികൾ ലംഘിക്കുന്നത് മൂന്ന് വർഷം വരെ തടവോ രണ്ട് ലക്ഷം റിയാൽ പിഴയോ ചുമത്താവുന്ന ഗുരുതരമായ കുറ്റമാണെന്ന് മിസൈമീർ പൊലീസ് സെക്ഷൻ മേധാവി ലെഫ്റ്റനൻറ് കേണൽ ഖലീഫ സൽമാൻ അൽ മമാരി വ്യക്തമാക്കി. 1990ലെ പകർച്ചവ്യാധി തടയൽ നിയമത്തിൻെറ അടിസ്ഥാനത്തിൽ നിയമലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻെറ മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പബ്ലിക് റിലേഷൻ വകുപ്പ് 'പ്രവാസി സമൂഹത്തിനിടയിലെ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും' എന്ന വിഷയത്തിൽ നടത്തിയ വെബിനാറിലായിരുന്നു ലഫ്. കേണൽ ഖലീഫ സൽമാൻ ഇക്കാര്യം അറിയിച്ചത്.
പൊതുസ്ഥലങ്ങളിൽ മാസ്ക് അണിയുക, പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുക, ഇഹ്തിറാസ് ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക, വാഹനങ്ങളിൽ അനുവദിക്കപ്പെട്ട ആളുകൾ മാത്രം സഞ്ചരിക്കുക തുടങ്ങിയ മുൻകരുതലുകൾ ദുരന്തനിവാരണ വിഭാഗം സുപ്രീം കമ്മിറ്റിയിൽനിന്നുള്ള നിർദേശപ്രകാരമാണ് നടപ്പാക്കുന്നത്. അത് രാജ്യത്തെ എല്ലാവിഭാഗം ആളുകളും പാലിക്കൽ നിർബന്ധമാണ്. ഈ വിഷങ്ങളിൽ നിരുത്തരവാദപരമായി പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും -ഖലീഫ സൽമാൻ പറഞ്ഞു.
സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് നിയമാനുസൃതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഏതെങ്കിലും കമ്പനികൾ തൊഴിലാളികൾക്ക് വേതനം നൽകുന്നതിൽ വീഴ്ചവരുത്തിയാൽ അതിൻെറ പേരിൽ പ്രതിഷേധവും സമരവും അനുവദിക്കില്ല. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കാം. അല്ലാതെ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കരുത് -ഖലീഫ സൽമാന പറഞ്ഞു.
മദ്യപിച്ചനിലയിൽ റോഡുകളിൽ കണ്ടെത്തുന്നവർക്കും മോശമായി പെരുമാറുന്നവർക്കുമെതിരെ ആറു മാസം തടവും 3000 റിയാൽ പിഴയും ചുമത്തും. കളഞ്ഞുകിട്ടുന്ന വസ്തുക്കൾ ഉടമക്ക് കൈമാറുകയോ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും വേണം. അല്ലാത്തപക്ഷം ആറു മാസം തടവും 3000 റിയാൽ പിഴയും ഈടാക്കും. ശരീരികാതിക്രമങ്ങളെല്ലാം കുറ്റകൃത്യമായി പരിഗണിക്കും. മർദനമേറ്റ ആൾ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ 15 വർഷം വരെയാണ് തടവുശിക്ഷ. മോഷണക്കുറ്റങ്ങൾക്ക് രണ്ട് മുതൽ ആജീവനാന്ത തടവുവരെ ചുമത്തും. ചെക്ക് നൽകി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾക്കെതിരെയും കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.