പ്രകൃതിവാതക കയറ്റുമതി: ചൈനയിൽനിന്ന് ആറ് കപ്പലുകൾ കൂടിയെത്തും
text_fieldsഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷെരീദ അല്‍ കഅബിയും
ചൈനീസ് കമ്പനി പ്രതിനിധികളും കരാറിൽ ഒപ്പുവെക്കുന്നു.
ദോഹ: ചൈനയില്‍നിന്നും കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതക വാഹക കപ്പലുകള്‍ വാങ്ങാന്‍ കരാറൊപ്പുവെച്ച് ഖത്തര്‍ എനര്‍ജി. നോര്‍ത്ത് ഫീല്‍ഡ് വികസനപദ്ധതികളുടെ ഭാഗമായാണ് ആറ് കൂറ്റൻ എൽ.എൻ.ജി കപ്പലുകൾ ഖത്തർ ചൈനയിൽനിന്നും വാങ്ങാൻ ഒരുങ്ങുന്നത്.
2.71 ലക്ഷം ക്യുബിക് മീറ്റര്‍ വീതം ശേഷിയുള്ളതാണ് ഈ കപ്പലുകള്‍. ഏതാണ്ട് 200 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തേ 18 കപ്പലുകള്‍ നിര്‍മിക്കാന്‍ ഖത്തറും ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പറേഷനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. പുതിയ കരാറിലുള്ള ആറെണ്ണം ഉൾപ്പെടെ 24 കപ്പലുകളാണ് ഖത്തര്‍ ചൈനയില്‍നിന്നും വാങ്ങുന്നത്.
2028നും 2031നും ഇടയിലാണ് പുതിയ കപ്പലുകള്‍ ചൈന ഖത്തര്‍ എനര്‍ജിക്ക് കൈമാറുക. ഇതോടെ, എൽ.എൻ.ജി ചരക്കു നീക്കത്തിനുള്ള കപ്പലുകളുടെ എണ്ണം 128 ആയി ഉയരും. 2030 ഓടെ ഖത്തറിന്റെ പ്രകൃതി വാതക ഉല്പാദനം ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ചൈനയിലെ ഷാങ്ഹായ് യില്‍ നടന്ന പരിപാടിയില്‍ ഖത്തര്‍ ഊര്‍ജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അല്‍ കഅബിയും ചൈനീസ് കമ്പനിയായ ഹുഡോങ് ഴോങ്ഹുവ ഷിപ് ബിൽഡിങ് ഗ്രൂപ് ചെയർമാൻ ചെൻ ജിയാൻ ലിയാങ്, ചൈന ഷിപ് ബിൽഡിങ് ട്രേഡിങ് കമ്പനി ലിമിറ്റഡ് പ്രസിഡന്റ് ഹു കായ് എന്നിവർ കരാറിൽ ഒപ്പുവെച്ചു. ഖത്തർ എനർജി എൽ.എൻ.ജി സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽഥാനി ഉൾപ്പെടെ ഉന്നതർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

