ഐ.എം.എഫ്- ഐ.എം.എ റഫീഖ് അനുസ്മരണ പ്രസംഗമത്സരം; തൂത്തുവാരി എം.ഇ.എസ് സ്കൂൾ
text_fieldsഐ.എം.എഫ് സംഘടിപ്പിച്ച ഐ.എം.എ റഫീഖ് സ്മാരക പ്രസംഗ മത്സരത്തിലെ വിജയികൾ മുഖ്യാതിഥി ഇന്ത്യൻ എംബസി
സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർക്കും സംഘാടകർക്കുമൊപ്പം
ദോഹ: അറിവും വാക്ചാതുര്യവും അവതരണ ഭംഗിയും കൊണ്ട് ഖത്തറിലെ പ്രവാസി മലയാളി വിദ്യാർഥികൾ മാറ്റുരച്ച ദിനം. മാതൃഭാഷയിലൂടെ കരുത്തുറ്റ ആശയങ്ങൾക്ക് രൂപം നൽകി അവർ വേദിയിൽ ശബ്ദങ്ങളായി മാറിയപ്പോൾ ഖത്തറിലെ വിദ്യാർഥി പോരാട്ടത്തിന് പുതുചരിത്രം കുറിച്ച് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച പ്രഥമ ഐ.എം.എ റഫീഖ് സ്മാരക പ്രസംഗ മത്സരം. ഐ.സി.സി അശോക ഹാളിലെ സദസ്സിനെ സാക്ഷിയാക്കി വിഷയ വൈവിധ്യങ്ങളുമായി പ്രതിഭകൾ മാറ്റുരച്ചപ്പോൾ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഏറെയും തൂത്തുവാരിയത് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂ ഹമൂർ ബ്രാഞ്ചിലെ മുഹമ്മദ് റിസാൻ ഒന്നാമതായി. ലക്ഷ്മി സുരേഷ് കുമാർ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), അയാന മുഹമ്മദ് ഹാഷിഖ് (ഒലീവ് ഇൻറർനാഷനൽ സ്കൂൾ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ.
ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടിയ ആയിഷ ഫാത്തിമ
ബഷീറിന് ഒരുവർഷത്തേക്കുള്ള ‘ഗൾഫ് മാധ്യമം’ സൗജന്യ
സബ്സ്ക്രിപ്ഷൻ ഡി.ജി.എം ഹാരിസ് വള്ളിൽ സമ്മാനിക്കുന്നു
ശക്തമായ മത്സരം നടന്ന ഹൈസ്കൂൾ വിഭാഗത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ആയിഷ ഫാത്തിമ ബഷീർ ഒന്നാം സ്ഥാനത്തിന് അർഹയായി. അഫിന ഫൈസൽ (എം.ഇ.എസ്), മുഹമ്മദ് നസാൻ അൻവർ (എം.ഇ.എസ്) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.
ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി) അശോക ഹാളിൽ ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതലായിരുന്നു ഫൈനൽ മത്സരങ്ങൾ. നൂറിലേറെ പേർ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നായിരുന്നു ഫൈനൽ റൗണ്ടിലേക്ക് 17 പേർ യോഗ്യത നേടിയത്. ഹൈസ്കൂൾ വിഭാഗം ഫൈനലിൽ പത്തും ഹയർസെക്കൻഡറിയിൽ ഏഴും പേർ മത്സരിച്ചു. നേരത്തെ നൽകിയ വിഷയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിഷയം ആസ്പദമാക്കിയായിരുന്നു ഓരോരുത്തരും വേദിയിലെത്തിയത്. റേഡിയോ മലയാളം 98.6 എഫ്.എം സി.ഇ.ഒ അൻവർ ഹുസൈൻ, എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീനാഥ് ശങ്കരൻകുട്ടി, ഡോ. പ്രതിഭ രതീഷ് എന്നിവർ വിധികർത്താക്കളായി. ശാരീരിക വൈകല്യങ്ങളെ നിശ്ചയദാർഢ്യംകൊണ്ട് തോൽപിച്ച കൊച്ചുമിടുക്കി നതാനിയ ലല വിപിൻ വേദിയിൽ സംസാരിച്ചു.
ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം നേടിയ മുഹമ്മദ്
റിസാന് ഒരുവർഷത്തേക്കുള്ള ‘ഗൾഫ് മാധ്യമം’ സൗജന്യ
സബ്സ്ക്രിപ്ഷൻ ഡി.ജി.എം ഹാരിസ് വള്ളിൽ സമ്മാനിക്കുന്നു
മാതൃഭാഷയായ മലയാളത്തിൽ വിഷയങ്ങളെ അപഗ്രഥിക്കാനും അവതരിപ്പിക്കാനുമുള്ള പ്രവാസി മലയാളി വിദ്യാർഥികളുടെ മികവിനെ വിധികർത്താക്കൾ പ്രശംസിച്ചു. വൈകീട്ട് നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഐ.എം.എഫ് പ്രസിഡൻറ് ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ സ്വാഗതം പറഞ്ഞു. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം സുധീർ, ഐ.എം.എഫ് സെക്രട്ടറി അൻവർ പാലേരി എന്നിവർ പങ്കെടുത്തു. ബിന്ദു എൻ. നായർക്കുള്ള ഉപഹാരം ഭാരവാഹികൾ കൈമാറി. വിധികർത്താക്കൾക്കുള്ള ഉപഹാരങ്ങൾ വൈസ് പ്രസിഡൻറ് സാദിഖ് ചെന്നാടൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. ഹുബൈബ്, ഫൈസൽ ഹംസ എന്നിവർ നൽകി.
ഒന്നും രണ്ടും സ്ഥാനക്കാർക്ക് വായനാ ഉപഹാരമായി ‘ഗൾഫ് മാധ്യമം’ വാർഷിക സ്കീം ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ സമ്മാനിച്ചു. സാദിഖ് ചെന്നാടൻ നന്ദി പറഞ്ഞു. ആർ.ജെ നിസ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

