ദോഹ: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഖത്തർ മാതൃകാരാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രാജ്യാന്തര തൊഴില്‍സംഘടനയുടെ (ഇൻറര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന്) ദോഹ പ്രൊജക്റ്റ് ഓഫീസ് തലവന്‍ ഹൗട്ടന് ഹുമയൂൺപോര് വ്യക്തമാക്കി. ഖത്തറുമായി ഐഎല്‍ഒ വളരെ അടുത്തുസഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹൗട്ടന് പറഞ്ഞു.
തൊഴിലാളികളുടെ തൊഴില്‍, ജീവിതാന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഖത്തര്‍ കഴിഞ്ഞ ഒരുവര്‍ഷം നടത്തിയത് വലിയ ശ്രമങ്ങളാണ്. സ്ഥിരം മിനിമം വേതന സംവിധാനം നടപ്പാക്കുന്നതിനായി ഭരണനിര്‍വഹണ, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഓഹരിപങ്കാളികളുമായും മറ്റുള്ളവരുമായും അടുത്തുപ്രവര്ത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന തര്‍ക്കപരിഹാര കമ്മിറ്റി കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ പ്രവര്‍ത്തന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഖത്തരി സര്‍ക്കാര്‍ വലിയ പുരോഗതിയാണ് കൈവരിച്ചത്. മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായി ഖത്തര്‍ മാറുകയാണ്.