നിയമവിരുദ്ധ പുകയില വിൽപന; ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsദോഹ: നികുതി നിയമം ലംഘിച്ച് നിയമവിരുദ്ധമായ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി. നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് വിവിധ കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.
പരിശോധനയിൽ, അംഗീകൃത ടാക്സ് സ്റ്റാമ്പുകൾ ഇല്ലാത്തതും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ അയ്യായിരത്തിലധികം പുകയില ഉൽപന്ന പാക്കറ്റുകൾ അതോറിറ്റിയുടെ ഇൻസ്പെക്ഷൻ ടീം പിടിച്ചെടുത്തു. നിയമം ലംഘിച്ച സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ ചട്ടങ്ങൾ പാലിച്ച് പുകയില ഉൽപന്നങ്ങളുടെ നിയമവിരുദ്ധ വ്യാപാരം തടയുന്നതിനും, ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ വിൽപന തടയുന്നതിനുമാണ് പരിശോധന നടത്തിയത്.
പുകയില ഉൽപന്നങ്ങൾക്കും അനുബന്ധ ഉൽപന്നങ്ങൾക്കും നികുതി ഏർപ്പെടുത്തുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കാനും അതുവഴി ദേശീയ ആരോഗ്യ നയത്തെ പിന്തുണക്കാനും ലക്ഷ്യമിടുന്നു. എക്സൈസ് നികുതി ബാധകമായ ഉൽപന്നങ്ങളിൽ പതിപ്പിക്കുന്ന ഡിജിറ്റൽ കോഡ് ആണ് ടാക്സ് സ്റ്റാമ്പ്. ഖത്തറിൽ 2022-ൽ ആരംഭിച്ച് 2023 തുടക്കത്തിൽ മൂന്നാം ഘട്ടം പൂർത്തിയായ ടാക്സ് സ്റ്റാമ്പ് സംവിധാനം അനുസരിച്ച്, വിപണിയിലുള്ള എല്ലാ പുകയില ഉൽപന്നങ്ങളിലും ഈ സ്റ്റാമ്പ് നിർബന്ധമാണ്
നിയമവിരുദ്ധ പുകയില വിൽപന തടയുന്നതിനായി പരിശോധനകൾ തുടരുമെന്നും എല്ലാ സ്ഥാപനങ്ങളും നികുതി നിയമങ്ങൾ പാലിക്കണമെന്നും ടാക്സ് അതോറിറ്റി ആവർത്തിച്ചു. പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർ ‘ധരീബ’ പ്ലാറ്റ്ഫോമിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും, ടാക്സ് സ്റ്റാമ്പുകൾ ഇല്ലാത്ത ഉൽപന്നങ്ങൾ രാജ്യത്ത് വിതരണം ചെയ്യുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

