മദ്രാസ് ഐ.ഐ.ടി സ്കൂൾ കണക്ട് പ്രോഗ്രാം; പൊഡാർ പേൾ സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കും
text_fieldsപൊഡാർ പേൾ സ്കൂൾ
ദോഹ: ഇന്ത്യയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനമായ ഐ.ഐ.ടി മദ്രാസിന്റെ കരിയർ എക്സ്പീരിയൻസ് പ്രോഗ്രാമായ ഐ.ഐ.ടി സ്കൂൾ കണക്ടിന്റെ ഭാഗമായി ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ പൊഡാർ പേൾ സ്കൂൾ. സ്കൂളിലെ 11, 12 ക്ലാസ് വിദ്യാർഥികൾക്ക് തങ്ങളുടെ ഭാവിപഠനത്തിന് വഴികാട്ടിയാവും വിധം ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകൾ നൽകുന്നത് സംബന്ധിച്ച് പൊഡാർ സ്കൂളും ഐ.ഐ.ടി മദ്രാസും ധാരണയിലെത്തി.
ഐ.ഐ.ടിയുടെ സ്കൂൾ കണക്ട് പ്രോഗ്രാം വഴിയാണ് ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് നൽകുന്നത്. പൊഡാർ സ്കൂളിൽനിന്നുള്ള 44 വിദ്യാർഥികളടങ്ങിയ ആദ്യ സംഘത്തിന്റെ പരിശീലന ക്ലാസുകൾ ഈ മാസം ആരംഭിക്കും. ഡേറ്റ സയൻസ് ആൻഡ് എ.ഐ ആമുഖം, ഇലക്ട്രോണിക് സിസ്റ്റംസ് ഇൻട്രൊഡക്ഷൻ, ആർകിടെക്ചർ ആൻഡ് ഡിസൈൻ ഇൻട്രൊഡക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ അധിഷ്ഠിതമായാണ് കോഴ്സ്.
എൻജിനീയറിങ്, ടെക്നോളജി, ഗവേഷണ മേഖലയിൽ ഇന്ത്യയിലെ തന്നെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നാണ് ഐ.ഐ.ടി മദ്രാസ്.
ഉന്നത പഠനത്തിനൊരുങ്ങുന്ന സ്കൂൾ വിദ്യാർഥികൾക്കായുള്ള കണക്ട് പ്രോഗ്രാം നൂതന സാങ്കേതിക പഠനത്തിലേക്ക് പുതുതലമുറയെ നയിക്കാൻ പ്രാപ്തമായാണ് അവതരിപ്പിക്കുന്നത്. വിദഗ്ധരായ അധ്യാപകരും പരിശീലകരും ഉൾപ്പെടെ സംഘത്തിന്റെ മേൽനോട്ടം മികച്ച അവസരമാണ് വിദ്യാർഥികൾക്ക് ഒരുക്കുന്നത്.
കരിയർ തെരഞ്ഞെടുക്കൽ, ഉന്നത കലാലയങ്ങളിലേക്കുള്ള പ്രവേശനം, സാങ്കേതികാധിഷ്ഠിത മേഖലകളിലെ ജോലി തുടങ്ങിയ സാധ്യതകളിലേക്കും വിദ്യാർഥികൾക്ക് വഴികാട്ടിയാവുന്നതാണ് കണക്ട് പ്രോഗ്രാം. വിദ്യാർഥികൾക്ക് മികച്ച പഠനാനുഭവം ഉറപ്പുനൽകുന്നതിനായി ഐ.ഐ.ടി മദ്രാസ് കണക്ടുമായി സഹകരിക്കുന്നത് സന്തോഷകരമാണെന്ന് പൊഡാർ സ്കൂൾ പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൽ പറഞ്ഞു.
സാങ്കേതിക വിദ്യാധിഷ്ഠിത ലോകത്തിലേക്ക് വിദ്യാർഥികളെ സജ്ജമാക്കുക എന്ന കാഴ്ചപ്പാടിന്റെ ഭാഗം കൂടിയാണ് പ്രോഗ്രാം എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

