ആഡംബര നൗകയിൽ രാപാർക്കാൻ പോയാലോ...
text_fieldsആഡംബര നൗകയായ ലെ ചാമ്പ്ലെയിൻ
ദോഹ: ഖത്തറിെൻറ തീരക്കടലിലൂടെ പഞ്ചനക്ഷത്ര ആഡംബര നൗകയിൽ രാപാർക്കാൻ ആഗ്രഹിക്കുന്നവർക്ക് പുത്തൻ പാക്കേജുമായി ഖത്തർ എയർവേസ് ഹോളിഡേയ്സും ഡിസ്കവർ ഖത്തറും. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ തിരഞ്ഞെടുക്കാനാകുന്ന പാക്കേജുകളാണ് ക്യു.എ ഹോളിഡേയ്സും ഡിസ്കവർ ഖത്തറും അവതരിപ്പിക്കുന്നത്. ആഡംബര നൗകകൾ അവതരിപ്പിക്കുന്നതിൽ ലോകത്തിലെ വമ്പന്മാരായ പോനാൻറിനെ കൂട്ടുപിടിച്ചാണ് മൂന്നു രാത്രികൾ നീളുന്ന പഞ്ചനക്ഷത്ര പാക്കേജ് അവതരിപ്പിക്കുന്നത്. അവിസ്മരണീയ താമസ സൗകര്യങ്ങളും ഭക്ഷണവും തീരക്കടലിലൂടെയുള്ള കറക്കവും പാക്കേജിലുൾപ്പെടും.
പോനാൻറിെൻറ ഏറ്റവും പുതിയ ആഡംബര നൗകയായ ലെ ചാമ്പ്ലെയിനാണ് പാക്കേജിന് തിരഞ്ഞടുത്തിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും മറ്റു നൗകകളെ കവച്ചുവെക്കുന്ന ലെ ചാമ്പ്ലെയിനിൽ 92 ലക്ഷ്വറി മുറികളാണുള്ളത്. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്വകാര്യ ബാൽക്കണികളുമുണ്ട്. തിരഞ്ഞെടുത്ത കാബിനുകൾക്കായി 24 മണിക്കൂറും ബട്ട്ലർ സേവനവും ലഭ്യമാണ്. രണ്ടു പഞ്ചനക്ഷത്ര റസ്റ്റാറൻറുകളാണ് കപ്പലിലുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച പാചക വിദഗ്ധരിലൊരാളായ അലൈൻ ഡുക്കാസിെൻറ ഭക്ഷണ മെനുവാണ് റസ്റ്റാറൻറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിലെ ജനങ്ങൾക്കായി തങ്ങളുടെ പ്രഥമ ലക്ഷ്വറി ക്രൂസ് പാക്കേജ് അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. കോവിഡ് കാരണം അന്താരാഷ്ട്ര യാത്രകൾക്ക് പരിമിതികളുള്ളതിനാൽ സ്വദേശത്ത് തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ അവധി ആഘോഷിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു.
അൽ അശാത് ദ്വീപിലെ പവിഴപ്പുറ്റുകൾക്കിടയിലൂടെയുള്ള സ്നോർക്കലിങ്, ഖോർ അൽ ഉദൈദ് പര്യവേക്ഷണം എന്നിവ പാക്കേജിലുൾപ്പെടും. ഡോൾഫിൻ, ചുറ്റികത്തലയൻ സ്രാവ്, രാജഹംസ പക്ഷികൾ, ഡുഗോംഗ്സ് എന്നിവയെയും ഖത്തറിെൻറ വടക്കു കിഴക്കൻ തീരക്കടലിലെത്തുന്ന തിമിംഗല സ്രാവുകളെയും അടുത്തുനിന്ന് കാണാനുള്ള അവസരവും പാക്കേജ് തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കും. മാർച്ച് അവസാന വാരം ആരംഭിക്കുന്ന പാക്കേജിൽ ഒരാൾക്ക് 4990 റിയാലാണ് ചെലവ് വരുക. ആറു യാത്രകളായിരിക്കും ആഡംബര കപ്പൽ നടത്തുക. ഓഫർ ഫെബ്രുവരി 28ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

