പ്രവാസി വോട്ടവകാശം ലഭിച്ചാൽ നമുക്ക് പറയാനുള്ളത് സർക്കാറുകൾ കേൾക്കും -സൈനുൽ ആബിദീൻ
text_fieldsസൈനുൽ ആബിദീൻ
"എല്ലാവരെയും സ്നേഹിച്ചും സഹകരിച്ചും സമൂഹത്തെ സേവിച്ചും മുന്നോട്ടുപോവണമെന്നാണ് ആഗ്രഹം'
ഖത്തറിൽ സാമൂഹിക-സാംസ്കാരിക മേഖലകളിലെ സാന്നിധ്യവും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ സൈനുൽ ആബിദീൻ, വിമാനയാത്ര, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങളിൽ നിരന്തരമായി ഇടപെടുകയും പ്രശ്നപരിഹാരങ്ങൾക്കായി മുന്നിട്ടിറങ്ങി പ്രവാസികൾക്കിടയിൽ സജീവമായുണ്ട്. കഴിഞ്ഞ ദിവസം സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയർമാനായി ചുമതലയേറ്റ അദ്ദേഹം ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽനിന്ന്...
സഫാരി ഗ്രൂപ്പിനെ നയിച്ചുകൊണ്ട് താങ്കൾ ഏറെക്കാലമായി ഖത്തറിലുണ്ട്. പ്രവാസികൾക്കിടയിൽ സാമൂഹിക -സേവന മേഖലകളിൽ സജീവമായി ഇടപെടുന്നു. പ്രവാസക്കാലത്തെ ജീവിതാനുഭവങ്ങൾ പങ്കുവെക്കാമോ ?
● ഖത്തറിന്റെ വികസന മുന്നേറ്റം അത്ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ 47 വർഷമായി ഞാൻ ഇവിടെയുണ്ട്. അന്ന് ഖത്തർ ഇത്രത്തോളം വളർന്നിട്ടില്ല. വലിയ മാറ്റങ്ങളാണുണ്ടായത്. അന്ന് പ്രവാസികളും വളരെ കുറവായിരുന്നു. ഒരുകൂട്ടം സേവന സന്നദ്ധരായ ആളുകൾ കെ.എം.സി.സി അടക്കമുള്ള പ്രവർത്തനങ്ങൾക്ക് അന്നേ തുടക്കമിട്ടിരുന്നു. ‘പൂർവികർ കൊണ്ട വെയിലിന്റെ തണലാണ് നമ്മൾ കൊള്ളുന്നത്’ എന്ന് പറയും പോലെ സേവനസന്നദ്ധരായ കെ.എം.സി.സി പ്രവർത്തകൻ ഉണ്ടാക്കിവെച്ച ഫൗണ്ടേഷനാണ് ഈ രീതിയിലേക്ക് വളർന്നത്.
വലിയ സൗകര്യങ്ങളില്ലാത്ത കാലത്താണ് ഈ പ്രവർത്തനങ്ങളുടെ തുടക്കം. അവരെല്ലാം ജോലിക്കായി ഇവിടെ എത്തിയവരായിരുന്നു. ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിൽ സേവനപ്രവർത്തനങ്ങളും ഫണ്ട് കലക്ഷനുമൊക്കെ നടത്തിയാണ് നാട്ടിൽ ഒരുപാട് സ്ഥാപനങ്ങൾക്ക് തുടക്കംകുറിച്ചത്. കേരളത്തിൽ കാസർകോട് മുതൽ പാറശ്ശാല വരെയുള്ള ഒരുപാട് സ്ഥാപനങ്ങൾ പ്രവാസികളുടെ വിയർപ്പിൽനിന്ന് ഉണ്ടായതാണ്. 1994ൽ തുടങ്ങിയ കല്ലിക്കണ്ടി ആർട്സ് ആൻഡ് സയൻസ് കോളജ് ഉൾപ്പെടെ ഒരുപാട് ഉദ്യമങ്ങളിൽ എനിക്കും ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.
ഖത്തറിന്റെ വളർച്ചയോയൊപ്പം സഫാരി ഗ്രൂപ്പിന്റെ വളർച്ചയും?
● ഖത്തർ ഇന്നത്തെ രീതിയിൽ വികസിക്കുന്നത് 2000ത്തിനു ശേഷമാണ്. ഫുട്ബാൾ ലോകകപ്പിന്റെ ഭാഗമായാണ് ഖത്തറിലെ റോഡ്, ഹോട്ടലുകൾ, കെട്ടിടങ്ങൾ, അനുബന്ധ മേഖലകൾ വികസിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി തൊഴിലാളികൾ, ഉദ്യോഗസ്ഥർ ഖത്തറിലെത്തി. മുമ്പ് കുറഞ്ഞ ജനസംഖ്യയായിരുന്നു ഖത്തറിലുണ്ടായിരുന്നത്. ഇതിന്റെ തുടർച്ചയായി ബിസിനസ് രംഗത്തും കതിപ്പുണ്ടായി.
ഈ സമയത്തുതന്നെയാണ് സഫാരി ഗ്രൂപ് തുടക്കം കുറിക്കുന്നത്. ഖത്തറിന്റെ വളർച്ചയോടൊപ്പം സഫാരി ഗ്രൂപ്പിന്റെ വളർച്ചയും രേഖപ്പെടുത്തപ്പെട്ടു. സാധാരണക്കാരന് ഏറ്റവും കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചാണ് സഫാരി ഗ്രൂപ് ഖത്തറിലെ പ്രവാസികളുടെ മനസ്സ് കീഴടക്കിയത്. ഇന്നത്തെ ചുറ്റുപാടിൽ ഐ.ടി മേഖലയിലെ വികസനവും എ.ഐയുടെ വരവും ലോകത്തെ ഒരുപാട് മാറ്റിയിട്ടുണ്ട്. അത്തരം മാറ്റങ്ങൾ സഫാരിയുടെ വളർച്ചക്കും കാരണമായിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ ഉത്തരവാദിത്തങ്ങളിലേക്കുകൂടി ചുമതലയേൽപിക്കപ്പെട്ടിരിക്കുകയാണ്. ഭാവി പ്രവർത്തനങ്ങൾ, താങ്കളുടെ ചുമതലകൾ?
● മുസ്ലിം ലീഗിന്റെ പ്രവർത്തനം ദേശീയതലത്തിൽ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ അടക്കം പാർട്ടി സജീവമാക്കുന്നതിനുള്ള പ്രവർത്തനം നടക്കുന്നു.
പാർട്ടി നേതൃനിരയിലേക്ക് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ട്. കാലങ്ങളായി ഞാൻ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്. ഒപ്പം പ്രവാസികളെ ബാധിക്കുന്ന യാത്രാപ്രശ്നം, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങളിൽ നിയമപോരാട്ടം നടത്താനും ശ്രമിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളെല്ലാം പരിഗണിച്ചാകണം ദേശീയ നേതൃനിരയിലേക്ക് എന്നെ പരിഗണിച്ചത്.
വിമാന യാത്രാപ്രശ്നം, പ്രവാസി വിഷയങ്ങളിൽ തുടർ ഇടപെടലുകൾ, കെ.എം.സി.സി പ്രവർത്തനങ്ങൾ?
● കേരളത്തിനും ഇന്ത്യക്ക് പൊതുവിലും വലിയ റവന്യു ഉണ്ടാക്കിക്കൊടുക്കുന്ന വിഭാഗമാണ് പ്രവാസികൾ. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങളോടും യാത്രാസൗകര്യം, വോട്ടവകാശം തുടങ്ങിയ അവരുടെ ആവശ്യങ്ങളോടും നിർഭാഗ്യവശാൽ സർക്കാറുകളുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാവാറില്ല. ഇവിടെ വലിയ ശമ്പളമൊന്നും ഇല്ലാതെത്തന്നെ അനിവാര്യമായ സാഹചര്യങ്ങളാൽ കുടുംബത്തോടൊപ്പം ജീവിക്കുന്ന ആളുകളുണ്ട്. അവർക്ക് നാട്ടിൽ പോയി വരുക സാമ്പത്തികമായി വലിയ പ്രയാസമാണ്. ആ വേദന നമുക്ക് അറിയാവുന്നതുകൊണ്ട്, അതിനുവേണ്ടി പ്രവർത്തിക്കാനും ജുഡീഷ്യറി വരെ എത്തിക്കാനും സാധിച്ചിട്ടുണ്ട്.
പ്രവാസി വോട്ടവകാശം സ്ഥാപിച്ചെടുത്താൽ നമുക്ക് പറയാനുള്ളത് സർക്കാറുകൾ കേൾക്കും എന്ന കാരണത്താൽ അതിനുവേണ്ടിയും പ്രവർത്തിക്കുന്നുണ്ട്.ഞാൻ 1975ൽ ഇവിടേക്ക് വരുമ്പോൾ അന്നേ ഇവിടെ കെ.എം.സി.സി ഉണ്ട്. കെ.എം.സി.സിക്ക് ഇന്ന് 32 രാഷ്ട്രങ്ങളിൽ പ്രവർത്തനങ്ങളുണ്ട്. വലിയ ധനസഹായം ചെയ്യുന്ന സ്നേഹസുരക്ഷ പദ്ധതി പോലെയുള്ള ഒരുപാട് സ്കീമുകൾ നടപ്പാക്കുന്നു. അതിലൊക്കെ തുടക്കത്തിലേ ഇടപെട്ടുവരുന്ന ഒരാളാണ് ഞാൻ.പൊതു സാമൂഹിക- സാമുദായിക വിഷയങ്ങളിലുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരും.
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ?
● അങ്ങനൊരു ആലോചന ഇപ്പോഴില്ല. എന്നെ സംബന്ധിച്ചിടത്തോളം സമൂഹത്തെയും സമുദായത്തെയും സേവിക്കാൻ ഇപ്പോഴുള്ള പദവികളും സാഹചര്യങ്ങളും കൊണ്ടുതന്നെ സാധിക്കുന്നുണ്ട്. സമൂഹത്തെ ഇതുപോലെ സേവിച്ചും എല്ലാവരെയും സ്നേഹിച്ചും സഹകരിച്ചും മുന്നോട്ടുപോവണമെന്നാണ് ആഗ്രഹം. സീരിയസ് രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ പുരോഗതി, സാമൂഹിക മാറ്റം, സാമുദായിക ഐക്യം എല്ലാം വരണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി ഇടപെടുകയും നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് മാത്രം.
ബിസിനസിനോടൊപ്പം സാമൂഹിക-രാഷ്ട്രീയ മേഖലകളിലും നിറഞ്ഞുനിൽക്കുന്നു. വിവിധ വിഷയങ്ങളിൽ എഴുതാറുമുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ്. എങ്ങനെയാണ് ഒരേസമയം ഒരുപാട് മേഖലകളിൽ ലൈവായി നിൽക്കാൻ സാധിക്കുന്നത്?
● എനിക്ക് തോന്നുന്നത് അത് എല്ലാവർക്കും സാധിക്കുമെന്നാണ്. നമുക്ക് കൃത്യമായ കാഴ്ചപ്പാട് ഉണ്ടാവണം. അലസമായി ജീവിക്കാതെ, മനസ്സിനെ മരിക്കാൻ വിടാതെ ഉന്മേഷത്തോടെയും കൃത്യമായ ഷെഡ്യൂളോടെയും ജീവിച്ചാൽ അതിന് സാധിക്കും.
എന്റെ സ്കൂൾ കൂട്ടുകാരെ ഇന്നും ഓർത്തുവെക്കുന്ന, സൗഹൃദം പുതുക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. നമുക്ക് പല രാജ്യങ്ങളിൽനിന്നായി ഒരുപാട് സ്റ്റാഫ് ഉണ്ട്. അവരുടെയെല്ലാം പേര് ഞാൻ ഓർക്കാറുണ്ട്. നമുക്ക് വേണ്ടത് തല നരച്ച വിജ്ഞാനമല്ല, തല നിറച്ച് ചിന്തകളാണ്.സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളെ ഇഷ്ടപ്പെടുകയും അതിനെ പിന്തുണച്ചും ഒപ്പം നിൽക്കുന്നു. സാമൂഹിക- സാംസ്കാരിക -സേവനമേഖലകളിലെ പ്രവർത്തനങ്ങൾ അതിന്റെ ഭാഗം മാത്രമാണ്.
സഫാരി ഗ്രൂപ് 20 വർഷം പിന്നിടുകയാണ്. തുടർ പരിപാടികൾ?
● ഞങ്ങളുടെ വിശാലമയ ടീം കൂട്ടായ്മയുടെയും അചഞ്ചലമായ പ്രവർത്തനങ്ങളുടെയും ഫലമായാണ് സഫാരി ഗ്രൂപ് വിശാലമായി വളർത്താൻ സാധിച്ചത്. 2005ൽ ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, മാടപ്പാട്ട് അബൂബക്കർ എന്നിവരുമായി ചേർന്നാണ് തുടക്കമിട്ടത്.
സാധാരണക്കാരന് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിച്ചാണ് സഫാരി ഗ്രൂപ് പ്രവാസികളുടെ മനസ്സ് കീഴടക്കിയത്. ഖത്തറിലും യു.എ.ഇയിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളുമായി സഫാരി ഗ്രൂപ് മുന്നോട്ടുപോകും. സാധാരണക്കാര്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുകയാണ് സ്ഥാപിത ലക്ഷ്യം.
പുതിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ ചുമതല. ഖത്തര്‍ കേന്ദ്രീകരിച്ചായിരിക്കും ഇനി കൂടുതല്‍ സമയം പ്രവര്‍ത്തിക്കുക. ഖത്തറിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിന് കൂടുതൽ വികസന പ്രവർത്തനങ്ങൾ പദ്ധതിയിലുണ്ട്. ഞങ്ങളുടെ വളർച്ചയിൽ ഒപ്പംനിന്ന പ്രിയപ്പെട്ട ഉപഭോക്താക്കളെ തുടർന്നും സ്വാഗതം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

