ഐ.സി.സി സ്റ്റാർ സിങ്ങർ, സൂപ്പർ ഡാൻസർ മത്സരങ്ങൾ സംഘടിപ്പിക്കും
text_fieldsഐ.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ഖത്തർ ഇന്ത്യൻ എംബസിയുടെ സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രവാസികൾക്കായി ഐ.സി.സി സ്റ്റാർ സിങ്ങർ, ഐ.സി.സി സൂപ്പർ ഡാൻസർ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ യോഗ്യത റൗണ്ടുകൾ പൂർത്തിയാക്കുന്ന മത്സരങ്ങളുടെ ഫൈനൽ റൗണ്ട് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഭാരത് ഉത്സവവത്തിന്റെ ഒന്നാം ദിനമായ 2026 ജനുവരി 22ന് നടക്കും. ഐ.സി.സി സ്റ്റാർ സിങ്ങർ മത്സരത്തിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസികളായ 14-40 വയസ്സ് വരെയുള്ള ഗായകർക്ക് പങ്കെടുക്കാം. വിജയികൾക്ക് ഒന്നാം സ്ഥാനം -7,500 റിയാൽ, രണ്ടാം സ്ഥാനം -5,000 റിയാൽ, മൂന്നാം സ്ഥാനം -2,500 റിയാൽ കാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും. രജിസ്റ്റർ ചെയ്തവരിൽനിന്ന് ഓഡിയേഷൻ റൗണ്ടിലൂടെ 40 പേരെ തെരഞ്ഞെടുക്കും. പ്രീക്വാർട്ടർ, ക്വാർട്ടറിൽ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് വിജയികളെ കണ്ടെത്തുക. രജിസ്ട്രേഷൻ ഫീസ് 100 റിയാൽ.
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ നൃത്ത മേഖലയിൽ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐ.സി.സി സൂപ്പർ ഡാൻസേഴ്സ് സംഘടിപ്പിക്കുന്നത്. സിനിമാറ്റിക് ഗാനങ്ങളിലായിരിക്കും ഡാൻസ് മത്സരം. വിജയികൾക്ക് ഒന്നാം സ്ഥാനം -10,000 റിയാൽ, രണ്ടാം സ്ഥാനം -5,000 റിയാൽ, മൂന്നാം സ്ഥാനം -2,500 റിയാൽ എന്നിങ്ങനെ കാഷ് പ്രൈസ് നൽകും. കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് സമ്മാനിക്കും. 12 മുതൽ 45 വരെ വയസ്സുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓഡിഷനിലൂടെ 40 ടീമുകളെ തിരഞ്ഞെടുക്കും. തുടർന്ന് പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി വിജയികളെ തെരഞ്ഞെടുക്കും. ഭാരത് ഉത്സവവത്തിന്റെ ഒന്നാം ദിനമായ 2026 ജനുവരി 22 ഫൈനൽ റൗണ്ടിൽ എത്തിയ 10 ടീമുകളിൽനിന്ന് 1, 2, 3 സ്ഥാനം നേടുന്ന ടീമുകളെ തിരഞ്ഞെടുക്കുമെന്നും സംഘാടകർ പറഞ്ഞു. രജിസ്ട്രേഷൻ ഫീസ് 100 റിയാൽ.
ഐ.സി.സിക്ക് കീഴിൽ എല്ലാവർഷവും സംഘടിപ്പിക്കാറുള്ള ഭാരത് ഉത്സവ് 2026 ജനുവരി 22, 23 തീയതികളിൽ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്നും സംഘടകർ പറഞ്ഞു. ജനുവരി 22ന് ഐ.സി.സി സ്റ്റാർ സിങ്ങറിന്റെയും സൂപ്പർ ഡാൻസേഴ്സിന്റെയും ഫൈനൽ മത്സരവും ജനുവരി 23 ഇന്ത്യയിൽനിന്നുള്ള പ്രശസ്ത ഗായകർ അവതരിപ്പിക്കുന്ന സംഗീത ലൈവ് ഷോ, നൃത്ത പ്രകടനം, ഐ.സി.സി സ്റ്റാർ സിങ്ങർ, സൂപ്പർ ഡാൻസേഴ്സ് വിജയികളുടെ പരിപാടികൾ എന്നിവയും നടക്കും. ഐ.സി.സിയിൽ നടന്ന വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറിമാരായ പ്രദീപ് പിള്ള, അഫ്സൽ അബ്ദുൽ മജീദ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിശ്വജിത് ബാനർജി, നന്ദിനി അബ്ബഗൗണി, രാകേഷ് വാഗ്, രവീന്ദ്ര പ്രസാദ്, വെങ്കപ്പ ഭാഗവതുല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

